| Friday, 26th July 2024, 10:26 pm

ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ശ്രീലങ്ക; അഞ്ച് തവണ തോറ്റു, ആറാമത് ഇനി വയ്യ! ചമാരിയുടെ ചിറകില്‍ ലങ്ക

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏഷ്യാ കപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കക്ക് ജയം. ദാംബുള്ളയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലിന് യോഗ്യത നേടിയത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു.

141 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ ശ്രീലങ്കക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. വംശി ഗുണരത്‌നെ ബ്രോണ്‍സ് ഡക്കായി മടങ്ങി. ഹര്‍ഷിത് സമരവിക്രമ 12 റണ്‍സും കവിഷ ദില്‍ഹാരി 17 റണ്‍സും നേടി മടങ്ങിയപ്പോള്‍ സില്‍വര്‍ ഡക്കായി നിലാക്ഷി ഡി സില്‍വയും പുറത്തായി.

എന്നാല്‍ ചമാരി അത്തപ്പത്തു എന്ന ലങ്കന്‍ ക്യാപ്റ്റന്റെ അനുഭവ സമ്പത്തിന് മുമ്പില്‍ പാകിസ്ഥാന് ഉത്തരമുണ്ടായില്ല. അര്‍ധ സെഞ്ച്വറിയുമായി ചമാരി ലങ്കയെ ഒറ്റക്ക് തോളിലേറ്റി.

ഒരുവശത്ത് വിക്കറ്റ് വീഴ്ത്തുമ്പോഴും മറുവശത്ത് ചമാരി നിലയുറപ്പിച്ചിരിക്കുന്നുണ്ട് എന്ന വസ്തുത പാകിസ്ഥാനെ തളര്‍ത്തിക്കൊണ്ടേയിരുന്നു.

ഒടുവില്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കവെ ചമാരി പുറത്തായി. സാദിയ ഇഖ്ബാലിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് ചമാരി മടങ്ങിയത്. 48 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും അടക്കം 63 റണ്‍സാണ് താരം നേടിയത്.

ചമാരി പുറത്തായെങ്കിലും വിക്കറ്റ് കീപ്പര്‍ അനുഷ്‌ക സഞ്ജീവനി ലങ്കയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചിരുന്നു. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വരി കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ഗുല്‍ ഫെറോസയും വിക്കറ്റ് കീപ്പര്‍ മുബീന അലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റായി ഗുല്‍ ഫെറോസയെ പാകിസ്ഥാന് നഷ്ടമായി. 24 പന്തില്‍ 25 റണ്‍സ് നേടി നില്‍ക്കവെ ഉദ്ദേശിക പ്രബോധിനിയുടെ പന്തില്‍ നീലാക്ഷി ഡി സില്‍വക്ക് ക്യാച്ച് നല്‍കിയായിരുന്നു ഫെറോസ മടങ്ങിയത്.

പത്താം ഓവറിലെ ആദ്യ പന്തില്‍ ഫെറോസയെ മടക്കിയ പ്രബോധിനി ഓവറിലെ അവസാന പന്തില്‍ മുബീന അലിയെയും പുറത്താക്കി. 34 പന്തില്‍ 37 റണ്‍സാണ് മുബീന നേടിയത്.

പിന്നാലെയെത്തിയവരില്‍ സിദ്ര അമീന്‍ 10 റണ്‍സ് നേടി. ക്യാപ്റ്റന്‍ നിദ ദാര്‍ 17 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. ആലിയ റിയാസ് 15 പന്തില്‍ 16 റണ്‍സും ഫാത്തിമ സന 17 പന്തില്‍ 23 റണ്‍സും നേടി പുറത്താകാതെ നിന്നു.

ശ്രീലങ്കക്കായി ഉദ്ദേശിക പ്രബോധിനയും കവിഷ ദില്‍ഹാരിയും രണ്ട് വിക്കറ്റ് വീതം നേടി.

ഇത് ആറാം തവണയാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലിലെത്തുന്നത്. എന്നാല്‍ ഒരിക്കല്‍പ്പോലും വിജയിക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. അഞ്ച് തവണയും ഇന്ത്യയാണ് ലങ്കയെ പരാജയപ്പെടുത്തിയത്.

ഇപ്പോള്‍ ആറാം തവണയും ലങ്ക ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യയെ തന്നെയാണ് ടീമിന് കലാശപ്പോരാട്ടത്തില്‍ നേരിടാനുള്ളത്.

ജൂലൈ 28നാണ് ഫൈനല്‍ മത്സരം. ദാംബുള്ളയാണ് വേദി.

Content Highlight: Women’s Asia Cup 2024: Sri Lanka advanced to the Final

We use cookies to give you the best possible experience. Learn more