തോല്‍വി, കിരീടവും നഷ്ടപ്പെട്ടു, ഒപ്പം നാണക്കേടിന്റെ റെക്കോഡും; മോശം നേട്ടത്തില്‍ സൂപ്പര്‍ താരം
Sports News
തോല്‍വി, കിരീടവും നഷ്ടപ്പെട്ടു, ഒപ്പം നാണക്കേടിന്റെ റെക്കോഡും; മോശം നേട്ടത്തില്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th July 2024, 8:05 pm

വനിതാ ഏഷ്യാ കപ്പ് ഫൈനലിലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക. റാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ വിജയം.

ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് പന്ത് ബാക്കി നില്‍ക്കെ ശ്രീലങ്ക മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെയും യുവതാരം ഹര്‍ഷിത് സമരവിക്രമയുടെയും അര്‍ധ സെഞ്ച്വറികളാണ് ശ്രീലങ്കക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വരുത്തിയ പിഴവുകള്‍ കൂടിയാണ് ആതിഥേയര്‍ക്ക് തുണയായത്. കൈവിട്ടുകളഞ്ഞ ക്യാച്ചുകളും മിസ് ഫീല്‍ഡുകളും ഇന്ത്യയെ ചതിച്ചു.

കിട്ടിയ അവസരങ്ങളിലെല്ലാം തന്നെ സിംഗിളുകള്‍ ഡബിളുകളാക്കി കണ്‍വേര്‍ട്ട് ചെയ്ത് ലങ്ക സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ബൗളര്‍മാര്‍ക്ക് പ്രതീക്ഷിച്ച പോലെ തിളങ്ങാന്‍ സാധിക്കാതെ പോയതും ഇന്ത്യക്ക് വിനയായി.

രാധ യാദവാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മോശം രീതിയില്‍ പന്തെറിഞ്ഞത്. നാല് ഓവറില്‍ 47 റണ്‍സാണ് താരം വിട്ടുകൊടുത്തത്. 11.75 എന്ന എക്കോണമിയാണ് ഇന്ത്യന്‍ സ്പിന്നര്‍ക്കുണ്ടായിരുന്നത്.

ഇതോടെ ഒരു മോശം റെക്കോഡും രാധ യാദവിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന ബൗളര്‍ എന്ന അനാവശ്യ റെക്കോഡാണ് രാധ യാദവിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

പട്ടികയില്‍ പിന്നാലെയുള്ള 13 ബൗളരും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്നതും ഇതോടൊപ്പം ചേര്‍ത്തുവെക്കണം.

വനിതാ ഏഷ്യാ കപ്പിലെ ഒരു ബൗളറുടെ ഏററവും മോശം ബൗളിങ് ഫിഗര്‍

(താരം – ടീം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് എന്നീ ക്രമത്തില്‍)

രാധ യാദവ് – ഇന്ത്യ – ശ്രീലങ്ക – 47

ഐസ എലീസ – മലേഷ്യ – ശ്രീലങ്ക – 45

സമൈറ ധര്‍ണിദര്‍ക – യു.എ.ഇ – ഇന്ത്യ – 42

നൂര്‍ ഹയാത്തി സക്കൈറ – മലേഷ്യ – പാകിസ്ഥാന്‍ – 41

ഷബ്‌നം റായ് – നേപ്പാള്‍ – ഇന്ത്യ – 41

 

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്ക് ഓപ്പണര്‍ വിഷ്മി ഗുണരത്‌നെയെ തുടക്കത്തിലേ നഷ്ടപ്പെട്ടിരുന്നു. റണ്‍ ഔട്ടായാണ് താരം മടങ്ങിയത്. എന്നാല്‍ ക്യാപ്റ്റന്‍ ചമാരിയും വണ്‍ ഡൗണായെത്തിയ ഹര്‍ഷിതയും തകര്‍ത്തടിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 87 റണ്‍സാണ് മത്സരം ഇന്ത്യയുടെ കയ്യില്‍ നിന്നും തട്ടിയകറ്റിയത്.

ടീം സ്‌കോര്‍ 94ല്‍ നില്‍ക്കവെ 43 പന്തില്‍ 61 റണ്‍സ് നേടിയ ചമാരിയെ പുറത്താക്കി ദീപ്തി ശര്‍മയാണ് ഇന്ത്യക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. എന്നാല്‍ നാലാം നമ്പറിലെത്തിയ കവിഷ ദില്‍ഹാരിയെ ഒപ്പം കൂട്ടി ഹര്‍ഷിത സമരവിക്രമ ലങ്കയെ വിജയത്തിലെത്തിച്ചു.

ഹര്‍ഷിത 51 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ പുറത്താകാതെ 30 റണ്‍സാണ് കവിഷ ദില്‍ഹാരി നേടിയത്. ശ്രീലങ്കക്ക് വിജയിക്കാന്‍ ഒമ്പത് പന്തില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ പൂജ വസ്ത്രാക്കറിനെ സിക്‌സറിന് പറത്തി ദില്‍ഹാരി ലങ്കക്ക് കന്നിക്കിരീടം നേടിക്കൊടുക്കുകയായിരുന്നു.

നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സാണ് ഷെഫാലിയും മന്ഥാനയും ചേര്‍ന്ന് സ്വന്തമാക്കിയത്.

16 റണ്‍സ് നേടിയ ഷെഫാലിയെ മടക്കി കവിഷ ദില്‍ഹാരിയാണ് ശ്രീലങ്കക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. പിന്നാലെയെത്തിയ ഉമ ഛേത്രി ഒമ്പത് റണ്‍സും നേടി മടങ്ങി. നാലാം നമ്പറിലെത്തിയ ഹര്‍മന്‍പ്രീത് കൗറിനും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. 11 പന്തില്‍ 11 റണ്‍സുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി.

അതേസമയം, ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് മന്ഥാന ഉറച്ചുനിന്നു. അര്‍ധ സെഞ്ച്വറി നേടിയാണ് മന്ഥാന തിളങ്ങിയത്. 47 പന്തില്‍ 60 റണ്‍സാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തത്. പത്ത് ഫോര്‍ അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്.

മന്ഥാനക്ക് പുറമെ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും ജെമീമ റോഡ്രിഗസിന്റെയും വെടിക്കെട്ടും ഇന്ത്യക്ക് തുണയായി. റിച്ച 14 പന്തില്‍ 30 റണ്‍സ് നേടിയപ്പോള്‍ 16 പന്തില്‍ 29 റണ്‍സാണ് ജെമീമ നേടിയത്.

 

Content Highlight: Women’s Asia Cup 2024: Radha Yadav created a unwanted record