| Sunday, 28th July 2024, 3:14 pm

ലങ്കയെ ആറാം തവണയും തോല്‍പിച്ച് എട്ടാം കിരീടമണിയാന്‍ ഇന്ത്യ; തോല്‍ക്കാനില്ലെന്ന വാശിയില്‍ ചമാരി; ദാംബുള്ളയില്‍ ആദ്യ ചിരി ഇന്ത്യക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏഷ്യാ കപ്പിന്റെ കലാശപ്പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. ദാംബുള്ളയിലെ റാണ്‍ഗിരി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ഫൈനലില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.

സെമി ഫൈനലില്‍ ബംഗ്ലാദേശിനെ നിലംപരിശാക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് നടന്നുകയറിയത്. പത്ത് വിക്കറ്റിന്റെ ആധികാരിക ജയമായിരുന്നു ഹര്‍മനും സംഘവും സ്വന്തമാക്കിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 81 റണ്‍സിന്റെ വിജയലക്ഷ്യം 54 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

രേണുക സിങ്ങും രാധ യാദവും മൂന്ന് വിക്കറ്റ് വീതം നേടി ബൗളിങ്ങില്‍ തിളങ്ങിയപ്പോള്‍ അര്‍ധ സെഞ്ച്വറി നേടിയ സ്മൃതി മന്ഥാന ഇന്ത്യയുടെ വിജയം എളുപ്പമാക്കി.

രണ്ടാം സെമിയില്‍ പാകിസ്ഥാനെ തോല്‍പിച്ചാണ് ശ്രീലങ്ക ഫൈനലിന് യോഗ്യത നേടിയത്. ചമാരി അത്തപ്പത്തുവെന്ന ക്യാപ്റ്റന്റെ ചെറുത്തുനില്‍പാണ് ലങ്കയെ ഫൈനലിലെത്തിച്ചത്.

ഏഷ്യാ കപ്പിന്റെ ഇതുവരെയുള്ള ഒമ്പത് സീസണുകളില്‍ നിന്നും ഇത് ആറാം തവണയാണ് ശ്രീലങ്ക ഫൈനലില്‍ പ്രവേശിക്കുന്നത്. 2024ലേതടക്കം ആറ് തവണയും ഇന്ത്യയായിരുന്നു എതിരാളികള്‍. ഇതിന് മുമ്പ് അഞ്ച് തവണ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ അഞ്ച് തവണയും അവസാന ചിരി ഇന്ത്യയുടേതായിരുന്നു.

ടൂര്‍ണമെന്റ് ആരംഭിച്ച 2004ാണ് ഇരുവരും ആദ്യമായി ഫൈനലിലേറ്റുമുട്ടിയത്. അന്ന് 5-0ന് ഇന്ത്യ കപ്പുയര്‍ത്തി.

ശേഷം 2005-06 സീസണില്‍ 97 റണ്‍സിന് വിജയിച്ച ഇന്ത്യ 2006ല്‍ എട്ട് വിക്കറ്റിനും ലങ്കയെ പരാജയപ്പെടുത്തി. 2008ല്‍ ശ്രീലങ്ക ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലും ഇന്ത്യ ഫൈനലില്‍ ജയിച്ചുകയറി. 117 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

ഈ വിജയങ്ങളെല്ലാം തന്നെ ഏകദിന ഫോര്‍മാറ്റിലായിരുന്നു.

വനിതാ ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റിലേക്ക് മാറിയ 2012ന് ശേഷം ഒരിക്കല്‍ മാത്രമാണ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വന്നത്. 2022ല്‍. അന്ന് എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്.

ആറാം ഫൈനലില്‍ ആദ്യ കിരീടമാണ് ശ്രീലങ്ക ലക്ഷ്യമിടുന്നതെങ്കില്‍ തങ്ങളുടെ ഒമ്പതാം ഫൈനലില്‍ എട്ടാം കിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ശ്രീലങ്കയെ അഞ്ച് തവണ ഫൈനലില്‍ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ രണ്ട് തവണ പാകിസ്ഥാനാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടത്.

2018ല്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യക്ക് ഫൈനലില്‍ തോല്‍വി പിണഞ്ഞത്. അവസാന പന്ത് വരെ ആവേശം തങ്ങി നിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തി.

ഇത്തവണയും വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

ഷെഫാലി വര്‍മ, സ്മൃതി മന്ഥാന, ഉമ ഛേത്രി, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്തി ശര്‍മ, പൂജ വസ്ത്രാക്കര്‍, രാധ യാദവ്, തനൂജ കന്‍വര്‍, രേണുക സിങ്.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

വിഷ്മി ഗുണരത്‌നെ, ചമാരി അത്തപ്പത്തു, ഹര്‍ഷിത സമരവിക്രമ, കവിഷ ദില്‍ഹാരി, നിലാക്ഷി ഡി സില്‍വ, അനുഷ്‌ക സഞ്ജീവനി (വിക്കറ്റ് കീപ്പര്‍), ഹാസിനി പെരേര, സുഗന്ധിക കുമാരി, ഇനോഷി പ്രിയദര്‍ശിനി, ഉദ്ദേശിക പ്രബോധിനി, സചിനി നിസന്‍സാല.

Content Highlight: Women’s Asia Cup 2024, Final: India vs Sri Lanka: India won the match and elect to bat first

We use cookies to give you the best possible experience. Learn more