| Saturday, 13th April 2019, 3:52 pm

കാട് കാക്കാന്‍ ഒരു സ്ത്രീ കെ.എസ്.ഇ.ബിയോട് ഏഴു വര്‍ഷമായി നടത്തുന്ന പോരാട്ടം

ജംഷീന മുല്ലപ്പാട്ട്

എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരില്‍ രണ്ട് ഏക്കറിലായി 40 വര്‍ഷമായി സംരക്ഷിച്ചു പോരുന്ന വനമുണ്ട്. മൂന്നു കാവുകളും കുളങ്ങളും വ്യത്യസ്ഥ ജീവജാലങ്ങളും അടങ്ങിയ ജൈവ വൈവിധ്യ കലവറയാണ് ശാന്തീവനം എന്ന് അറിയപ്പെടുന ഈ സംരക്ഷിത വനഭൂമിയെന്ന്് കേരള വന സംരക്ഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തിയതാണ്.

ഈ വനത്തിലൂടെയാണ് മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നത്. ഇതിനു വേണ്ടി വനത്തിനു നടുവില്‍ ടവര്‍ സ്ഥാപിക്കണം. ഈ ടവറിനു വേണ്ടി വനത്തിലെ ഒരു പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു.

സിഗ്-സാഗ് രീതിയിലാണ് വൈദ്യുത ലൈന്‍ വലിക്കുന്നതെന്ന് ശാന്തീ വനത്തിന്റെ ഉടമ മീന മേനോന്‍ പറയുന്നു. അതിന് വേണ്ടിയാണ് ശാന്തി വനത്തിന്റെ നടുവില്‍ ടവര്‍ സ്ഥാപിക്കുന്നത്. 2013ലാണ് ശന്തീവനത്തില്‍ വൈദ്യുത ടവര്‍ സ്ഥാപിക്കാന്‍ പോകുന്നു എന്ന് കെ.എസ്.ഇ.ബി, ഉടമയെ അറിയിക്കുന്നത്.

തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കി. കലക്ടര്‍ കമ്മീഷനെ നിയമിക്കുകയും വനത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കെ.എസ്.ഇ.ബിയോട് ആള്‍ട്ടര്‍നേറ്റീവ് റൂട്ട് തയ്യാറാക്കി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തു.

ആ റൂട്ടിലെ ടവര്‍ ശാന്തീ വനത്തോട് ചേര്‍ന്നായിരുന്നു. ഇതു സമ്മതിക്കാന്‍ ഉടമ തയ്യാറുമായി. എന്നാല്‍ രണ്ടാഴ്ചക്കു ശേഷം ആ റൂട്ട് താന്‍ തള്ളിക്കളഞ്ഞു എന്ന എ.ഡി.എമ്മിന്റെ ഉത്തരവാണ് ലഭിക്കുന്നതെന്ന് മീന മേനോന്‍ പറയുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചു.

ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചതോടൊപ്പം മുഖ്യമന്ത്രിക്കും ഹരിത കേരളം മിഷനും മീന മേനോന്‍ നിവേദനം കൊടുത്തു. നിവേദനത്തിനു മേലുള്ള നടപടി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ 2019 മാര്‍ച്ച് 14ന് കെ.എസ്.ഇ.ബി ശാന്തീവനത്തില്‍ ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

തുടര്‍ന്ന് ഹൈക്കോടതിയെ വീണ്ടും സമീപിച്ചപ്പോള്‍ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കേസ് വീണ്ടും കേള്‍ക്കുകയും ഏപ്രില്‍ നാലിന് കെ.എസ്.ഇ.ബിയ്ക്ക് അനുകൂലമായി വിധി പറയുകയും ചെയ്തു. കോടതിയില്‍ കെ.എസ്.ഇ.ബിക്കാര്‍ വ്യാജ മാപ്പ് ഹാജരാക്കിയതായി മീന പറയുന്നു. അതില്‍ പറയുന്നത് ആള്‍ട്ടര്‍നേറ്റീവ് റൂട്ടില്‍ രണ്ടു കാവുകള്‍ ഉണ്ടെന്നാണ്. തുടര്‍ന്ന് കേസ് കോടതി തള്ളി.

തുടര്‍ന്ന് ഏപ്രില്‍ ആറിന് കെ.എസ്.ഇ.ബി ശാന്തീവനത്തില്‍ ടവര്‍ നിര്‍മാണ ജോലികള്‍ തുടങ്ങി. ഇനി വൈദ്യുത ലൈന്‍ വലിക്കണമെങ്കില്‍ രണ്ടു കാവുകള്‍ പൂര്‍ണമായും നശിപ്പികണം. അതിനു മുമ്പെങ്കിലും സമൂഹം ഇടപെടണമെന്ന് മീന മേനോന്‍ പറയുന്നു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം