2022ല്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു. 2022 മാര്‍ച്ച് 4നാണ് ലോകകപ്പ് തുടങ്ങുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റ് വെസ്റ്റ് ഇന്‍ഡീസിനെ നേരിടും.
മാര്‍ച്ച് ആറിനാണ് ഇന്ത്യയുടെ ആദ്യമത്സരം. 2021 പുരുഷ ടി-20 ലോകകപ്പിന് സമാനമായി ഇന്ത്യ പാകിസ്ഥാനെയാണ് ലോകകപ്പില്‍ നേരിടുന്നത്.
ന്യൂസിലാന്റാണ് 2022 വനിതാ ലോകകപ്പിന് ആതിഥേയരാവുന്നത്. ഓക്‌ലാന്റ്, ക്രൈസ്റ്റ് ചര്‍ച്ച്, ഡനീഡന്‍, ഹാമില്‍ട്ടണ്‍, ടൗരംഗ, വെല്ലിംഗ്ടണ്‍ എന്നീ നഗരങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്.
ഇന്ത്യ, ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ഐ.സി.സി റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു. ലോകകപ്പിന്റെ ആതിഥേയര്‍ എന്ന നിലയില്‍ ന്യൂസിലാന്റും ലോകകപ്പില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ചിരുന്നു.
വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചതിന് പിന്നാലെയാണ് ലോകകപ്പിനിറങ്ങുന്നത്.
ലീഗ് മത്സരങ്ങളില്‍ എട്ട് ടീമുകളും ഓരോ തവണ പരസ്പരം ഏറ്റുമുട്ടും. പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകളാവും സെമിയില്‍ പ്രവേശിക്കുന്നത്.
ആദ്യ സെമി ഫൈനല്‍ മാര്‍ച്ച് 30ന് വെല്ലിംഗ്ടണ്ണില്‍ വെച്ചും രണ്ടാം സെമി മാര്‍ച്ച് 31ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഓവലില്‍ വെച്ചുമാണ് നടക്കുന്നത്. ഏപ്രില്‍ മൂന്നിന് ക്രൈസ്റ്റ് ചര്‍ച്ചില്‍ വെച്ചാണ് കിരീട പോരാട്ടം.