ഇംഫാല്‍: മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലില്‍ സാവോംഭങ് മേഖലയില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി മുഖം വികൃതമാക്കി. ആയുധധാരികളായ ആളുകള്‍ 50 വയസായ യുവതിയെ അവരുടെ വീട്ടിലെത്തി മുഖത്ത് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
വെടിവെച്ചതിന് ശേഷം തോക്ക്ധാരി സ്ത്രീയുടെ മുഖം വികൃതമാക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. സംഭവം അറിഞ്ഞ ഉടനെ പരിസരം വളഞ്ഞ് മണിപ്പൂര്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
നാഗ സമുദായത്തില്‍പ്പെട്ട സ്ത്രീയാണിതെന്നും ചില മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് ശിശുനികേതന്‍ സ്‌കൂളിന് മുന്നില്‍ വെച്ച് വെടിയേറ്റ് മറ്റൊരു യുവതിയും കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ ബാങ്കുകള്‍ കൊള്ളയടിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. കലാപത്തെ തുടര്‍ന്ന് അടഞ്ഞ് കിടന്ന ചുരാചന്ദ്പുരിലെ ആക്‌സിസ് ബാങ്കില്‍ നിന്ന് 2.25 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു. പിന്നാലെ കാങ്‌പോക്പി ജില്ലയിലെ സഹകരണ ബാങ്കില്‍ നിന്നും ഒരു കോടി രൂപയുടെ കമ്പ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടു.
മെയ് മൂന്ന് മുതല്‍ ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇതിനോടകം 150ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു.
മെയ്തി വിഭാഗത്തിന്റെ പട്ടികവര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.
ജനസംഖ്യയുടെ 64 ശതമാനത്തോളം വരുന്നഗോത്ര ഇതര വിഭാഗമാണ് മെയ്തികള്‍. ഇവര്‍ ഭൂരിഭാഗവും ഹിന്ദു സമുദായത്തില്‍പ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാര്‍ ഭൂരിഭാഗവും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണ്.
content highlights: women shot dead in manipur; face disfigured