പ്രബുദ്ധരായ മലയാളികള്‍…എന്ന വാക്കിന്റെ പിന്നില്‍ മലയാളികളുടെ രാഷ്ട്രീയ ബോധത്തിന്റെ കൂടി അടയാളപ്പെടുത്തലുണ്ട് …. സ്വാതന്ത്ര്യസമരം മുതല്‍ കമ്മ്യൂണിസ്റ്റ് ചിന്തകള്‍ വരെ..പിന്നീടുള്ള നവരാഷ്ട്രീയം വരെ നീണ്ടു നില്‍ക്കുന്ന ചരിത്രത്തില്‍ സ്ത്രീ പങ്കാളിത്തം എത്രമാത്രമുണ്ടെന്ന് ആരെങ്കിലും ചിന്തിച്ചു കാണുമോ? ആവോ…
സ്വാതന്ത്ര്യസമരത്തിന് കരുത്തു പകരാന്‍ സ്വര്‍ണ കമ്മല്‍ ഊരിക്കൊടുത്ത കൗമുദി എന്ന പെണ്‍കുട്ടി, ആനി മസ്‌ക്രിന്‍ തുടങ്ങിയ ഏതാനും പേരേയാണ് പാഠപുസ്തകത്തില്‍ കണ്ടത്. വിരലിലെണ്ണാവുന്ന കരുത്തരായ പെണ്ണുങ്ങള്‍. പിന്നീട് മലബാര്‍ സമരത്തില്‍, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച കുറച്ച് പേരുടെ പേരുകള്‍…
61 പിന്നിട്ട കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ത്രീ സാന്നിധ്യം വളരെ കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് ചോറും കറിയും വെച്ച് വിളമ്പി വീട്ടിലെ പുരുഷന്‍മാരെ രാഷ്ട്രീയക്കാരാക്കാന്‍ മാത്രം ജീവിക്കുന്ന പെണ്ണുങ്ങള്‍..
സി.പി.ഐ.എമ്മിന് എവിടെയെങ്കിലും എരിയാ സെക്രട്ടറിയായി വനിതകള്‍ ഉണ്ടോ..എന്ന അന്വേഷണത്തിന് കിട്ടിയ മറുപടി രസകരമാണ്. രാത്രിയും പകലും ഇറങ്ങിത്തിരിക്കണം.. പിന്നെ ധൈര്യം വേണ്ടേ…അതിനൊക്കെ തയ്യാറുള്ളവര്‍ക്കല്ലേ …ഈ സ്ഥാനങ്ങള്‍ ഏല്‍പിക്കാനാവൂ…ശരിയാ..പെണ്ണുങ്ങള്‍ക്ക് അതൊക്കെ സാധിക്കില്ല…വീടും കുടുംബവും നോക്കാന്‍ തന്നെ ഒരുപാടുണ്ട്.
ഒരു സാധാരണക്കാരന് കുറ്റം പറയാന്‍ തോന്നാത്ത ഉത്തരമാണ് പലരില്‍ നിന്നും കിട്ടിയത്. പക്ഷേ, അതിസൂക്ഷ്മമായ നിരീക്ഷണങ്ങളിലും പഠനങ്ങളിലും സ്ത്രീകളെ തഴയുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടെന്ന് വ്യക്തമാകും.
ചരിത്രപരമായ തഴയല്‍..നമ്പൂതിരി സമുദായത്തിലെ വിധവാ വിവാഹത്തിന് മുന്‍കയ്യെടുത്ത പുരുഷന്‍മാരെ അടയാളപ്പെടുത്തിയ ചരിത്രത്തില്‍ വിധവാ വിവാഹത്തിന് തയ്യാറായ സ്ത്രീകളെ പരാമര്‍ശിക്കാനായില്ല.
മുസ്‌ലിം സമുദായത്തിലെ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച പുരുഷന്‍മാരെ പേരെടുത്തു പറഞ്ഞപ്പോള്‍ വെളിച്ചത്തിലേക്ക് ഇറങ്ങിയ വന്ന സ്ത്രീകളെ കുറിച്ച് എവിടെയും എഴുതിക്കണ്ടില്ല.
ഒളിവില്‍ കഴിഞ്ഞ സഖാക്കളുടെ വിപ്ലവ വീര്യത്തെ കുറിച്ച് പാടിയപ്പോള്‍ ആ വീടകങ്ങളില്‍…അവര്‍ക്ക് വേണ്ടി കാവലിരുന്ന പെണ്ണുങ്ങളെ ചരിത്രത്തിന്റെ ഓരങ്ങളിലാണ് കണ്ടത്. ഇതൊക്കെ പഴയകാലം.
പിന്നീടങ്ങോട്ട് എന്ത് വളര്‍ച്ചയാണ് സ്ത്രീ രാഷ്ട്രീയത്തില്‍ ഉണ്ടായത്. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ പന്തല്‍ നിറക്കാന്‍ മാത്രം സ്ത്രീകള്‍…വേദി പങ്കിടാന്‍ ഒന്നോ രണ്ടോ പേര്‍.. പരിശോധിച്ചാല്‍ അറിയാം.. തെരഞ്ഞെടുപ്പുകളില്‍…പാര്‍ട്ടികളുടെ ഉന്നത സ്ഥാനങ്ങളില്‍…സ്ത്രീകള്‍ എത്രയുണ്ടെന്ന്.
പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള കണക്കുകള്‍ നോക്കാം. കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ , ബി.ജെ.പി ,മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നുള്ളവരും സ്വതന്ത്രരും ഉള്‍പ്പെടെ 437 വനിതകളാണ് ഇതുവരെ സ്ഥാനാര്‍ഥികളായത്.
84 വനിതാ എം.എല്‍.എമാരാണ് കേരള നിയമസഭയിലെത്തിയത്. നാല് ശതമാനത്തിന് താഴെയാണ് ഓരോ സഭയിലേയും സ്ത്രീപ്രാതിനിധ്യം. 1996 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ വനിതകള്‍ നിയമസഭാംഗങ്ങളായത്. 13 പേര്‍.
പിന്നീട് ഏഴ് അല്ലെങ്കില്‍ എട്ട്…അതിനുമേലെ കടന്നിട്ടില്ല. ആദ്യകാല വനിതാ എം.എല്‍.എമാരായ കെ.ആര്‍ ഗൗരിയമ്മ, ഐഷാ ഭായ്, റോസമ്മ പുന്നൂസ്, നഫീസത്ത് ബീവി തുടങ്ങിയ പ്രഗല്‍ഭരായ വനിതകള്‍ തെളിയിച്ച വഴിയില്‍ വലിയ മുന്നേറ്റമൊന്നുമുണ്ടായില്ല.
കെ. ആര്‍ ഗൗരിയമ്മ, സുശീല ഗോപാലന്‍, എം. കമലം, പി.കെ ശ്രീമതി ടീച്ചര്‍, പി.കെ ജയലക്ഷ്മി, കെ.കെ ശൈലജ ടീച്ചര്‍, ജെ.മേഴ്‌സുക്കുട്ടിയമ്മ എന്നീ ഏഴ് മന്ത്രിമാരാണ് ഉണ്ടായത്.
ഐഷാ ഭായ് ആദ്യ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി. നഫീസത്ത് ബീവി രണ്ടാം നിയമസഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍. ഭാര്‍ഗവി തങ്കപ്പന്‍ 1987ല്‍ താല്‍ക്കാലിക സ്പീക്കറായി.
ആദ്യ നിയമസഭാംഗമായിരുന്ന കെ.ആര്‍ ഗൗരിയമ്മ മൂന്ന് ഇടത് മന്ത്രിസഭയിലും ഒരു യു.ഡി.എഫ് നിയമസഭയിലും മന്ത്രിയായി. രണ്ട് തവണ ചേര്‍ത്തലയില്‍ നിന്നും എട്ട് തവണ അരൂരില്‍ നിന്നും നിയമസഭയിലെത്തി.
റോസമ്മ പുന്നൂസ്, എം കമലം, പി കെ ശ്രീമതി ടീച്ചര്‍, ശോഭനാ ജോര്‍ജ് ഉള്‍പ്പെടെയുള്ള 18 എം.എല്‍.എമാര്‍ രണ്ടും മൂന്നും തവണ ജനപ്രതിനിധികളായി. 2010ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 50 ശതമാനം സ്ത്രീ സംവരണം നടപ്പാക്കി.
അവസാനം നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 57 ശതമാനം പേരാണ് ഭരണരംഗത്തെത്തിയത്. നിയമസഭയിലും സംവരണമില്ലാതെ സ്ത്രീ പ്രാതിനിധ്യം കൂട്ടാനാവില്ല. ആദ്യമായാണ് മന്ത്രിസഭയില്‍ രണ്ട് വനിതകളെ ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയ്ക്ക് തിളക്കമേറിയെന്ന് മന്ത്രിസഭാ രൂപീകരണസമയത്ത് അഭിപ്രായങ്ങളുയര്‍ന്നു.
കാമ്പസുകളിലും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്രയോ കാലത്തിന് ശേഷമാണ് രണ്ട് പേര് എത്തുന്നത്. ഫാറൂഖ് കോളജിലെ മിന ഫര്‍സാനയും മഹാരാജാസ് കോളജിലെ മൃദുല ഗോപിയും. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം.. ഇങ്ങിനെ ചെറിയ തോതില്‍. പാര്‍ട്ടികളുടെ ഉന്നത സ്ഥാനങ്ങളില്‍ ആരൊക്കെ കാണും.
സ്ത്രീ ഉന്നമനത്തിന് പ്രാധാന്യം നല്‍കുന്ന ഇടത് പാര്‍ട്ടികളില്‍ അമരക്കാര്‍ കുറവാണ്. സി.പി.ഐ.എമ്മിന്റെ സെക്രട്ടറിയേറ്റില്‍ ഒരാള്‍…പി കെ ശ്രീമതി ടീച്ചര്‍. പി കെ ശ്രീമതി, എംസി ജോസഫൈന്‍, കെ കെ ശൈലജ, എന്‍ കെ രാധ, പി സതീദേവി, പി കെ സൈനബ, കെ പി മേരി. സി എസ് സുജാത, ജെ മേഴ്‌സിക്കുട്ടിയമ്മ, സൂസന്‍ കോടി, ടി.എന്‍ സീമ എന്നിവരാണ് സംസ്ഥാനകമ്മിറ്റിയിലെ 11 പേര്‍.
സി.പി.ഐ.എമ്മിന്റെ പവര്‍ഫുള്‍ പോസ്റ്റായ ഏരിയാ സെക്രട്ടറിയായി സ്ഥാനത്ത് എത്തിയത് ആലപ്പുഴയിലെ ചാരുംമൂട് നിന്ന് ജി. രാജമ്മയാണ്. സി.പി.ഐക്ക് ആണെങ്കില്‍ മണ്ഡലം സെക്രട്ടറിമാരില്‍ വനിതകളില്ല. സി.പി.ഐ.എമ്മിന് അഞ്ച് ലോക്കല്‍ സെക്രട്ടറിമാരുണ്ട്. സി.പി.ഐക്കും. സി.പി.ഐ.എമ്മിന് ജില്ലാകമ്മിറ്റികളില്‍ ചെറിയ രീതിയില്‍ മാത്രമേ സ്ത്രീ പ്രാതിനിധ്യമുള്ളൂ.
സി.പി.ഐക്ക് സ്റ്റേറ്റ് എക്‌സിക്യൂട്ടീവില്‍ രണ്ട് പേര്‍. കമലാ സദാനന്ദന്‍, ജെ ചിഞ്ചു റാണി. സ്റ്റേറ്റ് കൌണ്‍സിലില്‍ കമലാ സദാനന്ദന്‍, ആര്‍ ലതാ ദേവി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ജെ ചിഞ്ചു റാണി, അഡ്വ. സി ജി സേതുലക്ഷ്മി, ഇഎസ് ബിജി മോള്‍, ഷീലാ വിജയകുമാര്‍, ഈശ്വരി റേശന്‍, വിജയമ്മ ലാലി, ബി വിജയമ്മ അടങ്ങിയ 10 വനിതാ പ്രതിനിധികള്‍.
അതേസമയം കഴിവുള്ള സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അവസരം നല്‍കുമെന്നാണ് വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.
എല്ലാവരും തിരഞ്ഞെടുപ്പില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നത് ജയസാധ്യത ഇല്ലാത്ത സീറ്റുകളിലേക്കാണെന്നും വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് ജയിച്ച് മുന്നോട്ട് കയറാറുള്ള അവസരം ഇവര്‍ നല്‍കുന്നില്ലെന്നും സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ടി.എന്‍. സീമ പ്രതികരിച്ചു.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സംവരണം കൊണ്ടുവന്നതുപോലെ നിയമസഭയിലും സംവരണം കൊണ്ടുവന്നാല്‍ മാത്രമേ സ്ത്രീകളുടെ പ്രാധിനിത്യം ഉറപ്പിക്കാന്‍ കഴിയൂവെന്നും അവര്‍ പറയുന്നു.
സ്ത്രീകളെ കൂടാതെ സാമൂഹ്യ മാറ്റം സാധ്യമല്ല. കുടുംബത്തിനകത്തും പുറത്തും സ്ത്രീകള്‍ക്ക് തുല്യാവകാശം സാധ്യമാകുന്നത് സോഷ്യലിസ്റ്റ് സമൂഹത്തില്‍ മാത്രമാണ്. എല്ലാ സാമൂഹിക അസമത്വങ്ങളില്‍ നിന്നും പുറത്തു വന്നെങ്കില്‍ മാത്രമേ സ്ത്രീക്ക് പുരുഷനൊപ്പം അവകാശം നേടാനാവൂ.
ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന വികസന ബദലില്‍ സ്ത്രീ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളഥ്തില്‍ സ്ത്രീകള്‍ക്ക് വലിയ മുന്നേറ്റമുണ്ടായിട്ടുണ്ടെങ്കിലും രാജ്യമാകെ പരിശോധിക്കുമ്പോള്‍ നേട്ടങ്ങള്‍ പൂര്‍ണമല്ലെന്ന് കാണാം. ഇടതുബദലിനെ സ്ത്രീ മുന്നേറ്റത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്നും ടി.എന്‍ സീമ പറയുന്നു.
കോണ്‍ഗ്രസിലെ പ്രാതിനിധ്യം പരിശോധിച്ചാല്‍ കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതിയില്‍ ഒരാള്‍. ഷാനിമോള്‍ ഉസ്മാന്‍, കെ.പി.സി.സി ഭാരവാഹികള്‍ 7 പേര്‍. വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, ജനറല്‍ സെക്രട്ടറിമാരായ ലതിക സുഭാഷ്, പത്മജ വേണുഗോപാല്‍, സുമാ ബാലകൃഷ്ണന്‍, വത്സല പ്രസന്നകുമാര്‍, സെക്രട്ടറിമാരായ മറിയാമ്മ ചെറിയാന്‍, വിജയലക്ഷ്മി എന്നിവരാണ്.
നിലവില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ, നേരത്തെ കൊല്ലം ജില്ലയില്‍ നിന്ന് 1982 – 84 കാലത്ത് സരസ്വതി കുഞ്ഞികൃഷ്ണനാണ് പാര്‍ട്ടിയുടെ ഉന്നത സ്ഥാനമായ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒരാള്‍ ബ്ലോക്ക് പ്രസിഡന്റായി വന്നു. നാലോ അഞ്ചോ പേരുടെ സാന്നിധ്യം ബൂത്ത് തലങ്ങളിലുമുണ്ട്. മാറി മാറി ഭരിച്ചപ്പോള്‍ യു.ഡി.എഫിന് മൂന്ന് മന്ത്രിമാരാണുണ്ടായത്. കെ.ആര്‍ ഗൗരിയമ്മ, എം.കമലം, പി കെ ജയലക്ഷ്മി തുടങ്ങിയവരായിരുന്നു അവര്‍.
അതേസമയം പാര്‍ട്ടിയുടെ കാര്യമായ തീരുമാനമെടുക്കുന്ന ബോഡിയായ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീകള്‍ക്ക് അവസരം നല്‍കണമെന്നും അതിലേക്ക് സ്ത്രീകള്‍ കൂടുതലായി എത്തിപ്പെട്ടാലേ സ്ത്രീപ്രാധിനിത്യം ഉറപ്പിക്കാനാവൂവെന്നുമാണ് വിഷയത്തില്‍ ബിന്ദുകൃഷ്ണയുടെ പ്രതികരണം.
മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തക സമിതിയില്‍ രണ്ടുപേരാണുള്ളത്. സ്ത്രീ സംവരണം നടപ്പാക്കിയതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , നഗരസഭാ ചെയര്‍പേഴ്‌സണ്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ , മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ലീഗിനുണ്ടായി. അല്ലാതെ പാര്‍ട്ടിയുടെ അധികാര പദവികളിലൊന്നും സ്ത്രീകളില്ല.
നിയമസഭയിലേക്ക് ഒരിക്കല്‍ ഖമറുന്നിസ അന്‍വറിനെ കോഴിക്കോട് രണ്ടില്‍ നിന്ന് മത്സരിപ്പിച്ചു. പിന്നീട് അത്തരമൊരു നീക്കം ലീഗ് നടത്തിയില്ല. ബി.ജെ.പി.യുടെ കോര്‍ കമ്മിറ്റിയില്‍ ഒരാള്‍. ശോഭാസുരേന്ദ്രന്‍. സ്റ്റേറ്റ് കമ്മിറ്റിയില്‍ 13 പേരാണുള്ളത്. മൂന്ന് വൈസ് പ്രസിഡന്റുമാര്‍. ഒരു ജനറല്‍ സെക്രട്ടറി, ഒരു സെക്രട്ടറിയും ബിജെപിക്കുണ്ട്.
ഇടുക്കിയില്‍ ഒരു ജില്ലാ പ്രസിഡന്റ് ഉണ്ടായിരുന്നു. നിലവില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളായ വെല്‍ഫെയര്‍ പാര്‍ട്ടി. പോപ്പുലര്‍ ഫ്രണ്ടിനും വളരെ ചെറിയ ശതമാനം വനിതകളാണ് നേതൃനിരയിലുള്ളത്. തീരുമാനങ്ങളെടുക്കാനും പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാനും വളരെ കുറച്ച് പേരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളൂ.
അതേസമയം കഴിവുള്ള സ്ത്രീകളെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രാധിനിത്യം നല്‍കാന്‍ കഴിയാത്തത് എന്നാണ് വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം.
സ്ത്രീകള്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറയാനാവില്ല. സാമൂഹ്യമാധ്യമങ്ങളിലും മറ്റും സ്ത്രീകള്‍ പങ്കുവെക്കുന്ന രാഷ്ട്രീയം ഗൗരവമേറിയതാണ്. മുഖ്യധാരാ പാര്‍ട്ടികള്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കി മാറേണ്ട സമയം കഴിഞ്ഞെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയരുന്നത്.
കേരളത്തില്‍ ഉയര്‍ന്നുവരുന്ന സമീപകാല സമരങ്ങളെ നയിക്കുന്നത് സ്ത്രീകളാണ്. നിലനില്‍പിനായുള്ള സമരം. അത് സമരമായി കാണാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കഴിയുന്നില്ല. സെക്രട്ടറിയേറ്റ് പടിക്കല്‍ എത്ര സ്ത്രീകള്‍ സമരം നടത്തുന്നുണ്ട്.
ജാതി മതില്‍ പൊളിക്കാന്‍ നടത്തുന്ന സമരത്തില്‍ പെണ്ണുങ്ങളുണ്ട്. കാതിക്കുടത്തുണ്ട്. തിരുവനന്തപുരം മുക്കുന്നിമലയിലെ സംരക്ഷിക്കാന്‍ പാടുപെടുന്ന പെണ്ണുങ്ങളുണ്ട്. നഴ്‌സുമാരുടെ സമരത്തില്‍, ടെക്സ്റ്റയില്‍സ് തൊഴിലാളി സമരം സ്ത്രീകള്‍ നടത്തിയതായിരുന്നു.
കേരളത്തെ നടുക്കിയ കൊലപാതകങ്ങളും മരണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ഭാര്യമാരുണ്ട്..അമ്മമാരുണ്ട്. ഇതൊന്നും രാഷ്ട്രീയമല്ലേ…അവരെ കൂടി ഉള്‍ക്കൊണ്ടു കൊണ്ടുള്ള രാഷ്ട്രീയമല്ലേ ആവശ്യം.