ജയ്പൂര്‍: സ്ത്രീകള്‍ക്കെതിരായി നടക്കുന്ന 95 ശതമാനം കുറ്റകൃത്യങ്ങളിലും കാരണക്കാര്‍ അവര്‍ തന്നെയാണെന്ന് ജൈന സന്യാസി. ജൈന മതാചാര്യനായ വിശ്രാന്ത് സാഗറാണ് അതിക്രമങ്ങള്‍ സ്ത്രീകള്‍ വിളിച്ചുവരുത്തുന്നതാണെന്ന പ്രസ്താവന നടത്തിയത്.
സ്ത്രീകള്‍ വില്‍പ്പനച്ചരക്കുകളാണെന്നു പറഞ്ഞ വിശ്രാന്ത് സാഗര്‍, അവരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. രാജസ്ഥാനില്‍ മാധ്യമങ്ങളോടു സംസാരിക്കവേയായിരുന്നു സാഗറിന്റെ പരാമര്‍ശങ്ങള്‍.
സ്ത്രീകള്‍ അവരുടെ ഔന്നത്യം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും, ഭര്‍ത്താവിന്റേതടക്കം രണ്ടു കുടുംബങ്ങളെ പരിപാലിക്കേണ്ട ഉത്തരവാദിത്തം സ്ത്രീയുടേതാണെന്നും സാഗര്‍ പ്രസ്താവിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും സ്ത്രീകള്‍ അകലം പാലിക്കണമെന്നും സാഗറിന്റെ ഉപദേശമുണ്ട്.
നിയന്ത്രണരേഖകള്‍ക്കുള്ളില്‍ ജീവിച്ച് ശീലിക്കൂ, ഭാരതീയ സംസ്‌കാരത്തിനിണങ്ങുന്ന രീതിയില്‍ മാത്രം വിദ്യാഭ്യാസം നേടൂ എന്നിങ്ങനെ പോകുന്നു വിശ്രാന്ത് സാഗറിന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍.
മറ്റൊരു ജൈന മതാചാര്യനായ തരുണ്‍ സാഗറും സമാനമായ പ്രസ്താവനകളുടെ പേരില്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെയെല്ലാം ഇസ്‌ലാം മതത്തിലേക്കു മാറ്റാനുള്ള ശ്രമമാണ് ലവ് ജിഹാദ് എന്നായിരുന്നു തരുണ്‍ സാഗറിന്റെ പരാമര്‍ശം. ഇതിനൊരു പരിഹാരം ഉടനെ കണ്ടില്ലെങ്കില്‍ ഇന്ത്യ പാക്കിസ്ഥാനായി മാറുമെന്നും തരുണ്‍ സാഗര്‍ പറഞ്ഞിരുന്നു.