വനിതാ ഏഷ്യ കപ്പിന്റെ ആവേശത്തിന് ഇനി വെറും മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. ശ്രീലങ്കയാണ് ടൂര്‍ണമെന്റിന്റെ ഒമ്പതാം എഡിഷന് വേദിയാകുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് കിരീടത്തിനായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്.
ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ യു.എ.ഇ നേപ്പാളിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം അരങ്ങേറുന്നത്. ദാംബുള്ളയാണ് വേദി.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിനാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. ദാംബുള്ള റാണ്‍ഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.
നിലവിലെ ചാമ്പ്യന്‍മാര്‍ മാത്രമല്ല, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയ ടീമും ഇന്ത്യ തന്നെ. ആകെ നടന്ന എട്ട് ഏഷ്യാ കപ്പില്‍ ഏഴിലും ഇന്ത്യ തന്നെയാണ് കിരീടമണിഞ്ഞത്. ഈ എട്ട് തവണയും ഇന്ത്യ ഫൈനലും കളിച്ചിരുന്നു എന്നതാണ് മറ്റൊരു രസകരമായ വസ്തുത.
2004, 2005-06, 2006, 2008, 2012, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 2008 വരെ ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ് നടത്തിയിരുന്നത്. തുടര്‍ന്നിങ്ങോട്ട് ടി-20യും. ഫോര്‍മാറ്റ് ഏത് തന്നെയായാലും കിരീടം നേടുക എന്നതായിരുന്നു ഇന്ത്യയുടെ ശൈലി.
ഇതില്‍ അഞ്ച് തവണ ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് തവണ പാകിസ്ഥാനെ തോല്‍പിച്ചും ഇന്ത്യ കപ്പുയര്‍ത്തി.
2018ല്‍ മാത്രമാണ് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയത്. കോലാലംപൂരില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ നിന്നും ഒരു ബൗണ്ടറി ഉള്‍പ്പെടെ ആറ് റണ്‍സ് പിറന്നു. നാലാം പന്തില്‍ സാജിദ ഇസ്‌ലാം പുറത്തായി.
അഞ്ചാം പന്തില്‍ ഡബിളാനായി ഓടിയ ബംഗ്ലാദേശ് ഒരു റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്‍സ് ഓടിയെടുക്കാനായില്ല. മറ്റൊരു റണ്‍ ഔട്ട് കൂടി പിറന്നു. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ബംഗ്ലാദേശ് ഡബിള്‍ ഓടി കിരീടമുയര്‍ത്തുകയായിരുന്നു.
അതേസമയം, എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഗ്രൂപ്പ് ഏ-യില്‍ നിന്നും ആധികാരികമായി തന്നെ സെമി ഫൈനലിന് യോഗ്യത നേടാനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഒരുങ്ങുന്നത്.
ഇന്ത്യന്‍ സ്‌ക്വാഡ്
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാര്‍കര്‍, അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ഡയലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയാങ്ക പാട്ടീല്‍, സജന സജീവന്‍. ശ്വേത ഷെരാവത്, തനുജ കന്‍വെര്‍, സൈക ഇഷാഖ്, മേഘ്ന സിങ്.
പാകിസ്ഥാന്‍ സ്‌ക്വാഡ്
ഗുല്‍ ഫെറോസ, ഇരാം ജാവേദ്, സിദ്ര അമീന്‍, അലിയ റിയാസ്, ഫാത്തിമ സന, നിദ ദാര്‍ (ക്യാപ്റ്റന്‍), ഒമൈന സൊഹൈല്‍, സൈദ ആരൂബ് ഷാ, മുബീന അലി (വിക്കറ്റ് കീപ്പര്‍), നാജിഹ അല്‍വി (വിക്കറ്റ് കീപ്പര്‍), ഡിയാന ബായ്ഗ്, നഷ്ര സന്ധു, സാദിയ ഇഖ്ബാല്‍, താസ്മിയ റുബാബ്, തുബ ഹസന്‍.
Content Highlight: Women’s Asia Cup T20 2024: India will face Pakistan in their first match