| Monday, 5th November 2018, 8:44 pm

യുവതി മല ചവിട്ടാതെ പിന്‍മാറി; മല കയറണമെന്ന നിലപാടില്‍ ഉറച്ച് ഭര്‍ത്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പമ്പ: ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ചേര്‍ത്തല സ്വദേശിനി അഞ്ജു മല കയറുന്നതില്‍നിന്ന് പിന്‍മാറിയതായി സൂചന. എന്നാല്‍, യുവതിക്കും രണ്ട് മക്കള്‍ക്കുമൊപ്പം മല കയറണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഭര്‍ത്താവ്.

അതേസമയം, യുവതി സന്നിധാനത്തേക്ക് പോകുന്നില്ലെന്ന് എസ്.പി രാഹുല്‍ ആര്‍ നായര്‍ അറിയിച്ചിട്ടുണ്ട്. ചിത്തിര ആട്ടവിശേഷത്തിന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് അഞ്ജു ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം പമ്പയിലെത്തിയത്. സന്നിധാനത്ത് എത്താന്‍ സുരക്ഷ നല്‍കണമെന്ന് ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.


സന്നിധാനത്തെ സ്ഥിതിഗതികള്‍ പോലീസ് യുവതിയെ പറഞ്ഞു മനസിലാക്കി. ഇതോടെ ഭര്‍ത്താവ് പറഞ്ഞാല്‍ മടങ്ങിപ്പോകാമെന്ന നിലപാടില്‍ യുവതി എത്തി. എന്നാല്‍, യുവതിക്കൊപ്പം ദര്‍ശനം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭര്‍ത്താവ്. യുവതിയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുമായി പൊലീസ് സംസാരിച്ചിരുന്നു.

ദര്‍ശനത്തിന് യുവതി എത്തിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ പമ്പയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കെ.പി ശശികലയുടെ നേതൃത്വത്തില്‍ പമ്പ ഗണപതി കോവിലിന് സമീപമാണ് ശരണമന്ത്രങ്ങള്‍ ജപിച്ചുകൊണ്ടുള്ള പ്രതിഷേധം നടക്കുന്നത്.


അതേസമയം, നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ കൂട്ടംകൂടാനാവില്ലെന്നത് അടക്കമുള്ള കാര്യങ്ങള്‍ പോലീസ് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

നിലയ്ക്കലില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് യുവതി പമ്പയിലെത്തിയത്. പോലീസ് കണ്‍ട്രോള്‍ റൂമിലാണ് യുവതിയും കുടുംബവും ഇപ്പോഴുള്ളത്. യുവതിക്ക് മടങ്ങിപ്പോകുന്നതിന് ആവശ്യമെങ്കില്‍ സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഫോട്ടോ കടപ്പാട്: മാതൃഭൂമി

Latest Stories

We use cookies to give you the best possible experience. Learn more