ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മോഫിയയുടെ വീട്ടിലെത്തിയ ഗവര്‍ണര്‍ ബന്ധുക്കളോട് സംസാരിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകമാണെന്നും സ്ത്രീധന പീഡന മരണങ്ങളുണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം കൊടുക്കില്ലെന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ആര്‍ജവമുണ്ടാകണമെന്നും ആത്മഹത്യയ്ക്ക് പകരം സ്ത്രീകള്‍ പോരാടാനുള്ള കരുത്ത് കാട്ടണമെന്നും അദ്ദേഹം പറഞ്ഞു
കേരള പൊലീസ് രാജ്യത്തെ തന്നെ മികച്ച സുരക്ഷാസേനയാണെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേരള പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
പക്ഷെ ആലുവയിലുണ്ടായതുപോലെ ചിലയിടത്തൊക്കെ സംഭവിക്കാറുണ്ടെന്നും, എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. പൊലീസിന്റെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അത്തരം സാഹചര്യങ്ങളില്‍ ആലുവയിലേത് പോലെ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷയ്ക്കായി ഇന്ത്യയില്‍ 18 നിയമങ്ങള്‍ നിലവിലുണ്ടെന്നും, എന്നാലും സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാവണ സ്ത്രീധനമെന്ന സമ്പ്രാദായം ഇല്ലാതാക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം, മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറില്‍ സി.ഐ സുധീറിന്റെ ഭാഗത്തു നിന്നും ഗുരുതര പിഴവുകള്‍ ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് മോഫിയയേയും ഭര്‍ത്താവ് സുഹൈലിനേയും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിക്കുന്നതിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. തുടര്‍ന്ന് സി.ഐ സുധീര്‍ മോഫിയയോട് കയര്‍ത്തു സംസാരിച്ചു.
ഒരിക്കലും സി.ഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഉച്ചയ്ക്ക് 12നും വൈകുന്നേരം ആറ് മണിക്ക് ഇടയ്ക്കുള്ള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്.
മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീറിന് കഴിഞ്ഞ ദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കു പുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസില്‍ വീഴ്ച വരുത്തിയതിന് നേരത്തെ നടപടി നേരിട്ട അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍. കഴിഞ്ഞ ദിവസം മറ്റൊരു സ്ത്രീയും ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.