[] ന്യൂദല്‍ഹി: രാജ്യമെങ്ങുമുള്ള സ്ത്രീകള്‍ നിശബ്ദമായി എറെ സഹിക്കുന്നുവെന്ന് സുപ്രീംകോടതി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം വിശകലനം ചെയ്യവേ പ്രസ്താവിക്കുകയായിരുന്നു കോടതി.
“” കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് സാധാരണമായിരിക്കുകയാണ്. അതില്‍ തന്നെ വളരെ കുറച്ച് കേസുകള്‍ മാത്രമേ വെളിച്ചത്ത് വരുന്നുള്ളു.
പലരും സങ്കടങ്ങള്‍ നിശബ്ദമായി ഒതുക്കുകയാണ്. ചില ഓര്‍മ്മകള്‍ വളരെ ദൗര്‍ഭാഗ്യകരമാണ്. 15 വര്‍ഷം മുന്‍പ് മധ്യപ്രദേശിലെ ഒരു പെണ്‍കുട്ടി തനിക്ക് നേരെ മോശമായി പെരുമാറിയവരോട് പ്രതികരിച്ചെങ്കിലും പിന്നീട് അവള്‍ അവരുടെ ജീപ്പിനടിയില്‍ ചതഞ്ഞരഞ്ഞു “” കോടതി പറഞ്ഞു.
ദിനംപ്രതി ട്രെയിനുകളിലും ബസുകളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇന്ന് അവര്‍ ഏറെ ബോധവതികളായത് കൊണ്ട് തന്നെ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കോടതി പ്രസ്താവിച്ചു.
കിഞ്ഞ ജൂണില്‍ ദല്‍ഹിയിലുണ്ടായ ഒരു പ്രശ്‌നത്തില്‍ പോലീസിന്റെ അതിക്രമം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ആവശ്യപ്പെട്ട് കൊണ്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം തുടരവേ പറയുകയായിരുന്നു കോടതി.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ റിപ്പോര്‍ട്ട് ദല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഒക്ടോബര്‍ വരെ 1330 ബലാത്സംഗക്കേസുകളും 2844 അതിക്രമ കേസുകളും 793 രാത്രി നടക്കുന്ന പീഡനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
3000 ത്തോളം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോകലിന് വിധേയരാകുന്നുണ്ടെന്നും 2487 പേര്‍ ഭര്‍ത്താക്കന്‍മാരാല്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും 123 പേര്‍ ഇപ്പോഴും സ്ത്രീധനപ്രശ്‌നത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.