പുതിയ മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ല, ഇത് ബി.ജെ.പിയുടെ ചിന്താഗതിയാണ് കാണിക്കുന്നത്: എന്‍.സി.പി എം.പി സുപ്രിയ സുലെ
national news
പുതിയ മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ല, ഇത് ബി.ജെ.പിയുടെ ചിന്താഗതിയാണ് കാണിക്കുന്നത്: എന്‍.സി.പി എം.പി സുപ്രിയ സുലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 5:43 pm

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ മന്ത്രിസഭ ചൊവ്വാഴ്ച വിപുലീകരിച്ചിരുന്നു. എന്നാല്‍ മന്ത്രിമാരുടെ പട്ടികയില്‍ ഒരു സ്ത്രീ പ്രതിനിധി പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന വിമര്‍ശനങ്ങള്‍ പലയിടത്തുനിന്നും ഉയരുന്നുണ്ട്.

മുഖ്യമന്ത്രിയായി അധികാരമേറ്റ് 41 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷിന്‍ഡെ മന്ത്രിസഭ വിപുലീകരിക്കുന്നത്. പുതിയ മന്ത്രിസഭയില്‍ ഒരു സ്ത്രീ പ്രതിനിധി പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന വിമര്‍ശനം രാഷ്ട്രീയ പ്രവര്‍ത്തകരും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉയര്‍ത്തുന്നുണ്ട്.

പുതിയ മന്ത്രിസഭയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഇല്ലാത്തത് ബി.ജെ.പിയുടെ ചിന്താഗതിയാണ് കാണിക്കുന്നതെന്ന് എന്‍.സി.പി എം.പി സുപ്രിയ സുലെ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘വനിതകള്‍ക്ക് സംവരണം നല്‍കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്ത ജനസംഖ്യയില്‍ 50 ശതമാനത്തോളം സ്ത്രീകളാണെങ്കിലും മന്ത്രിസഭയില്‍ അവര്‍ക്ക് പ്രാതിനിധ്യം ഇല്ല. ഇത് ബി.ജെ.പിയുടെ ചിന്താഗതിയാണ്
കാണിക്കുന്നത്.’ സുപ്രിയ പറഞ്ഞു.

ഷിന്‍ഡെ വിഭാഗത്തില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും ഒമ്പത് വീതം എം.എല്‍.എമാരുള്‍പ്പെടെ 18 മന്ത്രിമാരാണ് ചൊവ്വാഴ്ച ദക്ഷിണ മുംബൈയിലെ രാജ്ഭവനില്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ ബി.എസ്. കോഷിയാരി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

കഴിഞ്ഞ ദിവസം മന്ത്രിസഭ വികസനവുമായി ബന്ധപ്പെട്ട് ഷിന്‍ഡെ വിമത എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ 30നായിരുന്നു ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ടായിരുന്നു ഷിന്‍ഡെ മുഖ്യമന്ത്രിയായത്. ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഉപമുഖ്യമന്ത്രി.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമുള്‍പ്പെടെ മഹാരാഷ്ട്ര മന്ത്രിസഭയുടെ അംഗബലം ഇപ്പോള്‍ 20 ആയി ഉയര്‍ന്നിട്ടുണ്ട് പരമാവധി അനുവദനീയമായ 43 എന്നതിന്റെ പകുതിയില്‍ താഴെയാണ് ഇത്.

അതേസമയം പുതുതായി തെരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര മന്ത്രിസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ആശംസകള്‍ അറിയിക്കുന്നുവെന്നും, ഭരണ പരിചയത്തിന്റെയും നല്ല ഭരണം നല്‍കാന്‍ സാധിക്കുമെന്നതിന്റേയും പശ്ചാത്തലത്തില്‍ നിലവിലേത് മികച്ച സര്‍ക്കാര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് മഹാരാഷ്ട്രയില്‍ മന്ത്രിമാരായി അധികാരമേറ്റ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഭരണ പരിചയത്തിന്റെയും നല്ല ഭരണം നല്‍കാന്‍ സാധിക്കുമെന്നതിന്റേയും പശ്ചാത്തലത്തില്‍ നിലവിലേത് മികച്ച സര്‍ക്കാര്‍ തന്നെയാണ്, രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിന് ആശംസകള്‍ നേരുന്നു,’ മോദി ട്വിറ്ററില്‍ കുറിച്ചു.

Content Highlight: Women Representation is nil in new Maharashtra cabinet says MP Supriya Sule