കാബൂള്‍: തങ്ങളുടെ എല്ലാവിധ അവകാശങ്ങളും തിരികെ വേണമെന്നാവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ പ്രതിഷേധം. കാബൂളിലെ വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയിലാണ് പ്രതിഷേധവുമായി സ്ത്രീകള്‍ തടിച്ചു കൂടിയത്.
താലിബാന്‍ പിടിമുറുക്കിയ അഫ്ഗാന്റെ തന്ത്രപ്രധാനമായ പ്രദേശമാണിത്. നിയമ നിര്‍മാണത്തിലും രാഷ്ട്രീയത്തിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും തുല്യമായ അവകാശങ്ങള്‍ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമായിരുന്നു ഉണ്ടായിരുന്നത്. ഇസ്ലാമിക നിയമസംഹിതയായ ശരീഅത്ത് പ്രകാരമുള്ള ഭരണമാണ് താലിബാന്‍ നടത്തിയിരുന്നത്. ഈ നിയമപ്രകാരം സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാനും ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങാനും പാടില്ല എന്നും താലിബാന്റെ നിഷ്‌കര്‍ഷയുണ്ടായിരുന്നു.
സോര്‍ വിപ്ലവാനന്തരം കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് നടപ്പിലാക്കിയ എല്ലാ നിയമ സംവിധാനങ്ങളും മുഴുവനായി അട്ടിമറിക്കപ്പെട്ടു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ പൊതുവിടങ്ങളിലെ ജോലിയും അവരുടെ വോട്ടവകാശവും എല്ലാം തന്നെ താലിബാന്‍ അവസാനിപ്പിച്ചിരുന്നു. ഈ അവകാശങ്ങള്‍ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്.
താലിബാനിലെ ആദ്യ മേയറായ സാരിഫാ ഗഫാരി കഴിഞ്ഞ ഞായറാഴ്ച താലിബാന്‍ തന്നെ വധിച്ചേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. താന്‍ തന്റെ മരണത്തെ പ്രതീക്ഷിച്ചിരിക്കുകയാണെന്നും ആരും തങ്ങളെ സഹായിക്കില്ലെന്നും ഗഫാരി പറഞ്ഞു. അവര്‍ തന്നെയും തന്നെപ്പോലെയുള്ളവരെയെല്ലാം കൊല്ലുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.
താലിബാന്‍ രാജ്യം പിടിച്ചടക്കിയതോടെ പ്രസിഡന്റും മറ്റും പാലായനം ചെയ്തിരിക്കുകയാണ്. രാജ്യം വിട്ട അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ അയല്‍രാജ്യമായ താജിക്കിസ്ഥാനിലാണ് അഭയം തേടിയിരിക്കുന്നത്.
അതേസമയം അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിട്ടതോടെ സംരക്ഷിത (കെയര്‍ടേക്കര്‍) പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് അമറുള്ള സലെ രംഗത്തെത്തി. താലിബാന് കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും പോരാടുമെന്നും സലെ പറഞ്ഞു.
അഫ്ഗാന്‍ ഭരണഘടന പ്രകാരം നിലവിലെ പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ (രാജ്യം വിടുക, രാജിവെക്കുക, മരണം തുടങ്ങിയ സാഹചര്യങ്ങളില്‍) വൈസ് പ്രസിഡന്റിനാണ് പകരം ചുമതല. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ അഷ്‌റഫ് ഗാനി രാജ്യം വിട്ടിരുന്നു.
ഇതോടെയാണ് പകരം ചുമതല താനേറ്റെടുക്കുന്നതായി സലെ പ്രഖ്യാപിച്ചത്. താലിബാന്‍ കാബൂള്‍ കീഴടക്കുമെന്ന് ഉറപ്പായ ഞായറാഴ്ച തന്നെ തന്റെ നിലപാട് വ്യക്തമാക്കി സലെ ട്വീറ്റ് ചെയ്തിരുന്നു.
‘താലിബാനു മുന്നില്‍ തല കുനിക്കേണ്ട സാഹചര്യം എനിക്കൊരിക്കലുമില്ല. ഞാനെന്റെ ആത്മാവിനെ വഞ്ചിക്കില്ല. എന്റെ ഹീറോയായ, കമാന്‍ഡറും ഇതിഹാസവും വഴികാട്ടിയുമായ അഹമ്മദ് ഷാ മസൂദിന്റെ പൈതൃകത്തെ ഒറ്റില്ല. എന്നെ ശ്രവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ നിരാശരാക്കില്ല. താലിബാനു കീഴിലുള്ള ഒരാളായി എനിക്കൊരിക്കലും മാറാനാവില്ല, ഒരിക്കലും’ എന്നായിരുന്നു സലെയുടെ ട്വീറ്റ്.