സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതല്ല സ്ത്രീ സ്വാതന്ത്ര്യം, മുജാഹിദ് സമ്മേളനത്തില്‍ സ്ത്രീകളുടെ പ്രഭാഷണം ആവശ്യമില്ല: മുജാഹിദ് വിസ്ഡം
Kerala News
സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതല്ല സ്ത്രീ സ്വാതന്ത്ര്യം, മുജാഹിദ് സമ്മേളനത്തില്‍ സ്ത്രീകളുടെ പ്രഭാഷണം ആവശ്യമില്ല: മുജാഹിദ് വിസ്ഡം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th February 2023, 10:19 am

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് മുജാഹിദ് വിസ്ഡം വിഭാഗം. സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നത് മുജാഹിദ് പാരമ്പര്യമല്ലെന്നും മുജാഹിദ് വിസ്ഡം സമ്മേളനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. മുജാഹിദ് പൊതുസമ്മേളനങ്ങള്‍ക്ക് സ്ത്രീ പ്രഭാഷണം ആവശ്യമില്ലെന്നും ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകളെ പ്രദര്‍ശിപ്പിക്കുന്നതല്ല സ്ത്രീ സ്വാതന്ത്ര്യം. സ്ത്രീകളെ സംബന്ധിച്ച് ധാരാളം കാഴ്ചപ്പാടുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സ്ത്രീ കാഴ്ചപ്പാടല്ല മുജാഹിദിന്റേത്. സ്ത്രീകളെ പ്രദര്‍ശന വസ്തുവാക്കി വില്‍പ്പന ചരക്കാക്കി മാറ്റുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ രചിച്ച ‘അല്‍ ബലാഉ, അല്‍ ബറാഉ’എന്ന പുസ്തകത്തെ അബ്ദുല്‍ ജബ്ബാര്‍ അബ്ദുള്ള മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും വിവാദ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുവാന്‍ നേതാക്കള്‍ തയ്യാറായില്ല. അദ്ദേഹം നമ്മുടെ നേതാവാണെന്നും ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങള്‍ അദ്ദേഹം എഴുതില്ലെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തില്‍ എഴുതിയതല്ലാത്തതിനാലും വിവര്‍ത്തനമായതിനാലും ഇവിടെ നിന്ന് വായിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം. ഇസ്‌ലാമിക രാജ്യത്ത് നിന്നുള്ളതാണ് ഇതിന്റെ മൂല്യകൃതി. സിഹ്‌റ് (മാരണം) ഫലിക്കുമെന്നത് പ്രമാണങ്ങളിലുണ്ട്. അതില്‍ എതിരഭിപ്രായമില്ല. നമ്മുടെ മതേതര രാജ്യവുമായി ബന്ധപ്പെടുത്തി കൃതിയെ ആശയക്കുഴപ്പത്തിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ഏകദൈവ വിശ്വാസികളായ മുജാഹിദുകള്‍ സിഹ്‌റ് ഫലിക്കുമെന്ന് കരുതുന്നത് ബഹുദൈവ വിശ്വാസമല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും നേതാക്കള്‍ക്ക് സാധിച്ചില്ല.

ഇസ്‌ലാമിക രാഷ്ട്രത്തെയും മതേതര രാഷ്ട്രത്തെയും ഒരുപോലെ കാണരുത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇസ്‌ലാമിക രാജ്യത്ത് മറ്റു മതസ്ഥര്‍ക്ക് ആവശ്യമുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുമുണ്ട്. അവരെ അടിച്ചമര്‍ത്തുന്ന സാഹചര്യം ഇല്ല.

ഈ മാസം 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം സമ്മേളനം സൗദി എംബസി അറ്റാഷെ ശൈഖ് ബദര്‍ ബിന്‍ നാസിര്‍ അല്‍ ബുജൈദി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വിസ്ഡം ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, സെക്രട്ടറി നാസിര്‍ ബാലുശ്ശേരി, അഷ്‌റഫ് കല്ലായി, അബ്ദുല്‍ റസാഖ് അത്തോളി, യു മുഹമ്മദ് മദനി എന്നിവര്‍ പങ്കെടുത്തു.

content highlight: Women’s freedom is not women coming to public, no need for women’s speech at Mujahid conference: Mujahid Wisdom