| Thursday, 22nd February 2024, 8:50 am

വുമണ്‍സ് പ്രീമിയര്‍ ലീഗ് ഉദ്ഘാടനം നാളെ; ആദ്യ മത്സരത്തില്‍ മുംബൈയും ദല്‍ഹിയും ഏറ്റുമുട്ടും

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ പ്രീമിയര്‍ ലീഗ് 2024 അതിന്റെ രണ്ടാം സീസണ്‍ ആരംഭിക്കുകയാണ്.ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഐ.പി.എല്‍ വരവേല്‍ക്കുന്നതുപോലെ തന്നെ വലിയ ആവേശത്തിലാണ്. ഫെബ്രുവരി 23 ന് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മാര്‍ച്ച് 17 ന് ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗ്രാന്‍ഡ് ഫൈനല്‍.

മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, യു.പി വാരിയേഴ്സ് എന്നീ അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

സീസണ്‍ ഉദ്ഘാടനം ചെയ്യുന്നത് ബോളീവുഡ് സിനിമാ സ്റ്റാര്‍ ഷാറൂഖ് ഖാന്‍ ആണ്. ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകുന്നേരം 6:30 ന് ആരംഭിക്കും. കൂടാതെ ജിയോ സിനിമ, സ്പോര്‍ട്സ് 18 പോലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ വഴി കാഴ്ചക്കാര്‍ക്ക് ഇവന്റ് തത്സമയം കാണാനാകും.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റണ്ണേഴ്സ് അപ്പായ ഡല്‍ഹി ക്യാപിറ്റല്‍സുമായിട്ടാണ് ഉദ്ഘാടന മത്സരം. മാര്‍ച്ച് 4 വരെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ അരങ്ങേറും, തുടര്‍ന്നുള്ള മത്സരങ്ങള്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും.

എലിമിനേറ്ററും ഫൈനലും ഉള്‍പ്പെടെ മൊത്തം 22 മത്സരങ്ങള്‍ നടക്കും. പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ടീം നേരിട്ട് ഫൈനലിലേക്ക് പ്രവേശനം ഉറപ്പാക്കും. ടേബിളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളുള്ള ടീമുകള്‍ തമ്മിലുള്ള എലിമിനേറ്റര്‍ മത്സരമാണ് ഫൈനലിലെ എതിരാളികളെ നിര്‍ണ്ണയിക്കുന്നത്. ഡബിള്‍-ഹെഡറുകള്‍ ഒന്നുമില്ല, ലീഗ് ഘട്ടം അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഒരു മത്സരം മാത്രമേ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളൂ. എല്ലാ മത്സരങ്ങളും വൈകിട്ട് 7:30ന് ആരംഭിക്കും.

Content Highlight: Women’s Premier League opening tomorrow

We use cookies to give you the best possible experience. Learn more