ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകളുടെ ജീവിതം അപകടത്തിലായേക്കാം: മിഷേല്‍ ഒബാമ
World News
ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകളുടെ ജീവിതം അപകടത്തിലായേക്കാം: മിഷേല്‍ ഒബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 1:03 pm

ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയാല്‍ സ്ത്രീകളുടെ ജീവന്‍ അപകടത്തിലാവുമെന്ന് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. കമലാ ഹാരിസിനെ പിന്തുണച്ചു കൊണ്ട് മിഷിഗണില്‍ നടന്ന പ്രചരണ റാലിക്കിടെയാണ് മിഷേല്‍ ഒബാമ ട്രംപിനെതിരായ പരാമര്‍ശം നടത്തിയത്.

അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാവാനുള്ള കമല ഹാരിസിന്റെ ശ്രമത്തെ എല്ലാവരും പിന്തുണക്കണമെന്നും മിഷേല്‍ ഒബാമ കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പിലെ നിങ്ങളുടെ തെരഞ്ഞെടുക്കല്‍ ശരിയായില്ലെങ്കില്‍ അത് ഓരോ പുരുഷന്റെയും വീട്ടിലെ സ്ത്രീകളെ ആയിരിക്കും ബാധിക്കുന്നതെന്നും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ പിന്തുണക്കുന്നതിന് തുല്യമായിരിക്കും ഇക്കാര്യങ്ങളെന്നും മിഷേല്‍ ഒബാമ പറഞ്ഞു.

ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കെതിരായ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണെന്നും ഇത് ട്രംപിന് വോട്ട് ചെയ്യാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുമെന്നും പറഞ്ഞ മിഷേല്‍ അതേ സമയം സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി.

സ്ത്രീകളെ കുറിച്ചും അവരുടെ വ്യക്തിജീവിതത്തെ കുറിച്ചുമാണ് മിഷേല്‍ ഒബാമ കൂടുതലായും പ്രചാരണ റാലിയെ സംസാരിച്ചത്. സ്വന്തം ശരീരം മനസിലാക്കാനും പരിപാലിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണമെന്നും ഒരു സ്പ്ലിറ്റ് സെക്കന്റിന്റെ തീരുമാനം സ്ത്രീകളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും മിഷേല്‍ ഒബാമ കൂട്ടിച്ചേര്‍ത്തു.

ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെഷനില്‍ സംസാരിച്ചതിന് ശേഷം മിഷേല്‍ ഒബാമ പ്രചാരണത്തിന്റെ ഭാഗമാകുന്നത് കമലാ ഹാരിസിന്റെ പ്രചാരണ റാലിയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനങ്ങളുടെ ജീവിതത്തിനും ജീവിത താത്പര്യങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നായിരുന്നു കമല ഹാരിസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Content Highlight: Women’s lives could be at risk if Trump returns to White House: Michelle Obama