കൊച്ചി: പെണ്‍കുട്ടികളേയും സ്ത്രീകളേയും കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന ആവശ്യവുമായി സമീപിച്ച കെ.സി.ആര്‍.എം പ്രവര്‍ത്തകരോട് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുമ്പസാരക്കൂടിന് മുന്നില്‍ ലൈംഗിതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകള്‍ വൈദീകരെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത് എന്ന് കെ.സി.ആര്‍.എം പ്രവര്‍ത്തകയായ അഡ്വ. ഇന്ദുലേഖ പറഞ്ഞതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈദികര്‍ക്കെതിരെ ലൈംഗിക ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് കുമ്പസാരിപ്പിക്കാന്‍ കന്യാസ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യവുമായി കെ.സി.ആര്‍.എം രംഗത്തെത്തിയത്. ഇതിനെതിരായ നടപടികള്‍ സ്വീകരിക്കുമെന്ന് ഓരോ സംഭവത്തിന് ശേഷവും സഭ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും വീണ്ടും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ആലഞ്ചേരി പിതാവ് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞുവെന്ന് ഇന്ദുലേഖ പറയുന്നു. സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കുകയും വൈദികര്‍ പാപമോചനം നല്‍കുകയും ചെയ്താല്‍ കുമ്പസാരക്കൂട്ടില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
“കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുമ്പാസാരക്കൂട്ടില്‍ പാപമോചനത്തിനായി വൈദികനോട് പറയുമ്പോള്‍, വൈദീകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാവശ്യ ചോദ്യങ്ങളാണ് പ്രശ്നങ്ങള്‍ സൃഷടിക്കുന്നത്.
വളരെ ചെറുപ്പത്തിലായിരിക്കും പലരും വൈദികരാകാനുള്ള തീരുമാനമെടുക്കുക. പിന്നീട് ഇതില്‍ നിന്നും പുറത്തുവരണമെന്ന് ഇവര്‍ ആഗ്രഹിച്ചാലും സമൂഹത്തേയും സഭയേയും ഭയന്ന് ഇവര്‍ക്കത് സാധിക്കുന്നില്ല.” -ഇന്ദുലേഖ പറയുന്നു.
സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ നേരത്തേ കേരള കാത്തലിക് റിഫോര്‍നേഷന്‍ മൂവ്മെന്റ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു.
“പുരോഹിതന്മാരുടെ കുമ്പസാര കൂടുകളെ സ്ത്രീകള്‍ ഭയപ്പെടുന്നു, സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കട്ടെ” എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമരം.