വനിതാ സംവരണ ബില്ലിന് അനുമതി നല്‍കി രാഷ്ട്രപതി; നടപ്പിലാക്കാന്‍ 2029 എങ്കിലുമാകുമെന്ന് അമിത് ഷാ
national news
വനിതാ സംവരണ ബില്ലിന് അനുമതി നല്‍കി രാഷ്ട്രപതി; നടപ്പിലാക്കാന്‍ 2029 എങ്കിലുമാകുമെന്ന് അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th September 2023, 6:36 pm

ന്യൂദല്‍ഹി: വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നല്‍കി. രാഷ്ട്രപതിയുടെ അംഗീകാരത്തെത്തുടര്‍ന്ന് നാരി ശക്തി വന്ദന്‍ അധീനിയം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന നിയമനിര്‍മാണത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമം പ്രാബല്യത്തില്‍ വന്നെങ്കിലും ബില്‍ എന്ന് നടപ്പിലാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ലോക്സഭയിലും നിയമ സഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നിര്‍ദേശിക്കുന്നതാണ് ഇപ്പോള്‍ നിയമമായിരിക്കുന്ന ബില്‍. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) 33 ശതമാനം സംവരണം നല്‍കുന്നതിനുള്ള ഭേദഗതികള്‍ ഉള്‍പ്പെടെയുള്ളവ നിരസിച്ചതിനെ തുടര്‍ന്നാണ് ബില്‍ പാസാക്കിയത്.

രാഷ്ട്രപതിയുടെ അനുമതിയുണ്ടെങ്കിലും 2026ലെ സെന്‍സസ് നടപടികളും മണ്ഡല പുനക്രമീകരണവും ഉള്‍പ്പെടെയുള്ളവ നടപ്പിലാക്കിയതിന് ശേഷമായിരിക്കും വനിതാ സംവരണ ബില്‍ നിലവില്‍ വരുക. സെന്‍സസും അതിര്‍ത്തി നിര്‍ണയവും ശേഷിക്കുന്നതിനാല്‍ 2029ന് ശേഷം മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Women’s Reservation Bill gets President Murmu’s nod