അമൃത്സര്‍: കേന്ദ്രം പാര്‍ലമെന്റില്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നത്. ബില്ലിനെതിരെ രാജ്യത്ത് ഭാരത് ബന്ദും ആഹ്വാനം ചെയ്തിട്ടുണ്ടായിരുന്നു. പഞ്ചാബില്‍ കഴിഞ്ഞ ദിവസം നടന്ന കര്‍ഷക പ്രക്ഷോഭത്തെ നയിച്ചത് കുറച്ച് സ്ത്രീകളായിരുന്നു.
രണ്ട് കോളെജ് വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍, പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കൗമാരക്കാര്‍ എന്നിവരാണ് പഞ്ചാബില്‍ കര്‍ഷകര്‍ക്കൊപ്പമെത്തി മുന്‍നിരയിലെത്തി പ്രതിഷേധിച്ച സ്ത്രീകള്‍.
അവര്‍ കേന്ദ്രത്തിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയത്.
പഞ്ചാബിലെ ബര്‍ണാല ജില്ലയില്‍ ഛാപ്പ, മെഹല്‍ കാലന്‍ എന്നീ ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകര്‍ ഭഗത് സിംഗിന്റെ ചിത്രം കൈകളില്‍ പിടിച്ചും പ്രതിഷേധിച്ചു.
കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യവ്യാപകമായി കഴിഞ്ഞ ദിവസം ഭാരത് ബന്ദ് നടത്തിയപ്പോള്‍ അതില്‍ മുഖ്യ പങ്കാളിത്തമുണ്ടായത് പഞ്ചാബിലും ഹരിയാനയിലുമാണ്. ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ നിരവധി കര്‍ഷകരാണ് കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം സാധാരണക്കാരായ ജനങ്ങളും മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ പിന്തുണയറിച്ച് രംഗത്തെത്തി. വഴി തടഞ്ഞാലും ഭാരത ബന്ദ് നടത്തിയാലും തങ്ങളുടെ പിന്തുണ കര്‍ഷകര്‍ക്കാണെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു.
‘കര്‍ഷകര്‍ റോഡുകള്‍ തടഞ്ഞാലും ബന്ദിന് ആഹ്വാനം നല്‍കിയാലും ഞങ്ങള്‍ അവരോടൊപ്പമുണ്ട്. മാസങ്ങളോളം ലോക് ഡൗണില്‍ കഴിയാമെങ്കില്‍ നമുക്ക് ഇതും ഉള്‍ക്കൊള്ളാം. കാരണം അവരുടെ ആവശ്യങ്ങള്‍ സത്യമുള്ളതാണ്. കര്‍ഷകന്‍ അതിജീവിച്ചാല്‍ മാത്രമേ ഞങ്ങള്‍ ജീവിക്കുകയുള്ളൂ, ‘ ജലന്ധറിലെ പലചരക്ക് കട ഉടമ സതീഷ് കുമാര്‍ പറഞ്ഞു.
ഇത് തങ്ങളുടെ ജീവന്‍ മരണപ്പോരാട്ടമാണെന്നും കര്‍ഷക ബില്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത കര്‍ഷകരും പറഞ്ഞു.
സര്‍ക്കാറിനെ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കറിയാമെങ്കില്‍ തകര്‍ക്കാനും ഞങ്ങള്‍ക്കറിയാമെന്നാണ് യുവാക്കള്‍ പ്രതികരിച്ചത്. പ്രതിഷേധത്തില്‍ മുഴങ്ങിക്കേട്ട മറ്റൊരു മുദ്രാവാക്യമാണ് മോദിയെന്ന് പേരുള്ള അയാള്‍ ദേശവിരുദ്ധനാണ് എന്നത്.
കര്‍ഷകര്‍ പ്രതിഷേധിക്കുന്നിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിരുന്നു. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച ജന്‍ അധികാര്‍ പാര്‍ട്ടി (ജെ.എ.പി) അംഗങ്ങളെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
പലയിടങ്ങളിലും പ്രതിഷേധം അടിച്ചമര്‍ത്താന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാരത ബന്ദിന് വലിയ പിന്തുണയാണ് ലഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക