| Sunday, 7th October 2018, 11:00 am

സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ദേവസ്വം ബോര്‍ഡ്; 14, 15 തിയ്യതികളിലായി വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവ്. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ദേവസ്വം കമ്മിഷണര്‍ പുറത്തിറക്കി.

ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും ദേവസ്വം ബോര്‍ഡിലെ വനിത ജീവനക്കാരെയും എംപ്ലോയ്‌മെന്റ് വഴി എത്തിയ താല്‍കാലിക വനിതാ ജീവനക്കാരെയും നിയമിക്കാനാണ് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

അതേസമയം, ശബരിമലയില്‍ 14, 15 തിയ്യതികളിലായി വനിതാ പൊലീസുകാര്‍ ഡ്യൂട്ടിക്കെത്തും. ഇത് സംബന്ധിച്ച് 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കയച്ചു. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല്‍പതു പേരില്‍ 30 വനിതാ പൊലീസുകാരെയും 14, 15 തിയ്യതികളിയായി ശബരിമലയില്‍ എത്തും.

ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് കേരളാ പൊലീസിലെ വനിതകള്‍ സ്വമേധയാ വന്നില്ലെങ്കില്‍ ഇതര സംസ്ഥാനത്തെ വനിതാ പൊലീസുകാരെ എത്തിക്കാനുള്ള സഹായം തേടുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ഉത്തരവാദിത്തം. ശബരിമലയിലേക്കെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനിതാ പൊലീസിനെ നിയോഗിക്കുന്നതെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ മാസം തന്നെ വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി പറഞ്ഞിരുന്നു. ജോലിയും വിശ്വാസവും രണ്ടാണ്. പൊലീസ് സേനയില്‍ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more