| Monday, 21st August 2023, 6:13 pm

സ്ത്രീകളുടെ സമ്പൂര്‍ണ ശാക്തീകരണവും മുന്നേറ്റവുമാണ് വനിത വികസന കോര്‍പ്പറേഷന്റെ ലക്ഷ്യം: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീകളുടെ സമ്പൂര്‍ണമായുള്ള ശാക്തീകരണവും മുന്നേറ്റവുമാണ് വനിത വികസന കോര്‍പ്പറേഷന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വാശ്രയത്വവും സ്വാതന്ത്ര്യവുമുള്ളവരാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വനിത വികസന കോര്‍പ്പറേഷന്‍ വനിത സംരംഭകര്‍ക്കായി ഒരുക്കിയ ‘എസ്‌കലേറ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണ ജോര്‍ജ്.

‘സാമൂഹികമായ ശാക്തീകരണം അതിന്റെ സമ്പൂര്‍ണമായ അര്‍ത്ഥത്തില്‍ സാധ്യമാകുന്നത് സാമ്പത്തിക ശാക്തീകരണത്തിലൂടെയാണ്. സ്ത്രീകള്‍ സാമ്പത്തികമായി സ്വാശ്രയത്വവും സ്വാതന്ത്ര്യവുമുള്ളവരാകണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെയും വനിത ശിശുവികസന വകുപ്പിന്റെയും ലക്ഷ്യം. അല്ലാത്ത സ്വാതന്ത്ര്യം പൂര്‍ണമല്ല.

അതിന്റെ ഭാഗമായിട്ടാണ് സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വനിത വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ നല്‍കി വരുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ വായ്പയായി നല്‍കിയ 1,152 കോാടി രൂപയില്‍ 945 കോടി രൂപയും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലാണ്. ഈ 945 കോടി രൂപയില്‍ 499.05 കോടിയും നല്‍കിയത് രണ്ടര വര്‍ഷത്തിനിടെയാണ്.

ഒരുപാട് പേരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുന്നുവെന്നത് ഇതിലൂടെ വ്യക്തം. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പ്രത്യക്ഷമായും പരോക്ഷമായും 70,582 പേര്‍ക്ക് കോര്‍പ്പറേഷന്റെ ഇടപെടലിലൂടെ തൊഴിലവസരം ഉണ്ടാക്കാന്‍ സാധിച്ചു. രണ്ടര വര്‍ഷത്തിനുള്ളില്‍ 35,000 അധികം ആളുകള്‍ക്കും നേരിട്ട് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞുവെന്നത് വളരെ അഭിമാനത്തോടെയാണ് സംസ്ഥാന സര്‍ക്കാരും വനിതാ ശിശുവികസന വകുപ്പും വനിതാ വികസന കോര്‍പ്പറേഷനും കാണുന്നത്’, മന്ത്രി പറഞ്ഞു.

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെ ചേര്‍ത്തു പിടിക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായുള്ള പദ്ധതികളും ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും വീണ ജോര്‍ജ് അറിയിച്ചു.

വനമിത്രയെന്ന വനിതാ വികസന കോര്‍പ്പറേഷന്റെ പദ്ധതിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്നും വീണ കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വേണ്ടിയുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും വീണ ജോര്‍ജ് അറിയിച്ചു.

‘ജോലി കിട്ടി ദൂരെ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകേണ്ടി വരുന്നവര്‍ക്കും കുഞ്ഞുങ്ങളുള്ളവര്‍ക്കും വനിത വികസന കോര്‍പ്പറേഷന്‍ പതിനൊന്ന് ജില്ലകളില്‍ നടത്തുന്ന ഹോസ്റ്റലുകള്‍ വലിയ ആശ്വാസമാകുന്നുണ്ട്.

ആലപ്പുഴ, പാലക്കാട്, കാസര്‍കോട് ജില്ലകളിലും ഹോസ്റ്റല്‍ സജ്ജമാക്കുന്നതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. അമ്മമാര്‍ ഓഫീസുകളില്‍ പോകുമ്പോള്‍ കുഞ്ഞുങ്ങളെ ഡേ കെയറുകളിലാക്കാനും തിരിച്ചെത്തുമ്പോള്‍ കൂടെ താമസിപ്പിക്കാനും കഴിയുന്നു. ഹോസ്റ്റല്‍ നടത്തി വരുമാനം ഉണ്ടാക്കുകയെന്നതല്ല കോര്‍പ്പറേഷന്‍ ചെയ്യുന്നത്. സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്ന സാഹചര്യങ്ങളെ മനസിലാക്കി അതിനുള്ള പരിഹാരം കാണാന്‍ സഹായിക്കുകയാണ് ഇതിലൂടെ കോര്‍പ്പറേഷന്‍ ചെയ്യുന്നത്.

കോഴിക്കോട് നടക്കുന്ന ഈ മേളയില്‍ 113 പേര്‍ വനിതാ വികസന കോര്‍പ്പറേഷന്റെ പിന്തുണയോടെ സംരംഭകത്വം തുടങ്ങി മുന്നോട്ട് പോകുന്നവരാണ്. 12 സംരംഭകരാണ് കേരളത്തിന് പുറത്ത് നിന്നും എത്തിയിട്ടുള്ളത്.

കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ നിര്‍ദേശിച്ച സംരംഭകരാണ് ഇവര്‍. കുടുംബശ്രീ അംഗങ്ങളും മേളയിലുണ്ട്. പരസ്പരം അനുഭവങ്ങള്‍ പങ്കുവെച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ഇതിലൂടെ കഴിയും. എല്ലാവരെയും ചേര്‍ത്ത് പിടിക്കുന്ന, വൈവിധ്യങ്ങളുടെ നാടാണ് കോഴിക്കോട്. ഇവിടെ നിന്ന് തന്നെ വനിതാ സംരംഭകര്‍ക്കുള്ള പ്രൊജക്ട് കണ്‍സള്‍ട്ടന്‍സിയുടെ ഭാഗമായുള്ള ഈ മേള ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്,’ വീണാ ജോര്‍ജ് പറഞ്ഞു.

വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വനിത വികസന കോര്‍പ്പറേഷന് മാനേജിങ് ഡയറക്ടര്‍ ബിന്ദു വി.സി. സ്വാഗതം പറഞ്ഞു. വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ് ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ബീന ഫിലിപ്പ്, തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

കോഴിക്കോട് കോര്‍പ്പറേഷന്‍ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍, കൗണ്‍സിലര്‍ കെ. റംലത്ത്, കനറാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പ്രദീപ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം. എസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍. സിന്ധു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരായ ഗ്രേസ് എം.ഡി, ആര്‍. ഗിരിജ, പെണ്ണമ്മ തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വനിതാ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.കെ പ്രകാശിനി നന്ദി പറഞ്ഞു.

content highlights: Women’s Development Corporation’s objective is complete empowerment and advancement of women: Veena George

We use cookies to give you the best possible experience. Learn more