മൈസൂര്‍: വടക്കേ ഇന്ത്യയില്‍ സാധാരണമായ ദുരഭിമാനക്കൊലപാതകങ്ങള്‍ കര്‍ണാടകത്തിലും. മൈസൂരിലെ ആലനഹള്ളിയിലാണ് മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ദീര്‍ഘകാലം സുഹൃത്തായിരുന്ന ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് കോളേജ് അധ്യാപികയായ യുവതിയെ സ്വന്തം സഹോദരനാണ് കൊലപ്പെടുത്തിയത്. ആലനഹള്ളി സ്വദേശി സ്മൃതി (24) ആണ് കൊല്ലപ്പെട്ടത്.
സഹോദരന്‍ മഹാദേവയെ കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യയില്‍ ദളിത് യുവാവിനെ സ്‌നേഹിച്ചതിന് പെണ്‍കുട്ടിയെ അച്ഛനും സഹോദരനും കൂടി കൊലപ്പെടുത്തി യുവാവിന്റെ വീട്ടില്‍ കെട്ടിത്തൂക്കിയ സംഭവം നടന്ന് രണ്ടുമാസം തികയുന്നതിന് മുന്‍പാണ് വീണ്ടും മറ്റൊരു ദുരഭിമാനക്കൊല നടന്നത്.
ചാമരാജ നഗറിലെ കോളേജില്‍ അധ്യാപികയായിരുന്ന സ്മൃതി ഒരു വര്‍ഷം മുന്‍പാണ് വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് സുഹൃത്തായ ദലിത് യുവാവിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് ആലനഹള്ളിയില്‍ താമസിച്ചുവരികയായിരുന്നു.
ഇവരുടെ താമസസ്ഥലം കണ്ടെത്തിയ മഹാദേവ കഴിഞ്ഞ ദിവസം ഇവിടെയെത്തി വഴക്കുണ്ടാക്കുകയും യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്‌ക്കേറ്റ മുറിവിനെ തുടര്‍ന്ന് യുവതി മരിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട മഹാദേവയെ നഗരത്തില്‍ നിന്നുതന്നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.