| Saturday, 18th December 2021, 1:43 pm

വരുന്നൂ വനിതാ ഐ.പി.എല്‍; ചട്ടക്കൂട് ഉടനെന്ന് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയില്‍ ക്രിക്കറ്റിന് പുതിയ മാനങ്ങള്‍ നല്‍കിയാണ് ഐ.പി.എല്‍ ആരാധകര്‍ക്ക് മുന്നിലെത്തിയത്. ഐ.സി.എല്ലിന്റെ സമസ്തമേഖലകളിലെയും പരാജയങ്ങളെ മറികടന്നാണ് ഐ.പി.എല്‍ പ്രേക്ഷക പ്രീതി നേടിയത്.

2008 മുതലിങ്ങോട്ട് ഐ.പി.എല്ലും ഐ.പി.എല്‍ വളര്‍ത്തിയ താരങ്ങളും ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇപ്പോഴിതാ വനിതാ ക്രിക്കറ്റിലും ഇത്തരത്തില്‍ ഒരു ചുവടുവെപ്പിനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.

ഡബ്ല്യു.ബി.ബി.എല്ലിന്റെ പാത പിന്തുടര്‍ന്ന് ഡബ്ല്യു.ഐ.പി.എല്‍ ആരംഭിക്കാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്. ഇതോടെ വനിതാ ക്രിക്കറ്റില്‍ വന്‍കുതിച്ചു ചാട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത് മൂന്ന് മാസത്തിനകം അന്തിമഘട്ടത്തിലെത്തുമെന്നാണ് ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചിരിക്കുന്നത്.

‘വുമണ്‍സ് ഐ.പി.എല്‍ എന്ന ആശയം ഞങ്ങളുടെ മനസിലുണ്ട്. അടുത്ത മൂന്ന് മാസത്തിനകം ഇതിന്റെ ബ്ലൂപ്രിന്റ് നിങ്ങള്‍ക്ക് നല്‍കാനാവും. ഡബ്ല്യു.ഐ.പി.എല്ലുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്,’ ഗാംഗുലി പറഞ്ഞു. ബാക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന ടോക് ഷോയിലായിരുന്നു പുതിയ പദ്ധതികളെ കുറിച്ച് താരം വ്യക്തമാക്കിയത്.

ഡബ്ല്യു.ബി.ബി.എല്ലിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ചും ഗാംഗുലി അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബി.ബി.എല്ലിന്റെ വുമണ്‍സ് കൗണ്ടര്‍പാര്‍ട്ടില്‍ എട്ട് ഇന്ത്യന്‍ താരങ്ങളാണ് കളിക്കുന്നത്.

ഇന്ത്യയുടെ പവര്‍ ഹിറ്ററായ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയും സിഡ്‌നി തണ്ടേഴ്‌സിന്റെ താരങ്ങളാണ്. റിച്ചാ ഘോഷ് ഹൊബാര്‍ട്ട് ഹറികേന്‍സിന്റെയും ജെമിയ റോഡ്രിഗസ് മെല്‍ബണ്‍ റെനെഗെഡ്‌സിനും വേണ്ടിയാണ് ബി.ബി.എല്ലില്‍ കളിക്കുന്നത്.

പൂനം ശര്‍മയും സ്മൃതി മന്ദാനയും ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിന് വേണ്ടി കളിക്കുമ്പോള്‍ ഷെഫാലി വര്‍മയും രാധാ യാദവും സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടിയാണ് പാഡണിയുന്നത്.

ഡബ്ല്യു.ഐ.പി.എല്‍ വഴി പുത്തന്‍ താരോദയങ്ങളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Women’s IPL: Sourav Ganguly says ‘Women’s IPL framework coming in three months’

We use cookies to give you the best possible experience. Learn more