മദ്യപാനവും, പുകവലിയും മൂലം പുരുഷനേക്കാള്‍ കൂടുതല്‍ മരണം സ്ത്രീകളിലെന്ന് പഠനം
World
മദ്യപാനവും, പുകവലിയും മൂലം പുരുഷനേക്കാള്‍ കൂടുതല്‍ മരണം സ്ത്രീകളിലെന്ന് പഠനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2013, 1:23 pm

[]പാരീസ്:  മദ്യപാനവും, പുകവലിയും മൂലം മരണപ്പെടുന്നവരില്‍ പുരുഷന്മാരെക്കാള്‍  കൂടുതല്‍ സ്ത്രീകളെന്ന് പഠനം. യൂറോപ്പില്‍ വ്യാപകമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഫ്രഞ്ച് ഗവേഷക സംഘമാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.[]

40 വയസ്സിനും, അതിന് മുകളിലുമുള്ള 380,000 പേരില്‍ നടത്തിയ പഠനത്തിലാണ്  ഗവേഷക സംഘം ഇക്കാര്യം കണ്ടെത്തിയത്. പുകവലിക്കുകയും, മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളില്‍ മാനസിക സംഘര്‍ഷങ്ങളും, ശാരീരിക അവശതകളും ഏറി വരുന്നതായും പഠനത്തില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഇത്തരത്തില്‍ 26,411 സ്ത്രീകള്‍ മരിച്ചിട്ടുണ്ടെന്നും പഠനം തെളിയിക്കുന്നു.

ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ ഫ്രഞ്ച് പഠന സംഘം പുറത്തിറക്കിയ ” എപ്പിഡമിയോളജിക്കല്‍ എബ്‌ഡോമഡൈര്‍”  എന്ന ജേര്‍ണലില്‍ ഇക്കാര്യത്തെ കുറിച്ച്  വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.

ദിവസവും 15 സിഗരറ്റുകള്‍ വീതം വലിക്കുന്ന സ്ത്രീയിലും, പുരുഷനിലും രോഗത്തിന്റെ സാധ്യത കണക്ക് കൂട്ടുമ്പോള്‍ പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീയിലാണെന്ന് പഠനം വ്യക്തമാക്കുന്നു.

ലോക ജനസംഖ്യയില്‍ മദ്യപാന ശീലം പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീയില്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മദ്യപിക്കുന്ന സമയത്ത് അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സ്ത്രീകള്‍ ആലോചിക്കാറില്ലെന്നും, എന്നാല്‍ പുരുഷന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുണ്ടെന്നെന്നും പഠനം സൂചിപ്പിക്കുന്നു.
പുകവലി ശീലമുള്ളവരില്‍ മരണ നിരക്ക്, പുകവലി ശീലമില്ലാത്തവരേക്കാള്‍ 1.5 ശതമാനം കൂടുതലാണണെന്നും പഠനം വ്യക്തമാക്കുന്നു.