ചെന്നൈ: ലോക്സഭാ സീറ്റുകൾ കൂടുമ്പോൾ ജനസംഖ്യ കുറവുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുറക്കുമെന്നും ഇതിന് വേണ്ടിയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇപ്പോൾ വനിതാ സംവരണ ബിൽ കൊണ്ടുവന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അതേസമയം, നിലവിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് വനിതാ സംവരണ ബിൽ കേന്ദ്രം കൊണ്ടുവന്നതെങ്കിലും താൻ അതിനെ സ്വാഗതം ചെയ്യുന്നു എന്നും സ്റ്റാലിൻ പറഞ്ഞു.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ നിജപ്പെടുത്തുമ്പോൾ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വനിതാ സംവരണത്തെ അത് ബാധിക്കുമോ എന്ന ജനങ്ങളുടെ ഭയം പ്രധാനമന്ത്രി നരേന്ദ്ര മോദി ദൂരീകരിക്കണം എന്ന് ഒമ്പത് പേജുകളുള്ള പ്രസ്താവനയിൽ സ്റ്റാലിൻ പറഞ്ഞു. യഥാർത്ഥത്തിൽ വനിതകൾക്ക് സംവരണം നടപ്പാക്കണം എന്ന് ബി.ജെ.പിക്ക് ഉണ്ടായിരുന്നെങ്കിൽ അവർ അധികാരത്തിൽ വന്നയുടൻ തന്നെ അത് നടപ്പാക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയിലെ ആർട്ടിക്കിൾ 81(2)(എ) പ്രകാരം, ഒരു സംസ്ഥാനത്തിന്റെ ജനസംഖ്യക്ക് അനുപാതമായിരിക്കണം അവിടുത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം. രാജ്യത്ത് സെൻസസ് പൂർത്തിയാക്കി പ്രസിദ്ധീകരിക്കുകയും മണ്ഡലങ്ങൾ ജനസംഖ്യക്ക് അനുപാതമായി പുനർനിശ്ചയിക്കുകയും ചെയ്ത ശേഷമായിരിക്കും വനിതാ സംവരണ ബിൽ നിയമമാകുക എന്നാണ് ബില്ലിൽ പരാമർശിക്കുന്നത്.
മണ്ഡലങ്ങൾ നിജപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യയിൽ ആശങ്കകളുണ്ട്. കാരണം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, ബിഹാർ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനസംഖ്യ വളരെ കുറവാണ്. ഇതിനാൽ ലോക്സഭയിൽ പ്രാതിനിധ്യത്തിൽ വളരെ വ്യത്യാസം ഉണ്ടാകും.
2026ൽ സീറ്റുകൾ നിജപ്പെടുത്തുമ്പോൾ തമിഴ്നാടിന് 8 സീറ്റുകൾ നഷ്ടമാകുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
‘ജനസംഖ്യ നിയന്ത്രണത്തിന് കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കൃത്യമായി പിന്തുടരുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മണ്ഡലം നിജപ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുന്നത്,’ സ്റ്റാലിൻ പറഞ്ഞു.
ഈ സാഹചര്യത്തിൽ വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പിന്നിൽ ദക്ഷിണേന്ത്യയിലെ പ്രാതിനിധ്യം കുറക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്ന് സ്റ്റാലിൻ ആരോപിച്ചു.
‘ഇതൊരു രാഷ്ട്രീയ നീക്കമാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പാർലമെന്റിലെ സീറ്റുകൾ വർധിപ്പിക്കുകയാണെങ്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രാതിനിധ്യം കുറയും,’ സ്റ്റാലിൻ പറഞ്ഞു.
2024 തെരഞ്ഞെടുപ്പ് അടുക്കുന്നത് വരെ ബി.ജെ.പി വനിതാ സംവരണത്തെ കുറിച്ച് സംസാരിച്ചില്ലെന്നും ബിൽ പാസാക്കുന്ന കാര്യത്തിൽ ബി.ജെ.പി സർക്കാരിന് യാതൊരു പ്രതിബദ്ധതയും ഇല്ലായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlight: Women’s reservation bill: Stalin says it’s a political conspiracy to reduce Loksabha seats in southern states