| Friday, 29th June 2018, 10:24 am

വനിതാ ലീഗിന്റെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാകുന്നില്ല; നേതൃത്വത്തിനെതിരെ വനിതാ ലീഗ് നേതാവ്

ജിതിന്‍ ടി പി

കോഴിക്കോട്: വനിതാ ലീഗ് ഭാരവാഹികളെ പ്രഖ്യാപിച്ചത് നേതൃത്വത്തിന്റെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന വിമര്‍ശനവുമായി വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി മറിയുമ്മ. ജൂണ്‍ 23 ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മറിയുമ്മ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

വനിതാ ലീഗ് സംസ്ഥാന കൗണ്‍സിലിന്റെ അഭിപ്രായങ്ങള്‍ ഒട്ടും മാനിക്കാതെയാണ് ഭാരവാഹി പ്രഖ്യാപനം നടത്തിയതെന്നും ഇത് അംഗീകരിക്കില്ലെന്നും മറിയുമ്മ പറഞ്ഞതായി മാധ്യമറിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വനിത ലീഗിന്റെ നേതൃയോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും മറിയുമ്മ വ്യക്തമാക്കിയിരുന്നു.

ALSO READ: മത്സ്യങ്ങളിലെ ഫോര്‍മാലിന്‍ പ്രയോഗം; ആളൊഴിഞ്ഞ് മീന്‍മാര്‍ക്കറ്റുകള്‍; ദുരിതത്തിലായി സാധാരണ കച്ചവടക്കാര്‍

തന്നോട് ആലോചിക്കാതെയാണ് ദേശീയ വൈസ് പ്രസിഡന്റാക്കിയതെന്നും അതിനാല്‍ ഈ പദവി ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇനി വനിതാ ലീഗിലേക്കില്ലെന്നും മുസ്‌ലിം ലീഗ് പ്രവര്‍ത്തകയായി തുടരുമെന്നും അവര്‍ വ്യക്തമാക്കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

അഡ്വ.പി കുല്‍സു, സുഹ്‌റ മമ്പാട്

അതേസമയം താനിപ്പോഴും ലീഗ് പ്രവര്‍ത്തകയാണെന്നും രാജിവെച്ചിട്ടില്ലെന്നും മറിയുമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനും അവര്‍ തയ്യാറായില്ല.

ജൂണ്‍ 27 ന് കോഴിക്കോട്ട് ചേര്‍ന്ന വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മറിയുമ്മ പങ്കെടുത്തിരുന്നില്ല.

കഴിഞ്ഞ മാസം 29 നാണ് വനിതാ ലീഗിന് പുതിയ ഭാരവാഹികളെ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. 1996 ല്‍ രൂപവത്കരിച്ച സംഘടനയ്ക്ക് 22 വര്‍ഷത്തിനുശേഷമാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.

കഴിഞ്ഞ വര്‍ഷം ബി.ജെ.പി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം നടത്തിയത് വിവാദമായതിനെത്തുടര്‍ന്ന് വനിതാ ലീഗ് അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ മാറ്റി കെ.പി മറിയുമ്മയ്ക്ക് ചുമതല നല്‍കിയിരുന്നു.

ALSO READ: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കേണ്ട ജസ്റ്റിസ് ഹേമ കമ്മിറ്റി ഇതുവരെ എന്തു ചെയ്തു? 

മാസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കെും സമ്മര്‍ദങ്ങള്‍ക്കും ശേഷം സുഹ്റ മമ്പാടിനെയാണ് സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിനായി നാലുപേരാണ് രംഗത്തുണ്ടായിരുന്നത്. അഡ്വ. കെ.പി മറിയുമ്മ സ്ഥാനത്തിനുവേണ്ടി അവസാനഘട്ടംവരെ രംഗത്തുണ്ടായിരുന്നു. ഇതിനുപുറമെ അഡ്വ.പി കുല്‍സു, അഡ്വ.നൂര്‍ബിന റഷീദ് എന്നിവരെ പ്രസിഡന്റാക്കാന്‍ വിവിധ നേതാക്കളും വനിതാലീഗ് ഭാരവാഹികളും രംഗത്തുവന്നു.

വനിതാലീഗിലേക്ക് മുസ്‌ലിംലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു യൂത്ത്ലീഗിലേയും എം.എസ്.എഫിലേയും നേതാക്കള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ നേതാക്കളുടെ പിന്തുണയോടെ നിലവില്‍ ജില്ലാ കമ്മിറ്റി അംഗംപോലും അല്ലാത്ത പ്രതിനിധിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നു ചൂണ്ടിക്കാട്ടി വനിതാലീഗ് ഭാരവാഹികളും കോഴിക്കോട് ജില്ലയില്‍നിന്നുള്ള അംഗങ്ങളും രംഗത്തുവരികയായിരുന്നു.

ഏറെ തര്‍ക്കമുയര്‍ന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ പാണക്കാട് ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തി ഒന്നര മാസം പിന്നിട്ടാണ് പ്രഖ്യാപനം വരുന്നത്. ഇക്കഴിഞ്ഞ രണ്ടിനു പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തര്‍ക്കം മൂലം നടന്നില്ല.

ALSO READ: മൃതദേഹത്തോട് പോലും ക്രൂരത കാണിക്കുന്ന ജാതീയത ആവര്‍ത്തിക്കുന്നു; ബെള്ളൂരില്‍ ദളിതര്‍ സഞ്ചരിക്കുന്ന വഴിയടച്ച് സവര്‍ണര്‍

പ്രസിഡന്റ് സ്ഥാനത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കെ.പി മറിയുമ്മയെ ദേശീയ വൈസ് പ്രസിഡന്റാക്കിയിരുന്നു. അഞ്ചു വീതം വൈസ് പ്രസിഡന്റുമാരും സെക്രട്ടറിമാരും കൂടി ഉള്‍പ്പെടുന്നതാണ് സംസ്ഥാന ഭാരവാഹിപ്പട്ടിക. കെ.പി മറിയുമ്മയെ പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ടു വനിതാലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി ജല്‍സീമിയയും ജില്ലാ വൈസ് പ്രസിഡന്റ് വാക്യത്ത് റംലയും രംഗത്തുവന്നപ്പോള്‍ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിന നിയാസും സെക്രട്ടറി സറീന ഹസീബും സുഹ്റ മമ്പാടിനെ പിന്തുണച്ചു.

അഡ്വ.നൂര്‍ബീന റഷീദ്, ഖമറുന്നീസ അന്‍വര്‍, അഡ്വ. കെ.പി.മറിയുമ്മ, ജയന്തി രാജന്‍, അഡ്വ. പി.എ.റസിയ, ഖദീജ കുറ്റൂര്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളാണ്. 11 അംഗ സെക്രട്ടേറിയേറ്റില്‍ ബാക്കിയുള്ളവരെ പീന്നീട് നോമിനേറ്റ് ചെയ്യും.

WATCH THIS VIDEO:

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more