| Friday, 22nd April 2016, 6:59 pm

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം: തൃപ്തി ദേശായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  മഹാരാഷ്ട്രയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്‍കണമെന്ന് ഭൂമാതാ രണ്‍രംഗിണി ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശനി ശിംഘ്‌നപൂര്‍ ക്ഷേത്രത്തിലും ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീ പ്രവേശനം സാധ്യമായത് സാമൂഹിക പ്രവര്‍ത്തകയായ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നായിരുന്നു.

“ഹാജി അലി സബ്‌കെ ലിയെ” (ഹാജി അലി എല്ലാവര്‍ക്കുമുള്ളതാണ്) എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 28 മുതല്‍ സമരം ആരംഭിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തൃപ്തി ദേശായി പറഞ്ഞു. സമാധാനപരമായ പ്രതിഷേധമാണ് നടത്തുകയെന്നും ദര്‍ഗ അധികൃതരുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും തൃപ്തി ദേശായി പറഞ്ഞു.

ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ) ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിരവധി മനുഷ്യാവകാശ സംഘടനകളും എന്‍.ജി.ഒകളും ആവശ്യത്തെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ഹാജി അലിയുടെ ശവകുടീരമാണ് ദര്‍ഗ. ഇവിടെ സ്ത്രീകള്‍ കയറുന്നത് ഇസ്‌ലാമിക വിശ്വാസ പ്രകാരം തെറ്റാണെന്നാണ് ദര്‍ഗ അധികൃതരുടെ വാദം.

We use cookies to give you the best possible experience. Learn more