football news
അഞ്ച് യൂറോപ്യന്‍ ടീമുകള്‍, ഏഷ്യന്‍ കരുത്തായി ജപ്പാന്‍; വനിതാ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പായി
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 08, 02:01 pm
Tuesday, 8th August 2023, 7:31 pm

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പായി. ജപ്പാന്‍, സ്വീഡന്‍, ഓസ്ട്രേലിയ, സ്പെയിന്‍, നെതര്‍ലാന്‍ഡ്, കൊളംബിയ, ഇംഗ്ലണ്ട് എന്നീ എട്ട് ടീമുകളാണ് ക്വാര്‍ട്ടറില്‍ പരസ്പരം ഏറ്റുമുട്ടുക. സ്പെയിന്‍ നെതര്‍ലാന്‍ഡിനെയും, ജപ്പാന്‍ സ്വീഡനേയും, കൊളംബിയ ഇംഗ്ലണ്ടിനേയും, ഓസ്ട്രേലിയ ഫ്രാന്‍സിനെയും നേരിടും.

അവസാനം നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ മൊറോക്കയെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീട സാധ്യതയുള്ള ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തിയത്. ആദ്യ മത്സരത്തില്‍ ജമൈക്കയോട് സമനില നേരിട്ടെങ്കിലും പിന്നീട് നടന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ബ്രസീലിനേയും പനാമയെയും തോല്‍പ്പിച്ചാണ് ഫ്രാന്‍സ് പ്രീക്വോര്‍ട്ടറില്‍ എത്തിയിരുന്നത്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജമൈക്കയെ പരാജയപ്പെടുത്തി കൊളംബിയയും ക്വാര്‍ട്ടറിലെ ലാറ്റിന്‍ അമേരിക്കന്‍ സാന്നിധ്യമായി. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ 51ാം മിനിട്ടില്‍ കറ്റാലീന ഉസ്‌മെയാണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്.

ഏഷ്യന്‍ സാന്നിധ്യമായി ജപ്പാനും അവസാന എട്ടില്‍ ഇടം നേടി. തോല്‍വി അറിയാതെയാണ് ജപ്പാന്റെ വിജയഗാഥ. ഗ്രൂപ്പ് ഘട്ടത്തില്‍ സാമ്പിയ, സ്‌പെയ്ന്‍, കോസ്റ്ററിക്ക എന്നിവരെയാണ് ജപ്പാന്‍ തോല്‍പ്പിച്ചിരുന്നത്. അതില്‍ തന്നെ വമ്പന്മാരായ സ്‌പെയ്‌നിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കായിരുന്നു ജപ്പാന്‍ തോല്‍പ്പിച്ചത്.

 

സ്‌പെയ്ന്‍, നെതര്‍ലാന്‍ഡ്, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വീഡന്‍ എന്നീ അഞ്ച് ടീമുകളാണ് അവസാന എട്ടില്‍ കളിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍.

ഓഗസ്റ്റ് 11, 12 ദിവസങ്ങളിലായിരിക്കും ക്വാര്‍ട്ടര്‍ നടക്കുക. ഓഗസ്റ്റ് 11ന് രാവിലെ 6.30നാണ് സ്‌പെയ്ന്‍- നെതര്‍ലാന്‍ഡ് പോരാട്ടം. അന്ന് തന്നെ ഉച്ചക്ക് ഒരുമണിക്ക് സ്വീഡന്‍- ജപ്പാന്‍ മത്സരം നടക്കും. ഓഗസ്റ്റ് 12ന് ഉച്ചക്ക് 12.30ന് ഫ്രാന്‍സ് ഓസ്‌ട്രേലിയയേയും വൈകീട്ട് നാലിന് ഇംഗ്ലണ്ട് കൊളംബിയയേയും നേരിടും.

Content Highlights:  Women’s world cup quarter finals line up