| Saturday, 27th January 2018, 1:23 am

ലഹരി വിമുക്ത ചികിത്സാകേന്ദ്രവും വനിതാ ഷെല്‍ട്ടര്‍ ഹോമും ഒരേ കെട്ടിടത്തില്‍; അരക്ഷിതാവസ്ഥ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ നിരാഹാര സമരത്തില്‍

ലിജിന്‍ കടുക്കാരം

കോഴിക്കോട് ജില്ലയില്‍ മുജാഹിദ് എഡ്യുക്കേഷന്‍ ട്രസ്റ്റ്രിനു കീഴില്‍ നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ അന്തേവാസികള്‍ മൂന്നു ദിവസമായി നിരാഹാര സമരത്തിലാണ്. തങ്ങളുടെ സ്ഥാപനം സ്ഥിതി ചെയ്യുന്ന ഓഫീസിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്താ ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികള്‍ ശല്യം ചെയ്യുന്നെന്ന പരാതി അധികൃതര്‍ ചെവിക്കൊള്ളാത്തതിലും തങ്ങള്‍ക്കായി സംസാരിച്ച ഷെല്‍ട്ടര്‍ ഹോം സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ചാണ് സ്തരീകളുടെ നിരാഹാര സമരം.

ഒരു കെട്ടിടത്തിലെ ഇരു നിലകളിലായാണ് ലഹരി വിമുക്ത ചികിത്സാകേന്ദ്രവും വനിതാ ഷെല്‍ട്ടര്‍ ഹോമും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വനിതാ ഷെല്‍ട്ടര്‍ ഹോമിനു സെക്യൂരിറ്റി സ്റ്റാഫിന്റെയോ മറ്റോ സുരക്ഷയും ഇല്ല.

9 മാസം ഗര്‍ഭിണിയായ യുവതിയുള്‍പ്പെടെ അഞ്ച് വനിതകളാണ് നിലവില്‍ വനിതാ ഷെല്‍ട്ടര്‍ ഹോമിലുള്ളത്. ഇവരില്‍ നാലുപേരും കഴിഞ്ഞ മൂന്നു ദിവസമായി നിരാഹാര സമരത്തിലാണ്. “സുരക്ഷിതത്വം ഉറപ്പുവരുത്തുക”, “സ്ഥാപനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക”, “സസ്‌പെന്‍ഡ് ചെയ്ത സൂപ്രണ്ടിനെ തിരിച്ചെടുക്കുക”, “ട്രസ്റ്റ് ഭാരവാഹി മുഹമ്മദിനെയും സില്‍ബന്ധികളെയും പുറത്താക്കുക” എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സ്ത്രീകളുടെ സമരം.

കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കാവുള്ള ഈ കെട്ടിടത്തിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് പോരുന്നത്. ആദ്യം മുതലേ ചെറിയ നീരസങ്ങളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ കുറച്ച് കാലമായി പ്രശ്നങ്ങള്‍ രൂക്ഷമാവുകയായിരുന്നെന്നാണ് ആശ്രയ ഭവനിലെ അന്തേവാസികള്‍ പറയുന്നത്.

രാത്രിയാകുന്നതോടെ ലഹരി വുമുക്ത കേന്ദ്രത്തിലെത്തുന്ന പുരുഷന്മാര്‍ വാതിലില്‍ മുട്ടുകയും അശ്ലീല കമന്റുകള്‍ പറയുന്നതായുമാണ് സ്ത്രീകളുടെ പരാതി. തങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിനാണ് സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതെന്നും സ്ത്രീകള്‍ പറയുന്നു.

കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് “റെഡ് റോസ് മാനര്‍- ആശ്രയ ഭവന്‍” എന്ന വനിതാ ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നത്. ഫസ്റ്റ് ഫ്ളോറില്‍ “സുരക്ഷ ലഹരി വിമോചന പുനരധിവാസ കേന്ദ്ര”വും. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെയാണ് ആശ്രയ ഭവനില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ആശ്രയ ഭവനു സമീപത്ത് നിന്നാണ് മുകളിലെ ഓഫീസിലുള്ളവര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. കഴിഞ്ഞദിവസം ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ തര്‍ക്കം ഉണ്ടായതായും ലഹരി വിമുക്ത കേന്ദ്രത്തിലെ അന്തേവാസി സൂപ്രണ്ടിന്റെ മുറിയിലേക്ക് കടന്നു വരികയും സൂപ്രണ്ട് ജിജി മേരിയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസി ഡൂള്‍ന്യൂസിനോട് പറഞ്ഞു. “ഭക്ഷണം കഴിക്കാന്‍ വന്നപ്പോള്‍ ആരോ കഴിച്ച ചപ്പാത്തിയുടെ ബാക്കിയുണ്ടായിരുന്നെന്ന് പറഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. മുകളില്‍ താമസിക്കുന്നവരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു പ്രശ്നം ഉണ്ടാക്കിയത്. അതിനിടയിലാണ് ഒരാള്‍ മാഡത്തിന്റെ മുറിയിലേക്ക് കടന്നുവരികയും മാഡത്തെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതും “ ആശ്രയ ഭവനില്‍ താമസിക്കുന്നവര്‍ പറയുന്നു.

ഇതിനു മുമ്പ് പലപ്പോഴും ലഹരി വിമുക്ത കേന്ദ്രത്തില്‍ താമസിക്കുന്നവര്‍ രാത്രികാലങ്ങളില്‍ തങ്ങളുടെ വാതിലില്‍ മുട്ടി ശല്യം ചെയ്യാറുണ്ടായിരുന്നെന്നും പരാതിപ്പെട്ടിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഒമ്പതു മാസമായി ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന യുവതി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ” രാത്രിയൊക്കെയാണ് ഇവര്‍ വാതിലില്‍ വന്നു കൊട്ടുന്നത്. പന്ത്രണ്ട് മണിയൊക്കെ കഴിയുമ്പോള്‍. ഒരു ദിവസം വാതിലില്‍ മുട്ടുന്നത് കേട്ട് ഞങ്ങള്‍ സമയം നോക്കിയപ്പോള്‍ രണ്ടര ആയിട്ടുണ്ടായിരുന്നു” ഷെല്‍ട്ടര്‍ഹോമിലെ അന്തേവാസി പറഞ്ഞു.

ആശ്രയ ഭവന് സെക്യുരിറ്റിയുടെ സുരക്ഷയില്ലെന്നും അതിനെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും സ്ത്രീകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിനു സെക്യൂരിറ്റിയുടെ സേവനം ഉണ്ടെന്നും രാത്രി ഏഴുമണിക്കെത്തുന്ന അയാള്‍ 9 ആകുമ്പോഴേക്കും മുകളിലോട്ട് കയറിപോകുമെന്നും പറയുന്ന അന്തേവാസികള്‍ തങ്ങള്‍ക്കത് യാതൊരു പ്രയോജനവുമില്ലല്ലോയെന്നും ചോദിക്കുന്നു.

പുറമേ നിന്നുള്ള ആര്‍ക്കും രാത്രിയും പകലും കയറി വരാന്‍ കഴിയുന്ന രീതിയിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമെന്നും തങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയും സ്ഥാപനം ഉറപ്പ് തരുന്നില്ലെന്നും ആശ്രയ ഭവനിലെ അന്തേവാസികള്‍ പറഞ്ഞു. “പുറമേ നിന്നുള്ളവര്‍ക്കും ഇവിടെ പ്രവേശിക്കാന്‍ കഴിയുന്ന രീതിയാണ് ഇവിടുത്തേ ചുറ്റുമതില്‍ തന്നെ വളരെ ചെറുതാണ്. നേരത്തെ ഇവിടെയുണ്ടായിരുന്ന ഒരു സ്ത്രീയുടെ ഭര്‍ത്താവ് ഇവിടെ വന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. കെട്ടിടത്തിന്റെ ചുറ്റും ഷീറ്റ് വെച്ച് മറച്ചിരിക്കുകയായിരുന്നു. അതിന്റെ പുറത്തുകൂടെ ഇങ്ങോട്ട് ചാടിവന്നയാരുന്നു ബഹളം ഉണ്ടാക്കിയത്.” സത്രീകള്‍ പറയുന്നു.

ഇതുപോലെ തന്നെ തങ്ങളുടെ കിടപ്പുമുറിയില്‍ പോലും ലഹരി വിമുക്ത കേന്ദ്രത്തിലെ അന്തേവാസികള്‍ ഒളിഞ്ഞ് നോക്കാറുണ്ടെന്നും സ്ത്രീകള്‍ ആരോപിക്കുന്നു. ഇവരുടെ കിടപ്പുമുറിയുടെ പിറക് വശത്താണ് പുരുഷന്മാരുടെ ബാത്ത് റൂം വരുന്നത്. ഇവിടേക്ക് വരുന്നവര്‍ ജനലിനുള്ളിലൂടെ തങ്ങളുടെ കിടപ്പ് മുറിയിലേക്ക് നോക്കുന്ന സംഭവങ്ങള്‍ പതിവാണെന്നും സ്ത്രീകള്‍ പറയുന്നു.

സ്ത്രീകളുടെ കിടപ്പുമുറിയുടെ പിറക് വശത്തുള്ള ബാത്ത് റൂം

സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പുറമേ വാര്‍ഡനില്‍ നിന്നും കൗണ്‍സിലറില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളും വളരെയധികമാണെന്നും ഇവര്‍ പറയുന്നു. വാര്‍ഡന്‍ തന്നെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചെന്നാണ് ഒരു അന്തേവാസി ഡൂള്‍ന്യൂസിനോട് പറഞ്ഞു. തനിയ്ക്ക് എച്ച.ഐ.വി ഉണ്ടെന്ന് പറഞ്ഞാണ് വാര്‍ഡന്‍ തന്നെ പരിഹസിക്കുന്നതെന്നായിരുന്നു മറ്റൊരു യുവതിയുടെ പരാതി. “ഇവിടെ വരുന്നവരെ എച്ച്. ഐ.വി ടെസ്റ്റിനു വിധേയമാക്കാറുണ്ട്. ഞാന്‍ ഇവിടെ രണ്ടാമത്തെ തവണയാണ് വരുന്നത്. ആദ്യം വന്നപ്പോഴും ഇപ്പോഴും ഈ ടെസ്റ്റ് ചെയ്തിരുന്നു. ഇത്തവണ റിസല്‍ട്ട് കാണിച്ചപ്പോള്‍ അവര്‍ പറഞ്ഞത് പോസിറ്റീവാണ് ഞാന്‍ എയ്ഡ്സ് ബാധിതയാണെന്നാണ്. ഞാന്‍ ഒന്നുകൂടി ടെസ്റ്റിനു പോയി നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചാല്‍ അതിന്റെ കോപ്പി എല്ലാ ന്യൂസ് മീഡിയകള്‍ക്കും അയച്ച് ആത്മഹത്യ ചെയ്യും.” യുവതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വീട്ടില്‍ നിന്നു ബുദ്ധിമുട്ടനുഭവിക്കുന്നതിനാലാണ് തങ്ങളിവിടെ എത്തുന്നതെന്നും എന്നാല്‍ ഇവിടെ അതിനേക്കാള്‍ പ്രശ്നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്നുമാണ് അന്തേവാസികളുടെ പരാതി. തങ്ങളെ കൗണ്‍സില്‍ ചെയ്യാനായി ഇവിടെയുള്ള ഉദ്യോഗസ്ഥയുടെ പെരുമാറ്റവും മോശമാണെന്നും ഇവര്‍ പറയുന്നു.

ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികള്‍ ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ തങ്ങളെ മുറിയില്‍ പൂട്ടിയിടണമെന്നായിരുന്നു കൗണ്‍സിലര്‍ പറഞ്ഞതെന്നും ഇവര്‍ പറയുന്നു. കൗണ്‍സിലര്‍ ഇത്തരത്തില്‍ പെരുമാറിയെന്ന് അവര്‍ തന്നെ സമ്മതചിച്ചതായിരുന്നെന്ന് സൂപ്രണ്ട് ജിജി മേരിയും ഡൂള്‍ന്യൂസിനോട് പറഞ്ഞു. സ്ത്രീകള്‍ അവിടെയിരുന്നാല്‍ ചീത്തപ്പേരു വരുമെന്നു പറഞ്ഞായിരുന്നു കൗണ്‍സിലറിന്റെ ഈ വിചിത്രമായ ഇടപെടലെന്നും സൂപ്രണ്ട് പറയുന്നു.

സുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്നം തങ്ങള്‍ ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ ഇതുവരെയും ഇതിന് പരിഹാരം കാണാന്‍ കഴിയാത്ത മാനേജ്മെന്റ് പ്രശ്നം തീര്‍ക്കാമെന്നു പറയുക മാത്രമാണ് ചെയ്യുന്നതെന്നും സ്ത്രീകള്‍ പറയുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രശ്നവും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ആശ്രയ ഭവനിലെ വാര്‍ഡന്‍ ശോഭ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. മൂന്നു ദിവസമായി നിരാഹര സമരം തുടരുന്ന അന്തേവാസികളെക്കുറിച്ച് സംസാരിച്ച വാര്‍ഡന്‍ അവരിലൊരാളൊഴികെ ആരും നിരാഹാരത്തിലല്ലെന്നും ഇന്നും അവര്‍ ഭക്ഷണം കഴിച്ചിരുന്നെന്നും ആരോപിച്ചു. “ഇവരു നിരാഹരമൊന്നുമല്ല ഇന്നുച്ഛയ്ക്കും ഭക്ഷണം കഴിച്ചതാണ്. ഞാന്‍ കണ്ടിട്ടുണ്ട്. ഒരാളൊഴികെ ബാക്കിയെല്ലാരും ഭക്ഷണം കഴിച്ചു. ഇവിടെ നിന്നു പുറത്ത് പോയി കടയില്‍ നിന്ന് ബിസ്‌ക്കറ്റുംവാങ്ങി. നിരാഹാരമിരിക്കുന്നവരേ ബിസ്‌ക്കറ്റ് വാങ്ങാന്‍ പുറത്ത പോയി” വാര്‍ഡന്‍ ആരോപിച്ചു.

സെക്യുരിറ്റി സ്റ്റാഫിന്റെയും സുരക്ഷാ പ്രശ്നങ്ങളെയും കുറിച്ച് ചോദിച്ചപ്പോള്‍ ചില പ്രശ്നങ്ങളുണ്ടെന്ന് സമ്മതിച്ച ശോഭ ലഹരി വിമുക്തി കേന്ദ്രത്തിലുള്ളവരെക്കൊണ്ട് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളില്ലെന്നും പറയുന്നു. മുകളില്‍ ചികിത്സയ്ക്കെത്തുന്നവരെല്ലാം കുടുംബമായി വരുന്നവരാണെന്നും അവരില്‍ നിന്ന് തനിക്ക് ഇതുവരെയും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും പറയുന്നു.

വാതിലില്‍ രാത്രി മുട്ടുന്നെന്ന പരാതി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടിട്ടില്ലെന്ന് പറഞ്ഞ വാര്‍ഡന്‍ രാത്രി വാതിലില്‍ മുട്ടിയാല്‍ വാതില്‍ തുറക്കാതെ എങ്ങിനെയാണ് ആരാണ് മുട്ടുന്നതെന്ന് പറായന്‍ കഴിയുകയെന്നും ചോദിക്കുന്നു. സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് ആരെങ്കിലും നില്‍ക്കുന്നത് കണ്ടാല്‍ ആളുകള്‍ നോക്കുന്നത് സാധരണയല്ലേയെന്നും എന്നാല്‍ എല്ലാവരും ഒരുപോലെയുള്ളവരല്ലെന്നും വാര്‍ഡന്‍ പറയുന്നു.

“മാറ്റിക്കൊടുക്കേണ്ടതായ ഘടകങ്ങളൊക്കെ ഉണ്ടാകാം. ഇല്ലാന്നു ഞാന്‍ പറയുന്നില്ല. എല്ലാവരും ഒരു പോലെയുള്ളവരല്ലലോ” ശോഭ ഡൂള്‍ന്യൂസിനോട് പറഞ്ഞു. വാര്‍ഡനെ പുറത്താക്കിയത് ഓഫീസര്‍മാരുമായുള്ള പ്രശ്നത്തിന്റെ പുറത്താണെന്നും പറഞ്ഞു “ഒരു ദിവസം മുകളിലുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ വരാന്‍ വൈകിയിരുന്നു. അപ്പോള്‍ അതിന്റെ പേരില്‍ ചില പ്രശ്നങ്ങളൊക്കെയുണ്ടായി. ഭക്ഷണം കിട്ടിയില്ലെന്ന് പറഞ്ഞ് മുകളിലെ സ്ത്രീകളും തമ്മിലായിരുന്നു പ്രശ്നം.” വാര്‍ഡന്‍ പറയുന്നു.

ഭക്ഷണം നല്‍കാന്‍ വൈകിയത് സൂപ്രണ്ട് ചോദിച്ചെന്നും തുടര്‍ന്ന പ്രശ്നം സൂപ്രണ്ട് എന്‍.ജി.ഒ സെക്രട്ടറി മുഹമ്മദ് സാറിനെ അറിയിച്ചെങ്കിലും ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടല്‍ സൂപ്രണ്ട് മുഹമ്മദ് സാറിനു ഇഷ്ടമാകാത്ത രീതിയില്‍ സംസാരിച്ചതെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നും ശോഭ പറയുന്നു. “ഭക്ഷണത്തിനു രുചിയില്ലാന്നു മറ്റും മുകളിലുള്ളവര്‍ പറഞ്ഞതിനെത്തുടര്‍ന്ന മുഹമ്മദ് സാറും മറ്റും ഇവിടെ വന്നിരുന്നു. പ്രശ്നത്തെക്കുറിച്ച് മുകളില്‍ നിന്ന് സംസാരിച്ചു. മാഡം അവിടെ നിന്ന് വിരല്‍ചൂണ്ടി സംസാരിച്ചിരുന്നു ചെറിയൊരു ഷൗട്ടിങ്ങ് പോലെ. അങ്ങിനെ ഒരു സംഭവമുണ്ടായിരുന്നു. ആ ഒരു പ്രശ്നമാണ്. .” വാര്‍ഡന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പിന്നീട് കാരണം കാണിക്കല്‍ നോട്ടീസ് വന്നെന്നും സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതായി നോട്ടീസ് പതിക്കുകയായിരുന്നെന്നും വാര്‍ഡന്‍ പറഞ്ഞു.

രണ്ടര വര്‍ഷമായി മുജാഹിദ് എജുക്കേഷന്‍ ട്രസ്റ്റ്രിനു കീഴിലെ ആശ്രയ ഭവനില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ജിജി മേരി. 2015 സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമായിരുന്നു ഇതെന്നും ആദ്യം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീടിങ്ങോട്ട് ട്രസ്റ്റ് അത്ര താല്‍പ്പര്യത്തോടെയല്ല സ്ഥാപനത്തെ നോക്കി കണ്ടതെന്നും അവര്‍ പറയുന്നു.

രണ്ടു സ്ഥാപനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിലെ പ്രശ്നങ്ങള്‍ ആദ്യമേ തങ്ങള്‍ ട്രസ്റ്റിനെ അറിയിച്ചിരുന്നതാണെന്നും നേരത്തെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നിടത്ത് അന്തേവാസികള്‍ക്കായിരുന്നില്ല മറിച്ച് താനുള്‍പ്പെട്ട സ്റ്റാഫുകള്‍ക്കായിരുന്നു മോശം അനുഭവം ഉണ്ടായതെന്നും സുപ്രണ്ട് ജിജി മേരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നേരത്തെ പ്രവര്‍ത്തിച്ചിരുന്നിടത്ത് നിന്നു ഇങ്ങോട്ട് മാറുമ്പോള്‍ തന്നെ ആദ്യം കെട്ടിടം കാണിച്ചിരുന്നില്ലെന്നും പിന്നീട് താനും പഴയ കൗണ്‍സിലറും വന്ന് സ്ഥലം കണ്ട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നെന്നും ജിജി പറയുന്നു. “ആദ്യം ഇപ്പോഴത്തെ പോലെയായിരുന്നില്ല ഒരു വഴി മാത്രമാണ് ഇരു സ്ഥാപനങ്ങളിലേക്കും ഉണ്ടായിരുന്നത്. അത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പാര്‍ട്ടീഷന്‍ ചെയ്ത് തരാമെന്ന് പറയുകയായിരുന്നു. സ്ത്രീകള്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അതിനൊന്നും അവര്‍ ചെവി തന്നിരുന്നില്ല” ജിജി പറയുന്നു.

പിന്നീട് ബഹളമായപ്പോള്‍ താനിത് അവരുടെ ഓഫീസറിനെയും മുഹമ്മദ് സാറിനെയും വിളിച്ച് പറഞ്ഞെങ്കിലും താനാണ് പ്രശ്നം ഉണ്ടാക്കുന്നെന്ന രീതിയിലായിരുന്നു അവര്‍ സംസാരിച്ചതെന്നും തങ്ങള്‍ പറയുന്നത് ആ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായില്ലെന്നും ജിജി ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നമുണ്ടായപ്പോള്‍ അത് തന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അതിനായി സംസാരിക്കുകയും ചെയ്ത സ്റ്റാഫുകളാരും പിന്നീട് തന്റെയൊപ്പം പ്രശ്ന പരിഹാരത്തിനു ഇടപെട്ടില്ലെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി.

ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന്റെ പേരിലും മെസ്സിലെ സംഭവങ്ങളെത്തുടര്‍ന്ന് തന്റെ റൂമില്‍ അതിക്രമിച്ച് കയറിയ ആളോട് ഇറങ്ങിപോകാന്‍ പറഞ്ഞതിന്റെ പേരിലുമാണ് തനിക്കെതിരായ നടപടിയെന്നും ജിജി മേരി
പറഞ്ഞു.
താന്‍ ലഹരി വിമുക്തി കേന്ദ്രത്തിലെ ഏഴു പുരുഷന്മാരോടും അവരുടെ ഭാര്യമാരോടും അസഭ്യമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നു പറയുന്ന ജിജി തന്നെ അപമാനിക്കുന്നതിനായാണ് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കൈയ്യില്‍ തരാതെ ഓഫീസിനു പുറത്ത് പതിച്ചതെന്നും ചൂണ്ടിക്കാട്ടി.

സസ്പെന്‍ഷന്‍ ഓര്‍ഡര്‍ അവിടെ പതിക്കുമ്പോള്‍ താന്‍ ഓഫീസില്‍ ഉണ്ടായിരുന്നെന്നും ജിജി മേരി പറയുന്നു. തന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ഇത്തരത്തിലുള്ള കുറ്റങ്ങള്‍ ചുമത്തി നോട്ടീസ് പതിക്കുന്നത് വഴി തനിയ്ക്കിനി മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിക്കുമോയെന്നും അവര്‍ ചോദിക്കുന്നു.

നോട്ടീസ് പതിച്ച് തന്നെ പരസ്യമായി അപമാനിച്ച സാഹചര്യത്തില്‍ താന്‍ പൊലീസില്‍ മാന നഷ്ടത്തിനു കേസ് കൊടുത്തിരുന്നെന്നും എന്നാല്‍ പരാതി നല്‍കി മൂന്ന് ദിവസം കഴിഞ്ഞിട്ടും നടക്കാവ് പൊലീസില്‍ നിന്നു യാതൊരു അന്വേഷണവും ഉണ്ടായില്ലെന്നും ജിജി മേരി പറഞ്ഞു. തന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണവും ട്രസ്റ്റ് ഭാരവാഹികള്‍ പലയിടത്തും പലതാണ് പറഞ്ഞതെന്നും ജിജി കൂട്ടിച്ചേര്‍ത്തു. “ഇവരു പൊലീസില്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത് ഞാന്‍ മുകളിലെ ഓഫീസിലുള്ളവരുമായി എപ്പോഴും പ്രശ്‌നമാണെന്നാണ്. മറ്റിടങ്ങില്‍ വേറെയും” ജിജി മേരി
പറഞ്ഞു.

അന്തേവാസികളെ സ്റ്റാഫ് തന്നെ ഉപദ്രവിക്കുന്നു എന്ന പരാതി വളരെ വിഷമം ഉണ്ടാക്കുന്നതാണെന്നു പറഞ്ഞ ജിജി മേരി
തനിയ്ക്ക് അവര്‍ക്ക വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. ഈ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാലും ഞാന്‍ ഇനി അവിടെ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഞാനടക്കമുള്ള സ്റ്റാഫിനെ അവര്‍ മാറ്റിയാലും ഈ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ മതിയെന്നും ജിജി മേരിപറയുന്നു.

“എല്ലാ സ്റ്റാഫിനെയും മാറ്റട്ടെ എന്‍.ജി.ഒയെയും മാറ്റട്ടെ. ഇവരെ പൂട്ടിയിടണമെന്ന് പറയുന്ന സ്ഥാപനം ഇനിയും പ്രവര്‍ത്തിച്ചാല്‍ അന്തേവാസികള്‍ക്ക് എങ്ങിനെയാണ് താമസിക്കാന്‍ കഴിയുക. ഇനിയും അവിടെ കഴിയുകയാണെങ്കില്‍ അവരോട് ഇവര്‍ പകതീര്‍ക്കില്ലെന്ന് പറയാന്‍ കഴിയുമോ?” ജിജി മേരി ചോദിക്കുന്നു. എന്‍.ജി.ഒ ഉള്‍പ്പെടെ എല്ലാം മാറിയിട്ടാണേലും അവിടെയെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷയോടെയും സമാധാനത്തോടെയും താമസിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാകണമെന്നും ജിജി പറയുന്നു.

ലിജിന്‍ കടുക്കാരം

We use cookies to give you the best possible experience. Learn more