വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ വമ്പന്മാരായ ബ്രസീലിനെയും ഫ്രാന്‍സിനെയും വിറപ്പിച്ച ശേഷം പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയോട് കീഴടങ്ങി ജമൈക്ക. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജമൈക്ക പരാജയപ്പെട്ടത്. 51ാം മിനിട്ടില്‍ കറ്റാലീന ഉസ്മെയാണ് കൊളംബിയയുടെ വിജയ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ജമൈക്ക വഴങ്ങുന്ന ആദ്യ ഗോളും ഇതാണ്.
ജമൈക്കയുടെ രണ്ടാം ലോകകപ്പാണിത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജമൈക്ക റൗണ്ട് ഓഫ് 16ല്‍ എത്തിയിരുന്നത്. ജമൈക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണയില്ലാത്തതിനാല്‍ ക്രൗഡ് ഫണ്ടിങ്ങ് നടത്തിയാണ് ജമൈക്ക ഈ ലോകകപ്പിനെത്തിയതെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്മാരായ ഫ്രാന്‍സിനെയും ബ്രസീലിനേയും സമനിലയില്‍ തളച്ചായിരുന്നു നേരത്തെ ടീം ജമൈക്ക പ്രീക്വാര്‍ട്ടറില്‍ എത്തിയിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട മറ്റൊരു ടീമായ പനാമയെ ഒരു ഗോളിന് പരാജയപ്പെടുത്തുകയും ചെയ്തു.
ഈ ലോകകപ്പില്‍ കിരീട മോഹത്തോടെയെത്തിയ ഫ്രാന്‍സിനെ ആദ്യ കളിയില്‍ തന്നെ ജമൈക്ക സമനിലയില്‍ പൂട്ടിയത് ടീമിന് വലി പ്രഹരമേല്‍പ്പിച്ചിരുന്നു. ജമൈക്കയുടെ പ്രതിരോധക്കോട്ടയില്‍ തട്ടിയാണ് ബ്രസീലും ആദ്യ റൗണ്ടില്‍ നിന്ന് പുറത്തായത്. 28 വര്‍ഷത്തിനിടെ ആദ്യമായി ബ്രസീല്‍ നോക്കൗട്ട് കാണാതെ പുറത്തായിരുന്നത്.
അതേസമയം, വനിതാ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലൈനപ്പ് ഏറക്കുറെ ഉറപ്പായി. സ്‌പെയിന്‍ നെതര്‍ലാന്‍ഡിനെയും, ജപ്പാന്‍ സ്വീഡനേയും, കൊളംബിയ ഇംഗ്ലണ്ടിനേയുമാണ് റൗണ്ട് ഒാഫ് എട്ടില്‍ നേരിടുക. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൊറോക്കോ- ഫ്രാന്‍സ് മത്സരത്തിലെ വിജയികളാകും ഓസ്‌ട്രേലിയയുടെ എതിരാളികള്‍. മത്സരത്തിന്റെ 75 മിനിട്ട് പിന്നിടുമ്പോള്‍ ഫ്രാന്‍സ് 4-0ന് മുന്നിലാണ്.
Content Highlight: Women’s wc football, Jamaica lost to Colombia in the pre-quarters