വനിതാ ഏഷ്യാ കപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യ. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ഇന്ത്യ നേടിയത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സാണ് ഷെഫാലിയും മന്ഥാനയും ചേര്‍ന്ന് സ്വന്തമാക്കിയത്.
16 റണ്‍സ് നേടിയ ഷെഫാലിയെ മടക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ഉമ ഛേത്രി ഒമ്പത് റണ്‍സും നേടി മടങ്ങി.
നാലാം നമ്പറിലെത്തിയ ഹര്‍മന്‍പ്രീത് കൗറിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 11 പന്തില്‍ 11 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി.
ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാന്‍ സാധിക്കാതെ ഹര്‍മന്‍ പുറത്താവുകയായിരുന്നു. നാല് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വനിതാ ടി-20യില്‍ 2500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടം ഹര്‍മന് സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു.
നിലവില്‍ 2496 റണ്‍സാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹര്‍മന്‍ നേടിയത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍ (വനിതകള്‍)
(താരം – ടീം – റണ്‍സ് എന്ന ക്രമത്തില്‍)
ചമാരി അത്തപ്പത്തു – ശ്രീലങ്ക – 2644*
മെഗ് ലാന്നിങ് – ഓസ്‌ട്രേലിയ – 2619
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 2529
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 2496
സൂസി ബേറ്റ്‌സ് – ന്യൂസിലാന്‍ഡ് – 2071
അതേസമയം, ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് മന്ഥാന ഉറച്ചുനിന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് മന്ഥാന തിളങ്ങിയത്. 47 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തത്. പത്ത് ഫോര്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്.
മന്ഥാനക്ക് പുറമെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ജെമീമ റോഡ്രിഗസിന്റെയും വെടിക്കെട്ടും ഇന്ത്യക്ക് തുണയായി. റിച്ച 14 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 29 റണ്‍സാണ് ജെമീമ നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 165 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ശ്രീലങ്കക്കായി കവിഷ ദില്‍ഹാരി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഉദ്ദേശിക പ്രബോധിനി, ചമാരി അത്തപ്പത്തു, സചിനി നിസന്‍സല എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിലവില്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 44 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ശ്രീലങ്ക. 21 പന്തില്‍ 32 റണ്‍സുമായി ചമാരിയും 12 പന്തില്‍ പത്ത് റണ്‍സുമായി ഹര്‍ഷിത സമരവിക്രമയുമാണ് ക്രീസില്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ഉമ ഛേത്രി, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രാക്കര്‍, രാധ യാദവ്, തനൂജ കന്‍വര്‍, രേണുക സിങ്.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
വിഷ്മി ഗുണരത്നെ, ചമാരി അത്തപ്പത്തു, ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, നിലാക്ഷി ഡി സില്‍വ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പര്‍), ഹാസിനി പെരേര, സുഗന്ധിക കുമാരി, ഇനോഷി പ്രിയദര്‍ശിനി, ഉദ്ദേശിക പ്രബോധിനി, സചിനി നിസന്‍സാല.
Content Highlight: Women’s Asia Cup Final: India vs Sri Lanka: Harmanpreet Kaur failed to achieve a career milestone