ന്യൂദല്‍ഹി: ദല്‍ഹിയിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ പ്രതിഷേധമറയിച്ച് ആഭ്യന്തരമന്ത്രിയ്ക്ക് കത്തയച്ച് വനിതാ സംഘടനകള്‍. എ.ഐ.ഡി.ഡബ്ല്യു.എ, എ.ഐ.എം.എസ്.എസ്, സി.എസ്.ഡബ്ല്യു. എന്‍.എഫ്.ഐ.ഡബ്ല്യു, പി.എം.എസ്, എസ്.എം.എസ് തുടങ്ങിയ സംഘടനകളാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
ഈ കേസ് കൈകാര്യം ചെയ്ത ദല്‍ഹി, ഹരിയാന പൊലീസിനെ നിശിതമായി കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. പൊലീസിന്റെ നിസ്സംഗഭാവം അപലപനീയമാണെന്നാണ് വനിതാ സംഘടനകളുടെ ആക്ഷേപം.
‘പൊലീസിന്റെ നിസ്സംഗമായ സമീപനവും അന്വേഷണ ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ കേസ് കൈകാര്യം ചെയ്തതും അപലപനീയമാണ്. കേസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയം വ്യക്തമാക്കുകയോ മൃതശരീരത്തിലെ മുറിവുകളെ കുറിച്ച് വേണ്ടത്ര വിവരിക്കുകയോ ചെയ്യുന്നില്ല,’ കത്തില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റതിന്റെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നാണ് മാതാപിതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നതെന്നും എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ചുള്ള പരാമര്‍ശമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എഫ്.ഐ.ആറില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവാണെന്ന അവകാശവാദമുന്നയിച്ച് ഒരാള്‍ കുറ്റം ഏറ്റുപറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാല്‍, പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ല എന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത് എന്നും കത്തില്‍ പറയുന്നു.
ഈ കൊലപാതകത്തിന്റെ എല്ലാ വശങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും സമയബന്ധിതവുമായ അന്വേഷണം വേണമെന്നും നേരിട്ടോ അല്ലാതെയോ ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും സംഘടനകള്‍ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ പറയുന്നു.
കൂടാതെ, ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും ഇതിനാവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം സംഭവത്തില്‍ സി.ബി.ഐ അന്വേഷണവും റീപോസ്റ്റ്മോര്‍ട്ടവും വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ദിവസങ്ങളായി വീടിന് മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.
ദല്‍ഹി ലജ്പത് നഗര്‍ ജില്ല മജിസ്ട്രേറ്റ് ഓഫീസില്‍ ജോലി ചെയ്തിരുന്ന 21 കാരിയുടെ മൃതദേഹം കഴിഞ്ഞ 27ന് ഫരീദാബാദിനടുത്ത സൂരജ്കുണ്ഡില്‍ നിന്നാണ് കണ്ടെത്തിയത്.
യുവതിയെ മേലുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസില്‍ നിസാമുദ്ദീന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
യുവതിയെ കൊലപ്പെടുത്തിയശേഷം നിസാമുദ്ദീന്‍ കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വീട്ടുകാരറിയാതെ നിസാമുദ്ദീന്‍ പെണ്‍കുട്ടിയെ ജൂണ്‍ 11ന് സാകേത് കോടതി വളപ്പില്‍ എത്തിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പാകെ കല്യാണം കഴിച്ചതായും പിന്നീട് മറ്റൊരാളുമായി ഉണ്ടായ സൗഹൃദമാണ് കൊലക്ക് കാരണമെന്നുമാണ് പൊലീസ് പറയുന്നത്.