തിരുവനന്തപുരം: ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.
ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ ‘സ്ത്രീ’ എന്ന വാക്ക് ഈ വിധം ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയും ഫിറോസ് അപമാനിച്ചിരിക്കുകയാണ്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇങ്ങനെയുളളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫെയ്ന്‍ പറഞ്ഞു.
നേരത്തെ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ നകെ.എസ്.യു മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി നിയമ നടപടിക്കൊരുങ്ങിയിരുന്നു.
വേശ്യയെന്നും ശരീരം വില്‍ക്കുന്നവളെന്നും വിളിച്ചുള്ള ഫിറോസിന്റെ അധിക്ഷേപത്തിനെതിരെയാണ് ജസ്ല ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയത്.
താനുള്‍പ്പെടെയുള്ള സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്മമരത്തിന് യോജിച്ച വാക്കുകളല്ല വീഡിയോയില്‍ ഉള്ളതെന്നും ജസ്ല പറഞ്ഞു.
മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഫിറോസ് പങ്കെടുത്തതിനെ ജസ്‌ല അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലാണ് ഫിറോസ് സ്ത്രീകളെ അധിക്ഷേപിക്കുന്ന രിതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചത്.
‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’, എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു തനിക്കെതിരെ വിമര്‍ശനം നടത്തിയവര്‍ക്ക് ഫിറോസ് നല്‍കിയ മറുപടി.
മാന്യതയുള്ളവര്‍ വിമര്‍ശിച്ചാല്‍ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്.
Women’s Commission has filed a case against Firoz Kunnamparambil