ന്യൂദല്‍ഹി: വിവാഹമോചനക്കേസുകളില്‍ സ്ത്രീകള്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരായ വ്യക്തിവിരോധം തീര്‍ക്കാന്‍ നിയമം ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി. ഗാര്‍ഹിക പീഡനത്തിലെ ക്രൂരതാ നിയമത്തെ (cruelty law) പകപോക്കാനുള്ള ഒരു ഉപകരണമായി ഉപയോഗിക്കാനാവില്ലെന്ന് നിര്‍ദേശിച്ച കോടതി ഇത്തരം പ്രവണതകള്‍ വര്‍ധിച്ച് വരുന്നതായും നിരീക്ഷിച്ചു.
ബി.എന്‍.എസിലെ സെക്ഷന്‍ 86നെ ഉദ്ധരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. ഭര്‍ത്താക്കന്മാരില്‍ നിന്നും അവരുടെ കുടുംബാംഗങ്ങളില്‍ നിന്നുമുള്ള ക്രൂരതകളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന വകുപ്പാണ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 86.
ഈ നിയമപ്രകാരം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ തടവും പിഴയും ലഭിക്കും. മുന്‍ ക്രമിനല്‍ നിയമമായ ഐ.പി.സിയില്‍ സെക്ഷന്‍ 498(എ) പ്രകാരമായിരുന്നു കേസ് എടുത്തിരുന്നത്.
ഭര്‍ത്താവും കുടുംബവും ഒരു സ്ത്രീയോട് കാണിക്കുന്ന ക്രൂരത തടയാനാണ് സെക്ഷന്‍ 498(എ) കൊണ്ടുവന്നതെന്ന് പറഞ്ഞ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എന്‍ കോടീശ്വര്‍ സിങ് എന്നിവര്‍ അടങ്ങിയ ബെഞ്ച് സമീപകാലത്ത് ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി.
‘രാജ്യത്തുടനീളം വിവാഹ മോചനക്കേസുകളില്‍ വ്യാപകമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വിവാഹങ്ങളില്‍ വര്‍ധിച്ചുവരുന്ന അഭിപ്രായവ്യത്യാസവും പിരിമുറുക്കവുമാണ് ഇതിന് കാരണം. തത്ഫലമായി ഭാര്യ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ വ്യക്തിപരമായ വിദ്വേഷം കാരണം സെക്ഷന്‍ 498(എ) പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്.
തെലങ്കാനയില്‍ വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഹരജി നല്‍കിയതിനെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ കേസ് കൊടുത്തിരുന്നു.