| Wednesday, 25th April 2018, 11:35 am

'പൂരപ്പറമ്പുകളിലും മറ്റും ഞങ്ങളും നേരിട്ടിട്ടുണ്ട് ലൈംഗിക അതിക്രമങ്ങള്‍'; ഹസ്‌നയുടെ അനുഭവം ശരിവെച്ച് കൂടുതല്‍ സ്ത്രീകള്‍

ജിന്‍സി ടി എം

തൃശൂര്‍: “പരസ്യമായി നൂറ് കണക്കിന് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂര്‍ പൂരം” എന്ന ഹസ്‌ന ഷാഹിദ ജിപ്‌സിയുടെ അഭിപ്രായം ശരിവെച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗത്ത്. ഹസ്‌ന പറഞ്ഞത് തീര്‍ത്തും ശരിയാണെന്നും തൃശൂര്‍ പൂരത്തിനിടയില്‍ മാത്രമല്ല ആള്‍ക്കൂട്ടത്തിനിടയില്‍ സ്ത്രീകള്‍ പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്നുണ്ടെന്നാണ് ഹസ്‌നയെ പിന്തുണച്ചു രംഗത്തുവരുന്നവര്‍ പറയുന്നത്.

തൃശൂര്‍ പൂരത്തിന് പോയപ്പോഴുണ്ടാവുന്ന തന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് പൂരപ്പറമ്പില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം ഹസ്‌ന ശ്രദ്ധയില്‍പ്പെടുത്തിയത്. “അക്കൊല്ലം തൃശ്ശൂര്‍ പൂരത്തിനും പോയി. ജാക്കി” വെപ്പെന്ന ഓമനപ്പേരില്‍ ഇവിടത്തെ പുരുഷന്‍മാര്‍ ആസ്വദിച്ച് പോരുന്ന ലൈംഗികാതിക്രമത്തിന്റെ കിലോമീറ്ററുകള്‍ നീളുന്ന കാഴ്ചയാണവിടെ. രണ്ടു കൈയും വിടര്‍ത്തി പെണ്ണുങ്ങള്‍ക്ക് നടുവിലൂടെ നടന്ന് പോയി ചന്തിയില്‍ തൊട്ട് തൊട്ട് പോകുന്ന ഉദ്ധരിച്ച ലിംഗങ്ങളുടെ പുരുഷാരം.” എന്നും പറഞ്ഞാണ് ഹസ്‌ന തനിക്കുണ്ടായ മോശം അനുഭവം പങ്കുവെക്കുന്നത്.

“സ്‌കൂള്‍ നേരങ്ങളിലെ ബസ്സുകള്‍ തുടങ്ങി ഉത്സവപ്പറമ്പുകള്‍ വരെ. തിരക്കിനിടയില്‍ നിന്ന് നീണ്ട് വരുന്ന ഒരു കൈ മുലയിലോ ചന്തിയിലോ അമര്‍ത്തി പോകുന്നത് നിസ്സഹായതയോടെയോ അമര്‍ഷത്തോടെയോ അനുഭവിക്കാത്തവര്‍ കുറവാകും” എന്നും ഹസ്‌ന പറഞ്ഞിരുന്നു. ഹസ്‌നയുടെ ഈ വാദത്തെ അനുകൂലിച്ചുകൊണ്ട് നിരവധി സ്ത്രീകളാണ് രംഗത്തുവന്നിരിക്കുന്നത്.


Also Read: പരസ്യമായി നൂറുകണക്കിന് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന ഒരിടമാണ് തൃശ്ശൂര്‍ പൂരം


തൃശൂര്‍പൂരത്തിന് പോയപ്പോഴും ശിവരാത്രി മണപ്പുറത്ത് പോയപ്പോഴും തനിക്ക് ഈ അനുഭവം നേരിട്ടിട്ടുണ്ടെന്നാണ് തസ്‌നി ഭാനു പറയുന്നത്. “എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് തൃശൂര്‍ പൂരത്തിന് പോയത്. അതുപോലെ തന്നെ ശിവരാത്രി മണപ്പുറത്തും. രണ്ടിടത്തും ഇതുതന്നെയായിരുന്നു അനുഭവം.” അവര്‍ പറയുന്നു.

കോട്ടയത്ത് ഒരു സിനിമാ തിയ്യേറ്ററില്‍ പോയപ്പോഴാണ് തനിക്ക് അവസാനമായി ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത് എന്നുപറഞ്ഞാണ് ധ്വനി ഷൈനി ഹസനയുടെ വാദം ശരിവെക്കുന്നത്. ” എത്ര സത്യം! പൂരത്തിന് പോകണ്ട. ഏറ്റവും അവസാനം അനുഭവിച്ചത് 15 വര്‍ഷം മുമ്പ് മൂവി റിലീസ് ദിവസം കോട്ടയത്ത് ഒരു തിയ്യേറ്ററില്‍ പോയത്. എടുത്ത ടിക്കറ്റ് വലിച്ചെറിഞ്ഞിറങ്ങിപ്പോന്നു.” അവര്‍ പറയുന്നു.

രണ്ട് കൊല്ലം മുമ്പ് തൃശൂര്‍ പൂരത്തിന് പോയപ്പോഴുണ്ടായ അനുഭവമാണ് ദിയ സന പങ്കുവെച്ചത്. ” രണ്ടുകൊല്ലം മുന്നത്തെ തൃശൂര്‍ പൂരം ആണ്‍സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് വളയം പിടിച്ചു ഞങ്ങളെ കുടമാറ്റം കാണിക്കാന്‍ കൊണ്ടുപോയി.. എന്നിട്ടും തിങ്ങി നിറഞ്ഞ കൈകളില്‍ പലതും എന്റെയും എന്റെ കൂടെയുള്ള പെണ്‍സുഹൃത്തുക്കളുടെയും നേര്‍ക്ക് വരുന്നുണ്ടായിരുന്നു.” അവര്‍ പറയുന്നു.

ഷാഹിന

സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഹസ്‌ന പറഞ്ഞത് ശരിവെച്ച് മുന്നോട്ടുവന്നിട്ടുണ്ട്. സ്ത്രീകളെ ഇത്തരത്തില്‍ ആക്രമിച്ചതിന് സാക്ഷിയായിട്ടുണ്ടെന്നാണ് സനൂപ് സനു പറയുന്നത്. “ഇത്രത്തോളം ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ് മലയാളി ആണുങ്ങള്‍ എന്ന് മനസിലായത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു സാമ്പിള്‍ വെടിക്കെട്ട് രാത്രിയിലാണ്. മാറത്ത് രണ്ടു കയ്യും പൊതിഞ്ഞു കരഞ്ഞുകൊണ്ട് നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികളെയും ആ കരച്ചിലില്‍ പോലും തൊടാനും അമര്‍ത്താനുമുള്ള നായിന്റെ മക്കളെയും അന്നവിടെ കണ്ടിട്ടുണ്ട്…” എന്നാണ് സനൂപ് പറയുന്നത്.

പൂരപ്പറമ്പില്‍ ഇത്തരം അനുഭവം നേരിട്ടതായി മാധ്യമപ്രവര്‍ത്തക കെ.കെ ഷാഹിനയും പറയുന്നു. “ഒരൊറ്റ പ്രാവശ്യമേ പൂരത്തിന് പോയിട്ടുള്ളൂ. ഹസ്‌ന ഈ എഴുതിയതൊക്കെ തന്നെയായിരുന്നു അനുഭവം.” അവര്‍ പറയുന്നു.

ഇത്തരം ആക്രമണങ്ങളുടെ പേരില്‍ സത്രീകള്‍ ഇതുപോലുള്ള ഇടങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയല്ല വേണ്ടത്, ഇവിടങ്ങളില്‍ പോയിക്കൊണ്ടുതന്നെ പരിഹരിക്കേണ്ട ഒന്നാണിതെന്നാണ് ഹസ്‌ന പറയുന്നത്. തിക്കും തിരക്കുമുള്ള എല്ലായിടങ്ങളും സ്ത്രീകള്‍ കടന്നു കയറി തന്നെയാണ് ഇത്തരം ആണ്‍ധാര്‍ഷ്ട്യങ്ങളെ എതിരിടേണ്ടതെന്ന് കെ.കെ ഷാഹിനയും പറയുന്നു.

” തിക്കും തിരക്കുമുള്ള എല്ലായിടങ്ങളിലും സ്ത്രീകള്‍ കടന്ന് കയറുക, കുരുമുളക് സ്‌പ്രേ, ബ്ലേയ്ഡ് തുടങ്ങിയവ ഒരു ദാക്ഷിണ്യവുമില്ലാതെ പ്രയോഗിക്കുക. അത് കൊണ്ട് ഇതൊക്കെ അവസാനിക്കും എന്നല്ല. “അറിയാതെ മുട്ടിപ്പോയതാണ് ” എന്ന ആണ്‍ഭാഷ്യത്തിന് വമ്പിച്ച സ്വീകാര്യതയാണ്. ആ സ്വീകാര്യതയെ “ആക്രമണോത്സുകമായി ” ചോദ്യം ചെയ്യുകയേ നിവൃത്തിയുള്ളൂ. ” ഷാഹിന പറയുന്നു.

ലിയോണ ലിഷോയി

തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇന്ന് പൂരം നടക്കാനിരിക്കെയാണ് പൂരത്തിന് പോയപ്പോഴുണ്ടായ ദുരനുഭവം വിശദീകരിച്ച് ഹസ്‌ന രംഗത്തുവന്നത്. ഹസ്‌നയുടെ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്.

നടി ലിയോണ ലിഷോയിയും പൂരത്തിനിടെ ഇത്തരമൊരു അനുഭവം നേരിട്ടതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുട്ടിക്കാലത്ത് പൂരപ്പറമ്പില്‍ നേരിട്ട മോശം അനുഭവം കാരണം പിന്നീട് പൂരം കാണാന്‍ പോയിട്ടില്ലെന്നാണ് ലിയോണ പറഞ്ഞത്.

നേരത്തെ ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി കഅബക്ക് വലയം വെക്കുന്ന സമയത്ത് ലൈംഗികാതിക്രമണത്തിന് ഇരയായെന്ന പാക് സ്വദേശി സാബിഖാ ഖാന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. സാബിഖയുടെ വെളിപ്പെടുത്തലിനു പിന്നാലെയും സമാനമായ അനുഭവം പങ്കുവെച്ച് നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു.

ജിന്‍സി ടി എം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2010 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more