| Thursday, 31st January 2013, 12:01 am

സ്ത്രീ സംരക്ഷണ ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കുന്ന ബില്‍ 2013 സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും എതിരെ നടപടി എടുക്കാനും സ്ത്രീകളുടെ സ്വകാര്യതയും അന്തസും സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ബില്‍.[]

പീഡനത്തിന്  ഏഴുവര്‍ഷംവരെ തടവും പിഴശിക്ഷയും നല്‍കും. പീഡനം വഴി  സ്ത്രീ മരിച്ചാല്‍ ജീവപര്യന്തവും പിഴയുമാണ് ശിക്ഷ. സ്ത്രീ ആത്മഹത്യ ചെയ്യുകയും അതിന് തൊട്ടുമുമ്പ് അവര്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നപക്ഷം ആത്മഹത്യക്ക് പ്രേരണ നല്‍കിയതായി കണക്കാക്കും.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. അശ്‌ളീല വസ്തുക്കളോ അശ്‌ളീലസാഹിത്യമോ കാണിക്കുക, അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ശരീരഭാഗങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുക, ലൈംഗികമായി ചൂഷണം ചെയ്യാന്‍ അധികാരം ദുരുപയോഗപ്പെടുത്തുക എന്നിവയും പീഡനത്തിന്റെ പരിധിയില്‍ പെടും.

സ്ത്രീകളോട് ബോധുപൂര്‍വ്വം അപമര്യാദയായി പെരുമാറുന്നതും പീഡനമായി കണക്കാക്കും. വാക്കുകളിലൂടെയോ രേഖാമൂലമോ ഇലക്ട്രോണിക് ഉപകരണത്തിലൂടെയോ നടത്തുന്ന ചേഷ്ടകളും ആംഗ്യങ്ങളും പദപ്രയോഗങ്ങളും പീഡനമാകും.

സ്ത്രീയുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതും പീഡനമായി കാണും. അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുക,  ലൈംഗികചൂഷണം എന്നിവയും ഇതിന്റെ പരിധിയില്‍വരും.

വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ സിനിമാ തീയറ്ററിന്റെയോ സൈബര്‍ സ്‌പേസിന്റെയോ മറ്റോ ചുമതലയുള്ള ആള്‍ പീഡനം നടന്ന വിവരം പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം. ഇരയോ മറ്റേതെങ്കിലും ആളോ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അത് സ്‌റ്റേഷനില്‍ നല്‍കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ മൂന്ന് മാസം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷിക്കാം.

കാമറ, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ സ്ത്രീയുടെ സഭ്യമല്ലാത്ത ഫോട്ടോഗ്രാഫുകളുടെ ക്‌ളിപ്പിങ്ങുകളോ ചിത്രങ്ങളോ ശബ്ദരേഖയോ വീഡിയോകളോ അവരെ പീഡിപ്പിക്കാന്‍ ഉപയോഗിച്ചതോ അല്ലെങ്കില്‍ ഉപയോഗിക്കാനുള്ള ഉദ്ദേശ്യത്തോടെയോ ഒരാള്‍ കൈവശംവെച്ചതായി കണ്ടെത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷയോ 25000 രൂപ പിഴയോ രണ്ടും കൂടിയോ നല്‍കാം.

പീഡനത്തിന് ഇരയായ സ്ത്രീയെക്കുറിച്ച് പ്രചാരണമോ വിശദാംശങ്ങളോ വെളിപ്പെടുത്താന്‍ പാടില്ല. ഒരു വിവരവും നിയമപരമായ ആവശ്യങ്ങള്‍ക്കല്ലാതെ പരസ്യമാക്കരുത്. ഇരയായ സ്ത്രീയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ലെന്നും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more