വനിതാ ഏഷ്യാ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. രാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 54 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ബാറ്റ് ചെയ്തവരില്‍ വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്.
51 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയുടെ ഇന്നിങ്സാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 18 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടിയ ഷോമ അക്തറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
നാല് ഓവര്‍ വീതം പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും രാധ യാദവുമാണ് ബംഗ്ലാദേശിന്റെ പതനം വേഗത്തിലാക്കിയത്. ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
സെമിയിലെ പ്രകടനത്തിന് പിന്നാലെ തകര്‍പ്പന്‍ നേട്ടങ്ങളാണ് രേണുക സിങ്ങിനെയും പൂജ വസ്ത്രാക്കറിനെയും തേടിയെത്തിയത്.
അന്താരാഷ്ട്ര ടി-20യില്‍ 50 വിക്കറ്റെന്ന നാഴികക്കല്ലാണ് ഈ മത്സരത്തിലൂടെ രേണുക മറികടന്നത്.
അന്താരാഷ്ട്ര ടി-20യില്‍ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ (വനിതകള്‍)
(താരം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ദീപ്തി ശര്‍മ – 116 – 130
പൂനം യാദവ് – 72 – 98
രാധ യാദവ് – 79- 90
രാജേശ്വരി ഗെയ്ക്വാദ് – 58 – 61
പൂജ വസ്ത്രാക്കര്‍ – 69- 57
ജുലന്‍ ഗോസ്വാമി – 68 – 56
എക്ത ബിഷ്ത – 42 – 53
രേണുക സിങ് – 46 – 50*
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍ (വനിതാ താരം) എന്ന നേട്ടമാണ് പൂജ സ്വന്തമാക്കിയത്. ഇതിഹാസ താരം ജുലന്‍ ഗോസ്വാമിയെ മറികടന്നുകൊണ്ടാണ് പൂജ ഈ നേട്ടത്തിലെത്തിയത്.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടുന്ന പേസര്‍മാര്‍ (വനിതകള്‍)
(താരം – മത്സരം – വിക്കറ്റ് എന്നീ ക്രമത്തില്‍)
പൂജ വസ്ത്രാക്കര്‍ – 69- 57*
ജുലന്‍ ഗോസ്വാമി – 68 – 56
രേണുക സിങ് – 46 – 50*
ശിഖ പാണ്ഡേ – 62 – 43
അതേസമയം, ബംഗ്ലാദാശ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് എതിരാളികളെ തച്ചുതകര്‍ത്ത് ഇന്ത്യയെ ഫൈനലിലെത്തിക്കുകയായിരുന്നു.
മന്ഥാന 39 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 26 റണ്‍സുമായി ഷെഫാലിയും പുറത്താകാതെ നിന്നു.
ജൂലൈ 28നാണ് ഫൈനല്‍ മത്സരം. ശ്രീലങ്ക – പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യക്ക് ഫൈനലില്‍ നേരിടാനുള്ളത്.
Content Highlight: Women’s Asia Cup 2024: Pooja Vastrakar and Renuka Singh in record achievement