വാഷിങ്ടണ്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന് പിന്തുണയുമായി അമേരിക്കയുടെ തെരുവിലിറങ്ങി വനിതകള്‍. ഫ്രീഡം പ്ലാസയില്‍ നിന്ന് വൈറ്റ് ഹൗസിലേക്കാണ് നൂറുകണക്കിന് വനിതകള്‍ കമലയ്ക്ക് പിന്തുണയര്‍പ്പിച്ച് മാര്‍ച്ച് നടത്തിയത്.
2022ലെ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം എടുത്തുകളഞ്ഞ സുപ്രീം കോടതി വിധിയെ പരസ്യമായി അനുകൂലിച്ച ഡൊണാള്‍ഡ് ട്രംപിനെതിരാണ് ഇവരില്‍ ഭൂരിഭാഗവുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
‘സ്ത്രീ എന്ന നിലയില്‍ ഞങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടുചെയ്യുക എന്നത് ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്,’ നോര്‍ത്ത് കരോലീനയില്‍ നിന്നുള്ള ലീ ബ്രൂക്കര്‍ പ്രതികരിച്ചു.
ഏകദേശം 1500ഓളം വനിതകള്‍ റാലിയില്‍ അണി നിരന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളുടെ അവകാശങ്ങള്‍, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ കമല ശക്തമായ നിലപാട് എടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നാണ് റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം വനിതകളും പ്രതികരിച്ചത്.
‘എനിക്ക് 70 വയസ്സായി, 1972ല്‍ വോട്ട് ചെയ്യാന്‍ തുടങ്ങി. 2016ലെ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഹിലാരി ക്ലിന്റണ് വേണ്ടിയും ഞാന്‍ മാര്‍ച്ച് ചെയ്തിരുന്നു. 2024ല്‍ കമലയ്ക്ക് വേണ്ടിയും മാര്‍ച്ച് ചെയ്യുന്നു,’ മറ്റൊരു സ്ത്രീ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
തങ്ങള്‍ക്ക് ട്രംപിനെ വേണ്ടാത്തതിനാലാണ് കമലയ്ക്ക് വോട്ട് ചെയ്യുന്നതെന്നും എല്ലാത്തിലുമുപരി അവര്‍ ഒരു വനിത നേതാവാണെന്നും നന്നായി തന്നെ പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേരിലാന്‍ഡില്‍ നിന്നുള്ള മറ്റൊരു വനിത വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും നിര്‍ണായകമാണെന്ന് ഊന്നിപ്പറഞ്ഞു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുകയാണെങ്കില്‍ അത് ഫാസിസത്തിനുള്ള വോട്ടാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. നവംബര്‍ അഞ്ചിനാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlight: Women march in the US in support of Kamala Harris