വനിതാ ഏഷ്യാ കപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇന്ത്യക്ക് ജയം. രാണ്‍ഗിരി ദാംബുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 54 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ബാറ്റ് ചെയ്തവരില്‍ വെറും രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് ഇരട്ടയക്കം കാണാനായത്.
51 പന്ത് നേരിട്ട് 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയുടെ ഇന്നിങ്സാണ് ബംഗ്ലാദേശിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്. 18 പന്തില്‍ പുറത്താകാതെ 19 റണ്‍സ് നേടിയ ഷോമ അക്തറാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
നാല് ഓവര്‍ വീതം പന്തെറിഞ്ഞ് മൂന്ന് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും രാധ യാദവുമാണ് ബംഗ്ലാദേശിന്റെ പതനം വേഗത്തിലാക്കിയത്. ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ക്ക് തന്നെ ആക്രമിച്ചുകളിച്ചു. ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് എതിരാളികളെ തച്ചുതകര്‍ത്ത് ഇന്ത്യയെ ഫൈനലിലെത്തിക്കുകയായിരുന്നു.
മന്ഥാന 39 പന്തില്‍ പുറത്താകാതെ 55 റണ്‍സ് നേടിയപ്പോള്‍ 28 പന്തില്‍ 26 റണ്‍സുമായി ഷെഫാലിയും പുറത്താകാതെ നിന്നു.
ഇതോടെ തുടര്‍ച്ചയായ ഒമ്പതാം ഫൈനലിലാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. ടൂര്‍ണമെന്റ് ആരംഭിച്ച 2004 മുതല്‍ ഇതുവരെ നടന്ന എല്ലാ സീസണിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. ഇതുവരെ കളിച്ച ഏട്ട് ഫൈനലില്‍ ഏഴിലും ഇന്ത്യ വിജയിച്ചപ്പോള്‍ 2018ല്‍ മാത്രമാണ് ഇന്ത്യ തോല്‍വിയറിഞ്ഞത്.
2004, 2005-06, 2006, 2008, 2012, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 2008 വരെ ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ് നടത്തിയിരുന്നത്. തുടര്‍ന്നിങ്ങോട്ട് ടി-20യിലും. ഫോര്‍മാറ്റ് ഏത് തന്നെയായാലും കിരീടം നേടുക എന്നതായിരുന്നു ഇന്ത്യയുടെ ശൈലി.
ഇതില്‍ അഞ്ച് തവണ ഫൈനലില്‍ ശ്രീലങ്കയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ രണ്ട് തവണ പാകിസ്ഥാനെ തോല്‍പിച്ചും ഇന്ത്യ കപ്പുയര്‍ത്തി.
2018ല്‍ മാത്രമാണ് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയത്. കോലാലംപൂരില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ നിന്നും ഒരു ബൗണ്ടറി ഉള്‍പ്പെടെ ആറ് റണ്‍സ് പിറന്നു. നാലാം പന്തില്‍ സാജിദ ഇസ്‌ലാം പുറത്തായി.
അഞ്ചാം പന്തില്‍ ഡബിളിനായി ഓടിയ ബംഗ്ലാദേശ് ഒരു റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്‍സ് ഓടിയെടുക്കാനായില്ല. മറ്റൊരു റണ്‍ ഔട്ട് കൂടി പിറന്നു. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ബംഗ്ലാദേശ് ഡബിള്‍ ഓടി കിരീടമുയര്‍ത്തുകയായിരുന്നു.
ഇപ്പോള്‍ എട്ടാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയുടെ എതിരാളികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പ് മാത്രമാണ് ഇനി ശേഷിക്കുന്നത്. രണ്ടാം സെമി കളിക്കുന്ന ശ്രീലങ്കയോ പാകിസ്ഥാനോ കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.
ജൂലൈ 28നാണ് ഫൈനല്‍. ദാംബുള്ളയാണ് വേദി.
Content Highlight: Women’s Asia Cup 2024: India advanced to the final