ലോകമിന്ന് വനിതാ ദിനം ആചരിക്കുകയാണ്. ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അറുപിന്തിരിപ്പന്‍ സാമൂഹ്യ വ്യവസ്ഥ, സ്ത്രീകള്‍ക്ക് തുല്യത കല്‍പ്പിക്കാത്ത വിശ്വാസ – ആചാര രീതികള്‍ പിന്തുടരുന്ന ബഹുഭൂരിപക്ഷം ജനങ്ങള്‍, വീടിനകത്തും പുറത്തുമുള്ള പുരുഷന്റേത് മാത്രമായ അധികാര ലോകം. ഇതിനിടയിലെല്ലാം ശ്വാസം മുട്ടി ജീവിച്ച ഇന്ത്യന്‍ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ ഒന്നുകൂടി അടിച്ചമര്‍ത്തുന്നതായിരുന്നു 2014 ല്‍ രാജ്യത്ത് സംഭവിച്ച രാഷ്ട്രീയാധികാരക്കൈമാറ്റം.
സ്ത്രീകള്‍ക്ക് യാതൊരു സാമൂഹ്യ പദവിയും നല്‍കാത്ത സവര്‍ണ രാഷ്ട്രീയം രാജ്യാധികാരം നേടിയതിന് ശേഷമുള്ള ഇന്ത്യയില്‍ പിന്നീടിങ്ങോട്ട് നടന്ന സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. കുടുംബത്തില്‍, തൊഴിലിടങ്ങളില്‍, പൊതുവിടങ്ങളില്‍ ഇങ്ങനെ സമൂഹത്തിന്റെ നാനാമേഖലകളില്‍ വിവേചനമനുഭവിച്ചിരുന്ന സ്ത്രീകള്‍ ഭരണഘടനാപരമായ അവരുടെ അവകാശം നേടിയെടുക്കുന്നതിനായി മുന്‍കാലങ്ങളില്‍ നിയമ സംവിധാനത്തെ ആശ്രയിച്ചിരുന്നുവെങ്കില്‍ ഇന്ന് അതുപോലും സാധ്യമല്ലാതായി.
നാട്ടുക്കൂട്ടങ്ങളും ഖാപ് പഞ്ചായത്തും അടിച്ചേല്‍പ്പിച്ചിരുന്ന ക്രൂരനീതിയാണ് ഇന്ന് കോടതിയും വിധിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ സമീപകാലത്തെ നിരവധി കോടതിവിധികള്‍ ഇതിനുദാഹരണമാണ്. ജാതിഭ്രാന്ത് തലയ്ക്കുപിടിച്ച ആള്‍ക്കൂട്ടങ്ങള്‍ മുതല്‍ ഉന്നത ജുഡീഷ്യറികള്‍ വരെ ഇന്ന് സ്ത്രീകളെ ഒരുപോലെ വേട്ടയാടുന്നുവെന്ന് ചുരുക്കം.
കഴിഞ്ഞ വര്‍ഷം രാജ്യത്തെ നടുക്കിയ വാര്‍ത്തയായിരുന്നു ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ഒരു ദളിത് പെണ്‍കുട്ടി അതിക്രൂരമായ പീഡനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. എന്നിട്ടും യു.പി യില്‍ നിന്ന് തുടര്‍ന്നും ഒരു ദിവസം പോലും ക്രൂരമായ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ പുറത്തുവരാതിരുന്നില്ല. ഇക്കഴിഞ്ഞ ദിവസവും ഹാത്രാസില്‍ നിന്ന് പീഡനത്തിന് ഇരയായ മറ്റൊരു പെണ്‍കുട്ടിയുടെ പിതാവിനെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയ വാര്‍ത്ത നാം കണ്ടിരുന്നു. ഉത്തര്‍പ്രേദശിലെ തന്നെ ഉന്നാവിലെ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും കഥ രാജ്യമനസാക്ഷിയെ ഏറെ പോറലേല്‍പ്പിച്ചതാണ്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഒരു ദിവസം ചുരുങ്ങിയത് 88 ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ മാത്രമാണിത്. യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഇതിനേക്കാളൊക്കെയേറെയാണ്. ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമ കേസുകളില്‍ ബഹുഭൂരിഭാഗവും ഇരകളാകുന്നത് ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവരാണ്. മേല്‍ജാതിക്കാരായ ഒരു വ്യക്തിയോ അല്ലെങ്കില്‍ ഒരു കൂട്ടമോ ആയിരിക്കും മിക്ക കേസുകളിലെയും പ്രതികള്‍.
ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ സാമൂഹിക പശ്ചാത്തലം, പ്രതികള്‍ക്ക് ലഭിക്കുന്ന നിയമപരവും അല്ലാത്തതുമായ പരിരക്ഷ, അക്രമ സംഭവങ്ങള്‍ പുറം ലോകമറിയാതെ മൂടി വെയ്ക്കപ്പെടുന്ന രീതി, ഇതെല്ലാം പരിശോധിക്കുമ്പോള്‍ കേവലം മേല്‍ജാതിക്കാരായ ക്രിമിനലുകളുടെ മനോനില മാത്രമല്ല ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന് കാരണമെന്ന് നമുക്ക് ബോധ്യമാകും. ജാതിയില്‍ താഴ്ന്ന മനുഷ്യരെ, സ്ത്രീകളെ പിച്ചിച്ചീന്തി, കൊലപാതകങ്ങളും പീഡനങ്ങളും നടത്തി മുന്നേറാനുള്ള ധൈര്യവും അനുവാദവും അവര്‍ക്ക് നല്‍കുന്ന സവര്‍ണ രാഷ്ട്രീയാധികാരത്തെ കൂടിയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത്. അവരാണ് ഈ ക്രൂരതകള്‍ തുടരുന്നതിനുള്ള ആത്മബലം ജാതിക്രിമിനലുകള്‍ക്ക് നല്‍കുന്നത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പോലുള്ള പദ്ധതികള്‍ കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാനോ സ്വസ്ഥമായി പുറത്തിറങ്ങാനോ സാധിക്കുന്ന ഒരു സാഹചര്യം ഉറപ്പ് വരുത്താന്‍ കേന്ദ്രഭരണകൂടത്തിന് ഇനിയും സാധിച്ചിട്ടില്ല. സ്ത്രീധന നിരോധന മിയമം, ശൈശവ വിവാഹ നിരോധന നിയമം, അനാശ്യാസ കച്ചവട നിരോധന നിയമം, ബാലവേല നിരോധന നിയമം തുടങ്ങിയ നിയമങ്ങള്‍ രാജ്യത്തുണ്ടെങ്കിലും അവ ഫലപ്രദമായി നടപ്പാക്കാന്‍ ഇിനിയും ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാജ്യത്തെ പരമോന്നത കോടതി ഒരു പോക്‌സോ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ചത് രാജ്യം ഞെട്ടലോടെ കേട്ടതാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയ്ക്ക് ശിക്ഷയില്‍ നിന്ന് ഇളവ് നല്‍കുന്നതിനായി ഇരയെ വിവാഹം കഴിക്കുമോ എന്ന് ചോദിക്കുന്ന പരമോന്നത കോടതി നിലനില്‍ക്കുന്ന രാജ്യം സ്ത്രീകളുടെ ജീവിതത്തിനും ആത്മാഭിമാനത്തിനും നല്‍കുന്ന വില എത്രമാത്രം പരിതാപകരമാണ്.
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും കരുതി വെച്ചിരിക്കുന്നതെന്താണെന്ന് കൂടിയാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ബലാത്സംഗ – കൊലപാതക സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കോടതിയില്‍ നിന്നും നീതി പ്രതീക്ഷിക്കാനാകാത്ത സമകാലീന സാഹചര്യം ഏറ ഭയാനകമാണ്. നീതിനിര്‍വഹണത്തിന്റെ അടിസ്ഥാനം മനുസ്മൃതിയല്ല ഭരണഘടനയാണെന്ന് നമ്മുടെ കോടതികളും തിരിച്ചറിയേണ്ടതുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Women’s Life in SanghParivar India