| Friday, 26th July 2024, 6:42 pm

ജയിക്കാന്‍ വേണ്ടത് വെറും 81 റണ്‍സ്, അവിടെയും അര്‍ധ സെഞ്ച്വറി! മന്ഥാന യൂ ബ്യൂട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏഷ്യാ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ വിജയിച്ചിരുന്നു. രാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 54 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വെറും 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബംഗ്ലാ നിരയില്‍ വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്.

81 റണ്‍സിന്റെ ചെറിയ ടോട്ടല്‍ ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യ സെമിയില്‍ വിജയിച്ചുകയറിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും തകര്‍ത്തടിച്ചതോടെ ഇന്ത്യ 54 പന്ത് ബാക്കി നില്‍ക്കവെ വിജയവും തുടര്‍ച്ചയായ ഒമ്പതാം ഫൈനലും സ്വന്തമാക്കി.

81 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ഥാന അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 39 പന്ത് നേരിട്ട് പുറത്താകാതെ 55 റണ്‍സാണ് മന്ഥാന നേടിയത്. ഒമ്പത് ഫോറും ഒരു സിക്‌സറും അടക്കം 141.03 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് മന്ഥാന സ്‌കോര്‍ ചെയ്തത്. 2024 ഏഷ്യാ കപ്പില്‍ താരത്തിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണ്.

ഇതുവരെ കളിച്ച നാല് മത്സരത്തിലെ മൂന്ന് ഇന്നിങ്‌സില്‍ നിന്നും 113 റണ്‍സാണ് മന്ഥാന നേടിയത്. 56.50 എന്ന ശരാശരിയിലും 143.03 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്.

നാല് ഇന്നിങ്‌സില്‍ നിന്നും 184 റണ്‍സ് നേടിയ ഷെഫാലി വര്‍മയാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമത്. 61.33 ശരാശരിയിലും 149.59 സ്‌ട്രൈക്ക് റേറ്റിലുമാണ് ഷെഫാലി സ്‌കോര്‍ ചെയ്തത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന 51 പന്ത് നേരിട്ട് 32 റണ്‍സ് നേടി. 18 പന്തില്‍ നിന്നും പുറത്താകാതെ 19 റണ്‍സടിച്ച ഷോമ അക്തറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ബംഗ്ലാ നിരയില്‍ മറ്റൊരു താരം പോലും ഇരട്ടയക്കം കണ്ടിരുന്നില്ല.

നാല് ഓവര്‍ വീതം പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും രാധ യാദവുമാണ് ബംഗ്ലാദേശിന്റെ പതനം വേഗത്തിലാക്കിയത്. ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഇതോടെ തുടര്‍ച്ചയായ ഒമ്പതാം ഫൈനലിലാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിച്ച 2004 മുതല്‍ ഇതുവരെ നടന്ന എല്ലാ സീസണിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. ഇതുവരെ കളിച്ച ഏട്ട് ഫൈനലില്‍ ഏഴിലും ഇന്ത്യ വിജയിച്ചപ്പോള്‍ 2018ല്‍ മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.

2004, 2005-06, 2006, 2008, 2012, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 2008 വരെ ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ് നടത്തിയിരുന്നത്. തുടര്‍ന്നിങ്ങോട്ട് ടി-20യിലും. ഫോര്‍മാറ്റ് ഏത് തന്നെയായാലും കിരീടം നേടുക എന്നതായിരുന്നു ഇന്ത്യയുടെ ശൈലി.

ഇതില്‍ അഞ്ച് തവണ ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് തവണ പാകിസ്ഥാനെ തോല്‍പിച്ചും ഇന്ത്യ കപ്പുയര്‍ത്തി.

2018ല്‍ മാത്രമാണ് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയത്. ക്വാലാലംപൂരില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.

ഇപ്പോള്‍ എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയുടെ എതിരാളികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പ് മാത്രമാണ് ഇനി ശേഷിക്കുന്നത്. രണ്ടാം സെമി കളിക്കുന്ന ശ്രീലങ്കയോ പാകിസ്ഥാനോ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.

ജൂലൈ 28നാണ് ഫൈനല്‍. ദാംബുള്ളയാണ് വേദി.

Content Highlight: Women’s Asia Cup 2024: Smriti Mandhana scored half century in Semi Final

We use cookies to give you the best possible experience. Learn more