വനിതാ ഏഷ്യാ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യ അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടുകയാണ്. വനിതാ ഏഷ്യാ കപ്പിലെ എട്ടാം കിരീടമാണ് ഇന്ത്യ ഇത്തവണ ലക്ഷ്യമിടുന്നത്. സെമിയില്‍ ബംഗ്ലാദേശ് എന്ന കടമ്പ ഹര്‍മനും സംഘവും അനായാസം മറികടക്കുമെന്ന പ്രതീതിയാണ് ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ ഉണ്ടാകുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബാറ്റുമായി കളത്തിലിറങ്ങിയ ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ബാറ്റ് ചെയ്തവരില്‍ വെറും രണ്ട് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 51 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയുടെ ഇന്നിങ്‌സാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 18 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടിയ ഷോമ അക്തറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
നാല് ഓവര്‍ വീതം പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും രാധ യാദവുമാണ് ബംഗ്ലാദേശിന്റെ പതനം വേഗത്തിലാതക്കിയത്. ദീപ്തി ശര്‍മയും പൂജ വസ്ത്രാര്‍ക്കറുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
ബംഗ്ലാ സൂപ്പര്‍ താരം റിതു മോനിയെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. 14ാം ഓവറിന്റെ മൂന്നാം പന്തില്‍ ദീപ്തി ശര്‍മക്കെതിരെ ഷോട്ട് കളിക്കാനിറങ്ങിയ മോനിക്ക് പിഴയ്ക്കുകയും വിക്കറ്റിന് പിറകില്‍ പതിയിരുന്ന റിച്ച ഘോഷ് താരത്തെ മടക്കുകയുമായിരുന്നു.
ഈ സ്റ്റംപിങ്ങിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റിച്ചയെ തേടിയെത്തിയത്. വനിതാ ഏഷ്യാ കപ്പില്‍ ഏറ്റവുമധികം താരങ്ങളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ഘോഷ് സ്വന്തമാക്കിയത്.
ഇത് ഏഴാം തവണയാണ് റിച്ച മാജിക്കില്‍ എതിര്‍ ടീം ബാറ്റര്‍ സ്റ്റംപിങ്ങിലൂടെ പുറത്താകുന്നത്. ആറ് സ്റ്റംപിങ്ങുമായി ഇന്ത്യന്‍ താരം താനിയ ഭാട്ടിയയും തായ്‌ലാന്‍ഡ് സൂപ്പര്‍ താരം നാനപത് കൊഞ്ചരോയെന്‍കായുമാണ് രണ്ടാമത്.
പരാജയമറിയാതെ സെമിയിലെത്തിയ ഇന്ത്യക്ക് ബംഗ്ലാദേശ് ഉയര്‍ത്തിയ ചെറിയ ടോട്ടല്‍ മറികടക്കാന്‍ സാധിച്ചാല്‍ ഫൈനലിലും പ്രവേശിക്കാം.
ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍
ഗിലാര അക്തര്‍ (വിക്കറ്റ് കീപ്പര്‍), മുര്‍ഷിദ ഖാതും, ഇഷ്മ തന്‍ജിം, നിഗര്‍ സുല്‍ത്താന (ക്യാപ്റ്റന്‍), റുമാന അഹമ്മദ്, റബേയ ഖാതുന്‍, റിതു മോനി, ഷോമ അക്തര്‍, നാഹിദ അക്തര്‍, മറൂഫ അക്തര്‍, ജഹനാര ആലം.
ഇന്ത്യ പ്ലെയിങ് ഇലവന്‍
സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഉമ ഛേത്രി, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാര്‍ക്കര്‍, രാധ യാദവ്, തനുജ കന്‍വര്‍, രേണുക താക്കൂര്‍.
Content Highlight: Women’s Asia Cup 2024: Richa Ghosh created History