'ചീഫ് ജസ്റ്റിസ് നിയമത്തിന് അതീതനല്ല' അറസ്റ്റിനുശേഷവും മടങ്ങാതെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സുപ്രീം കോടതിക്കു മുമ്പില്‍ അഭിഭാഷകരും സ്ത്രീകളും: പ്രദേശത്ത് 144 പ്രഖ്യാപിച്ചു
Supreme Court
'ചീഫ് ജസ്റ്റിസ് നിയമത്തിന് അതീതനല്ല' അറസ്റ്റിനുശേഷവും മടങ്ങാതെ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി സുപ്രീം കോടതിക്കു മുമ്പില്‍ അഭിഭാഷകരും സ്ത്രീകളും: പ്രദേശത്ത് 144 പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th May 2019, 12:31 pm

 

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അക്രമ ആരോപണം അന്വേഷിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളില്‍ പോരായ്മ ചൂണ്ടിക്കാട്ടി സുപ്രീം കോടതിക്കു മുമ്പില്‍ സ്ത്രീകളുടെയും അഭിഭാഷകരുടെയും പ്രതിഷേധം.

പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി കോടതിക്കു മുമ്പിലെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാല്‍ ഇതിനു പിന്നാലെ വീണ്ടും കുറച്ചു സ്ത്രീകള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ഇവരെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

പ്രതിഷേധത്തെ തുടര്‍ന്ന് സുപ്രീം കോടതിക്ക് പുറത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ, ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ അംഗങ്ങളായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്. പരാതിയില്‍ കഴമ്പില്ലെന്ന കണ്ടെത്തലാണ് ഇവര്‍ നടത്തിയത്. ഇതിന്റെ റിപ്പോര്‍ട്ട് ജസ്റ്റിസ് എന്‍.വി രമണയ്ക്കു കൈമാറിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിനും റിപ്പോര്‍ട്ട് കൈമാറിയെന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആഭ്യന്തര നടപടിക്രമങ്ങളുടെ ഭാഗമായുള്ള റിപ്പോര്‍ട്ട് പരസ്യപ്പെടുത്താത്തത് 2003-ല്‍ ഇന്ദിര ജെയ്‌സിങ്ങും സുപ്രീം കോടതിയും തമ്മിലുള്ള കേസിലെ വിധിയനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

സമിതിക്കു മുന്നില്‍ രണ്ടുതവണ ഹാജരായ യുവതി പിന്നീട് പരാതിയില്‍നിന്നു പിന്മാറുകയായിരുന്നു. അഭിഭാഷകരില്ലാതെ സമിതിക്കു മുന്നില്‍ ഹാജരാകുന്നതു ഭീതിയും മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നതായി ആരോപിച്ചായിരുന്നു ഇത്.

ഗോഗോയിക്കെതിരേ ഗൂഢാലോചന നടന്നെന്ന വാദത്തില്‍ സുപ്രീം കോടതി നേരത്തേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ പട്നായിക് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണം നടത്തുന്നത് സി.ബി.ഐ-ഐ.ബി-ദല്‍ഹി പോലീസ് എന്നിവരുടെ സംയുക്തസംഘമാണ്.

അതിനിടെ പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം നടത്തരുതെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാനും അന്വേഷണ സമിതിയെ സമീപിച്ചെന്ന വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഇക്കാര്യം സുപ്രീംകോടതി നിഷേധിച്ചിരുന്നു. എന്നാല്‍ മെയ് രണ്ടിന് ഇതേ ആവശ്യമുന്നയിച്ച് ചന്ദ്രചൂഢ് ജഡ്ജിമാര്‍ക്കു കത്തയച്ചിരുന്നു.

പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം കത്ത് നല്‍കിയത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു.