വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും. ദാംബുള്ള റാണ്‍ഗിരി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്.
ബംഗ്ലാദേശ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 54 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബംഗ്ലാ നിരയില്‍ വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്.
81 റണ്‍സിന്റെ ചെറിയ ടോട്ടല്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യ സെമിയില്‍ വിജയിച്ചുകയറിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും തകര്‍ത്തടിച്ചതോടെ ഇന്ത്യ 54 പന്ത് ബാക്കി നില്‍ക്കവെ വിജയവും തുടര്‍ച്ചയായ ഒമ്പതാം ഫൈനലും സ്വന്തമാക്കി.
കലാശപ്പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ദാംബുള്ളയില്‍ നടക്കുന്ന പാകിസ്ഥാന്‍ – ശ്രീലങ്ക രണ്ടാം സെമി ഫൈനലില്‍ വിജയിക്കുന്നവരെയാണ് ഫൈനലില്‍ ഇന്ത്യക്ക് നേരിടാനുണ്ടാവുക.
ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ നടന്ന എല്ലാ ഫൈനലിലും ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നു. 2004 മുതല്‍ 2022 വരെ നടന്ന എട്ട് ഏഷ്യാ കപ്പില്‍ എട്ട് ഫൈനലും കളിച്ച ഇന്ത്യ ഏഴ് തവണ വിജയവും സ്വന്തമാക്കി.
2004, 2005-06, 2006, 2008, 2012, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 2008 വരെ ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ് നടത്തിയിരുന്നത്. തുടര്‍ന്നിങ്ങോട്ട് ടി-20യിലും. ഫോര്‍മാറ്റ് ഏത് തന്നെയായാലും കിരീടം നേടുക എന്നതായിരുന്നു ഇന്ത്യയുടെ ശൈലി.
ഇതില്‍ അഞ്ച് തവണ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ കിരീടമണിഞ്ഞപ്പോള്‍ രണ്ട് തവണ പാകിസ്ഥാനെയും ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തുവിട്ടു.
2018ല്‍ മാത്രമാണ് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയത്. ക്വാലാലംപൂരില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
അതേസമയം, രണ്ടാം സെമി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റിന് 140 റണ്‍സ് നേടി. വിക്കറ്റ് കീപ്പര്‍ മുബീന അലി, ഓപ്പണര്‍ ഗുല്‍ ഫെറോസ, ക്യാപ്റ്റന്‍ നിദ ദാര്‍, ഫാത്തിമ സന എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
മുബീന അലി 34 പന്തില്‍ 37 റണ്‍സ് നേടി പുറത്തായപ്പോള്‍ 24 പന്തില്‍ 25 റണ്‍സാണ് ഫെറോസ നേടിയത്. നിദ ദാറും ഫാത്തിമ സനയും 23 റണ്‍സ് വീതം ടോട്ടലിലേക്ക് സംഭാവന ചെയ്തു.
ശ്രീലങ്കക്കായി ഉദ്ദേശിക പ്രബോധിനിയും കവിഷ ദില്‍ഹാരിയും രണ്ട് വിക്കറ്റ് വീതം നേടി.
Content highlight: Women’s Asia Cup 2024: Who will be India’s opponents in the Final