| Saturday, 16th September 2023, 7:20 pm

ഹിന്ദുക്കള്‍ക്ക് വായ്പ നില്‍കുന്നില്ലെന്ന് പ്രചരണം; കണക്ക് സഹിതം മറുപടിയുമായി വനിതാ വികസന കോര്‍പ്പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. കോര്‍പ്പറേഷന് കീഴില്‍ ഹിന്ദുക്കള്‍ക്ക് വായ്പ നില്‍കുന്നില്ലെന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

ചില പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം വായ്പകള്‍ അനുവദിക്കുന്നു എന്നും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദുക്കള്‍ക്കും വായ്പകള്‍ അനുവദിക്കുന്നില്ലെന്നുമാണ് പ്രചരണം നടക്കുന്നത്. സംവരണ ചട്ടങ്ങളെ തെറ്റായി അവതരിപ്പിച്ചാണ് പ്രചരണം.

എന്നാല്‍, കേന്ദ്ര ധനകാര്യ വികസന കോര്‍പ്പറേഷനുകള്‍ പൊതുവിഭാഗത്തിന് ഇത്തരത്തില്‍ വായ്പ കൊടുക്കുന്ന സംവിധാനം നിലവിലില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകള്‍ക്കുള്ള വ്യക്തിഗത സ്വയംതൊഴില്‍ വായ്പ നല്‍കുന്നുണ്ടെന്നും വനിത വികസന കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വായ്പ നല്‍കിയതിന്റെ കണക്കും കോര്‍പ്പറേഷന്‍ പുറത്തുവിട്ടു.

വനിതാവികസന കോര്‍പ്പറേഷന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം

കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ വിവിധ കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനുകളുടെ (NBCFDC, NMDFC, NSFDC, NSTFDC, NSKFDC) സംസ്ഥാനത്തെ ചാനലൈസിങ് ഏജന്‍സിയാണ്. അവയുടെ വ്യക്തിഗത സ്വയംതൊഴില്‍ വായ്പ പദ്ധതികളും ലഘു വായ്പ പദ്ധതികളും വിദ്യാഭ്യാസ വായ്പ പദ്ധതികളും കോര്‍പ്പറേഷന്‍ നടപ്പാക്കുന്നു.

അതിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെയും സ്ഥാപനത്തിന്റെയും വിഹിതം കൂടി ചേര്‍ത്ത് ടി കോര്‍പ്പറേഷനുകളുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്, പിന്നാക്ക, ന്യൂനപക്ഷ, പട്ടികജാതി, പട്ടികവര്‍ഗ, ശുചീകരണ തൊഴിലാളി വിഭാഗങ്ങളിലെ വനിതകള്‍ക്കാണ് വായ്പകളുടെ വിതരണം നടക്കുന്നത്.

പൊതുവിഭാഗത്തിന് ഇത്തരത്തില്‍ വായ്പ കൊടുക്കുന്ന കേന്ദ്ര ധനകാര്യ വികസന കോര്‍പ്പറേഷനുകള്‍ നിലവിലില്ല. സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിഭാഗത്തിലെ വനിതകള്‍ക്കുള്ള വ്യക്തിഗത സ്വയംതൊഴില്‍ വായ്പ പദ്ധതി സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നു. അതിന് സംസ്ഥാന സര്‍ക്കാരിന്റെയും സ്ഥാപനത്തിന്റെയും ഫണ്ട് വിനിയോഗിക്കുന്നുണ്ട്. അടുത്തിടെ ഈ വായ്പ പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും അഞ്ച് ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാരിന്റെയും വനിതാ വികസന കോര്‍പ്പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് 2000-01 മുതല്‍ ഇതുവരെ പൊതു(മുന്നോക്ക വിഭാഗത്തില്‍പ്പെട്ട 4,551 പേര്‍ക്കായി 8,453.99 ലക്ഷം(84,5 കോടി രൂപ) രൂപയുടെ സ്വയംതൊഴില്‍ വായ്പ അനുവദിച്ചിട്ടുണ്ട്.

വസ്തുതകള്‍ ഇതായിരിക്കെ വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് ചില പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം വായ്പകള്‍ അനുവദിക്കുന്നു എന്നും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദുക്കള്‍ക്കും വായ്പകള്‍ അനുവദിക്കുന്നില്ലായെന്നും വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ മുഖേന നടക്കുകയാണ്.

ഇത്തരത്തില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന വിവരം അറിയിച്ചുകൊള്ളുന്നു.


Content Highlight: Women’s Development Corporation warns against fake propaganda

We use cookies to give you the best possible experience. Learn more