|

വനിത സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംവരണം നടപ്പാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ബില്‍ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി  ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ.

33 ശതമാനം വനിതാ സംവരണം രാജ്യത്തുടനീളം നടപ്പിലാകുന്നതോടെ കേരള നിയമസഭയില്‍ 46 വനിതാ എം.എല്‍.എമാര്‍ ഉണ്ടാകും. നിലവിലെ സഭയില്‍ 11 വനിതകളാണുള്ളത്. ലോക്‌സഭയിലേക്ക് കേരളത്തില്‍ നിന്നുള്ള 20 എം.പിമാരില്‍ ആറ് പേര്‍ വനിതകളായിരിക്കും.

വനിത സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയിരുന്നു. 2010 മാര്‍ച്ച് ഒമ്പതിനാണ് വനിത സംവരണ ബില്‍ രാജ്യസഭ പാസാക്കിയത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെയും ജനതാദളിന്റെയും എതിര്‍പ്പ് കാരണം ബില്‍ ലോക്‌സഭയില്‍ വന്നില്ല.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബില്‍ ഇപ്പോള്‍ ലോക്സഭിലേക്ക് എത്തുന്നത്. പാര്‍ലമെന്റിലും നിയമസഭകളിലും യു.പി.എ സര്‍ക്കാറാണ് ഈ ബില്‍ കൊണ്ടുവന്നത്. നരേന്ദ്രമോദിയുടെ പ്രകടന പത്രികയിലും ഈ ബില്‍ സംബന്ധിച്ച നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും ആദ്യ മോദി സര്‍ക്കാറിന്റെ കാലത്തൊന്നും ഇത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് കേന്ദ്ര മന്ത്രിസഭ ഈ ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

നേരത്തെ രാജ്യസഭയില്‍ പാസാക്കിയതിന് ശേഷം വിവിധ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകളോ നടപടികളോ പിന്നീട് സംഭവിക്കാതിരുന്നത്.

Content Highlights: Women’s reservation bill tabled in Loksabha

Latest Stories