| Friday, 17th December 2021, 3:14 pm

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിക്കുന്ന വനിത മന്ത്രിമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ച് എത്തണം: പി.എം.എ. സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിക്കുന്ന വനിത മന്ത്രിമാര്‍ നിയമസഭയില്‍ പാന്റ് ധരിച്ച് എത്തണമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. യൂണിഫോം മാറ്റത്തിലൂടെ പുരുഷാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പി.എം.എ. സലാം പറഞ്ഞു.

പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി ആര്‍. ബിന്ദു പാന്റ് ഇടാന്‍ തയ്യാറാകണം. പുരുഷവേഷം സ്ത്രീകളെകൊണ്ട് ധരിപ്പിക്കുകയല്ല, സ്ത്രീവേഷം പുരുഷന്മാര്‍ ധരിക്കുകയാണ് വേണ്ടത്.

പുരുഷാധിപത്യം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സലാം പറഞ്ഞു.

വസ്ത്രം മാറിയതുകൊണ്ട് സ്ത്രീ വിഷയങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. സ്ത്രീകള്‍ക്ക് ജൈവികമായ വ്യത്യാസമുണ്ട്. അത് നിലനിര്‍ത്തുകയാണ് വേണ്ടത്.

18 വയസു കഴിഞ്ഞ പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് തുടര്‍ വിദ്യാഭ്യാസത്തിന് അവസരമില്ലാത്തതുകൊണ്ടാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ ലീഗ് എതിര്‍ക്കുന്നത്.

വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നുമാണ് സലാം പറഞ്ഞത്.

അതേസമയം, വഖഫ് വിഷയത്തില്‍ പള്ളികളെ ഉപയോഗിച്ച് ബോധവല്‍ക്കരണം തുടരുമെന്നും മുസ്‌ലിങ്ങളെ ബാധിക്കുന്ന വിഷയമാണ് ലീഗ് ഉയര്‍ത്തുന്നതെന്നും സലാം കൂട്ടിച്ചേര്‍ത്തു.

വഖഫ് വിഷയം പള്ളികളില്‍ തന്നെ പറയും. പള്ളികളെ സമരവേദിയാക്കണമെന്നല്ല ലീഗ് പറഞ്ഞത്. ബോധവല്‍ക്കരണമാണ് ലക്ഷ്യം. അത് തുടരുമെന്നും സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുസ്‌ലിം വ്യക്തിനിയമത്തിനെതിരായ കടന്നുകയറ്റമാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നതിലൂടെ നടക്കുന്നതെന്ന് ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു.

വിവാഹം കഴിക്കാതെ തന്നെ കൂടെ ജീവിക്കുന്നതിന് സാധൂകരണം നല്‍കുന്ന രാജ്യമാണ് ഇത്. അങ്ങനെയൊരു സമയത്ത് ഇത്തരത്തിലൊരു അജണ്ടയുമായി വരുന്നതിന് എന്തെങ്കിലും ലോജിക് ഉണ്ടോയെന്ന് ഇ.ടി. ചോദിച്ചിരുന്നു.

വിവാഹപ്രായം കൂട്ടിയാല്‍ പഠനം കൂടുമെന്നൊക്കെ പറയുന്നുണ്ടെന്നും അതൊന്നും യുക്തിഭദ്രമായിട്ടുള്ള കാര്യമല്ല, നമ്മുടെ നാട്ടില്‍ വിവാഹം കഴിഞ്ഞിട്ട് എത്രയോ കുട്ടികള്‍ പഠിക്കുന്നുണ്ടെന്നുമാണ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Women MLAs in favor of gender neutral uniform should come to the assembly wearing pants: PMA Salam

We use cookies to give you the best possible experience. Learn more