തിരുവനന്തപുരം: ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. അതേസമയം ഇത് വരെ സ്ത്രീ പ്രാതിനിധ്യം ഇല്ലാതിരുന്ന കോര്‍ കമ്മിറ്റിയില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനമെന്നും ശോഭാ സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
‘ഇന്നത്തെ കോര്‍ കമ്മിറ്റിക്കകത്ത് ഒരു പുതിയ സ്ത്രീയെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അത് തീര്‍ച്ചയായും എനിക്ക് സന്തോഷം തരുന്നുണ്ട്.
കേരള ബി.ജെ.പിയില്‍ സുരേന്ദ്രന്‍ നേതൃത്വത്തില്‍ വരുന്നതിന് മുമ്പ് കുമ്മനം രാജശേഖരന്റെയും ശ്രീധരന്‍ പിള്ള സാറിന്റെയും നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റിയില്‍ എനിക്ക് സ്ത്രീ എന്ന രീതിയില്‍ പ്രാതിനിധ്യം ഉണ്ടായിരുന്നു.
ഒരു സ്ത്രീയെ ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയിലേക്ക് ഉള്‍ക്കൊള്ളിക്കാനുളള ഒരു മര്യാദ സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അത് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്.
അടുത്ത മാസം ഇവിടെ വലിയ സ്ത്രീ ശക്തി സമ്മേളനം നടക്കാന്‍ പോകുകയാണ്. അപ്പോള്‍ സ്വാഭാവികമായും ഒരു സത്രീക്ക് കോര്‍ കമ്മിറ്റിക്കകത്ത് പ്രാതിനിധ്യം നല്‍കാന്‍ മനസുണ്ടായതിനെ ഞാന്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.
ഇത് വരെ കോര്‍ കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. എത്രയോ വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഉപ്പും കണ്ണ്‌നീരും പാര്‍ട്ടിയിലെ കൊടിക്കകത്ത് ഉണ്ടാക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്ന ഞാന്‍ അതില്‍ സന്തോഷിക്കുന്നു,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കോര്‍ കമ്മിറ്റി അംഗമല്ലാത്തത് കൊണ്ടാണ് താന്‍ കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്നതെന്നും കെ.സുരേന്ദ്രന്‍ പ്രസിഡന്റ് ആയതിന് ശേഷം ഇത് വരെ കോര്‍ കമ്മിറ്റിയില്‍ അംഗമല്ലെന്നും അവര്‍ പറഞ്ഞു.
‘കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ ഞാന്‍ കോര്‍ കമ്മിറ്റിയിലെ അംഗമല്ല. ശ്രീമാന്‍ സുരേന്ദ്രന്‍ പ്രസിഡന്റ് ആയതിന് ശേഷം ഒരു കോര്‍ കമ്മിറ്റിയിലും ഞാന്‍ അംഗമല്ല, പാര്‍ട്ടീ സംവിധാനം പ്രകാരം കോര്‍ കമ്മിറ്റിയില്‍ അംഗമായവര്‍ക്കേ കോര്‍ കമ്മിറ്റിയില്‍ പങ്കടുക്കാന്‍ പാടുള്ളൂ.
ഇപ്പോള്‍ കോര്‍ കമ്മിറ്റി വിപുലപ്പെടുത്തിയിരിക്കുന്നു. സുരേന്ദ്രന്‍ പ്രസിഡന്റ് ആയതിന് ശേഷം ഞാന്‍ ഉന്നയിച്ചിട്ടുള്ളതും പ്രസിഡന്റ് ആകുന്നതിന് മുമ്പ് ഞാന്‍ ഉന്നയിച്ചിട്ടുള്ളതും ആയ പോയിന്റ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കകത്തും പുരുഷനോളം തുല്യ സ്ഥാനം സ്ത്രീക്ക് കൊടുക്കുന്നില്ല എന്നാണ്.
എന്നാല്‍ സ്ത്രീകള്‍ക്ക് ഏറെക്കൂടുതല്‍ പ്രാതിനിധ്യം എല്ലാ പാര്‍ട്ടികളും നല്‍കണമെന്ന് എത്രയോ വര്‍ഷങ്ങള്‍ ആവശ്യപ്പെട്ടൊരാളാണ് ഞാന്‍.
മാര്‍ക്‌സിസ്റ്റ്, കോണ്‍ഗ്രസ്, ലീഗ് എന്നീ പാര്‍ട്ടിക്കകത്തുള്ള സ്ത്രീകളാണെങ്കിലും ബി.ജെ.പിയിലെ സ്ത്രീകളാണെങ്കിലും പുരുഷന്‍ പ്രവര്‍ത്തിക്കുന്ന ഒരു മണിക്കൂര്‍ സ്ത്രീകളുടെ പ്രവര്‍ത്തിയുമായി കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ പുരുഷന്റെ മൂന്നിരട്ടി കഠിനാധ്വാനവും ആണ് ഒരു സ്ത്രീ സമൂഹ മധ്യത്തില്‍ ചെലവഴിക്കുന്നതെന്ന് വിശ്വസിക്കുന്നൊരാളാണ് ഞാന്‍,’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ബി.ജെ.പി കോര്‍ കമ്മിറ്റിയിലേക്ക് ശോഭാ സുരേന്ദ്രനെയും സുരേഷ് ഗോപിയെയും ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
content highlight: Women’s representation in the core committee as directed by the national leadership; Surendran not a member of core committee after becoming president: Sobha Surendran