സ്ത്രീ സമത്വം, തുല്യത കേരളത്തിലും ഇതിനുള്ള ശബ്ദം ഉയര്‍ന്ന് തുടങ്ങിയിട്ട് കാലങ്ങളായി. അധികാരം നേടുകയെന്നത് കൂടിയാണ് സമത്വവും തുല്യതയും. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ അതിന് മടിക്കുമ്പോള്‍ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ മാറ്റത്തിന് തുടക്കമിടുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെണ്‍കുട്ടികള്‍ സംവരണ സീറ്റുകളിലേക്ക് ഒതുക്കപ്പെടുകയായിരുന്നു പതിവ്. പെണ്‍കുട്ടികള്‍ കൂടുതലുള്ള കോളേജുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇത്തരം അവഗണനകളും പരാതികളും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയാണ് ഇന്നത്തെ ക്യാമ്പസ്. ജെന്‍ഡറല്ല , മറിച്ച് കഴിവ് മാനദണ്ഡമാകുന്നു. എറണാകുളം മഹാരാജാസും കോഴിക്കോട് ഫറൂഖ് കോളേജും, കാലടി സംസ്‌കൃത സര്‍വ്വകലാശാലയും ആ മാറ്റവുമായി മുമ്പേ നടക്കുകയാണ്. യൂണിയന്‍ നേതൃത്വത്തിലെ മൂന്ന് പെണ്‍കുട്ടികള്‍, മഹാരാജാസിലെ മൃദുല ഗോപി, ഫറൂഖ് കോളേജിലെ മിനാ ഫര്‍സാന, കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ അഞ്ജുന എന്നിവര്‍ വനിതാദിനത്തില്‍ ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
മിനാ ഫര്‍സാന, ഫറൂഖ് കോളേജ് ക്യാമ്പസ് യൂണിയന്‍
നീ ഒരു പെണ്ണായത് കൊണ്ട് നിനക്ക് അത് ചെയ്യാന്‍ പറ്റില്ലെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ ആ കാര്യം ചെയ്തു കൊണ്ടാണ് അതിന് മറുപടി കൊടുക്കേണ്ടത്. ചെയര്‍പേഴ്‌സണ്‍ ആയപ്പോള്‍ പലരും ചോദിച്ചു റിസര്‍വേഷനുണ്ടോയെന്ന്. കേരളത്തിലെ കോളേജുകളില്‍ 80% പെണ്‍കുട്ടികള്‍ പഠിക്കുമ്പോഴും നേതൃത്വത്തിലേക്ക് വരുന്നത് ആണ്‍കുട്ടികളാണ്. അത് തെറ്റാണെന്നല്ല. നേതൃത്വത്തിലേക്ക് പെണ്‍കുട്ടികള്‍ വരുമ്പോള്‍ അത് ആ ക്യാമ്പസിലെ പെണ്‍കുട്ടികള്‍ക്ക് മുഴുവന്‍ പ്രയോജനപ്പെടും. കാരണം പെണ്‍കുട്ടികളുടെ പല പ്രശ്‌നങ്ങളും ആണ്‍കുട്ടികളേക്കാള്‍ മനസിലാവുക പെണ്‍കുട്ടികള്‍ക്ക് തന്നെയാണ്.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പോലും ഇപ്പോള്‍ പെണ്‍കുട്ടികള്‍ പങ്കുവെയ്ക്കുന്നുണ്ട്. ചരിത്രം പുരുഷന്റേതാണ്. അതില്‍ നിന്ന് വ്യത്യസ്തമായി അവളുടെ ചരിത്രം എഴുതുകയാണ് ഞങ്ങള്‍. പലപ്പോഴും ചരിത്രത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാണിക്കപ്പെടുകയും സ്ത്രീകള്‍ വായിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. അതില്‍ നിന്നും മാറ്റം വേണമെന്ന ചിന്തയില്‍ നിന്നാണ് ഞങ്ങള്‍ “മേക്കിംഗ് ഹേര്‍ സ്‌റ്റോറി” എന്ന പരിപാടി സംഘടിപ്പിക്കാന്‍ കാരണം.
ജീവിതത്തില്‍ വിജയിച്ച പല സ്ത്രീകളുണ്ട്. അവരെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ്. സാധാരണക്കാരായ സ്ത്രീകള്‍ക്കാണ് മുന്‍ഗണന. അവരുടെ ജീവിതകഥ ഇവര്‍ക്ക് പ്രചോദനമാകും. സംഘടനയില്‍ നിന്നും കോളേജില്‍ നിന്നും എല്ലാവരും പിന്തുണയ്ക്കുന്നു. മുസ്‌ലിം ലീഗ് സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കാത്ത പാര്‍ട്ടിയാണെന്ന് വിമര്‍ശനമുണ്ട്. എന്റെ അനുഭവം അങ്ങനെയല്ല. രാഷ്ട്രീയ പാരമ്പര്യം വലിയ ഘടകമല്ല. അധ്യാപകരും നന്നായി പിന്തുണയ്ക്കുന്നു.
മൃദുല ഗോപി, മഹാരാജാസ് കോളേജ് ക്യാമ്പസ് യൂണിയന്‍
മഹാരാജാസിന്റെ ചരിത്രത്തില്‍ ആദ്യമായി യൂണിയന്‍ നേതൃത്വത്തില്‍ ഒരു പെണ്‍കുട്ടി വരുന്നു എന്നത് കൊണ്ട് വലിയ പിന്തുണ കിട്ടി. സോഷ്യല്‍ മീഡിയ ഒരു സെലിബ്രിറ്റിയായി മാറ്റി. തെരഞ്ഞെടുപ്പിന് ശേഷം വലിയൊരു അധികാരമാണ് കൈയ്യിലേക്ക് കിട്ടിയത്. ഇത്രനാള്‍ ആണ്‍കുട്ടികള്‍ കൈകാര്യം ചെയ്ത പദവിയിലേക്ക് പെണ്‍കുട്ടി വരുമ്പോള്‍ എങ്ങനെയായിരിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുകയായിരുന്നു. അത് വലിയ വെല്ലുവിളി കൂടിയായിരുന്നു. ഉത്തരവാദിത്വവും കൂടും. മാത്രമല്ല ഞാനാണ് മാതൃക.
ഇനി വരുന്ന പെണ്‍കുട്ടിക്ക് ആ അധികാരം കിട്ടണമെങ്കില്‍ ഞാന്‍ നന്നായി ചെയ്യണം. കൂടെയുള്ളവരെല്ലാം നല്ല പിന്തുണ നല്‍കി. പെണ്‍കുട്ടി എന്ന നിലയില്‍ എവിടെയും മാറി നില്‍ക്കേണ്ടി വന്നില്ല. ക്യാമ്പസിന് അകത്തും പുറത്തും നല്ല പിന്തുണ കിട്ടി. സംഘടനാപരമായ ഉത്തരവാദിത്വം കൂടിയായപ്പോള്‍ ആദ്യം ഒരു പേടി തോന്നി. പിന്നീട് നല്ല ആത്മവിശ്വാസമായി. എല്ലാത്തിനേയും നേരിടാനുള്ള കരുത്ത് കിട്ടി. ക്യാമ്പസിലെ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇപ്പോള്‍ എല്ലാവരും കൂടെ നില്‍ക്കുന്നു.
അഞ്ജുന കെ.എം, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍
പെണ്‍കുട്ടികളുടെ പാനലിനെ അവതരിപ്പിച്ചത് തന്നെ സംവരണത്തിന് അപ്പുറം കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് അവസരം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അവര്‍ക്കും സമൂഹത്തിന് വേണ്ടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക. അധ്യാപകരുള്‍പ്പെടെ ചോദിച്ചിരുന്നു നിങ്ങളെ കൊണ്ട് ഇത് നടക്കുമോയെന്ന്. വലിയ ഉത്തരവാദിത്വമല്ലേ..? പെണ്‍കുട്ടികളെ കൊണ്ട് നടക്കുമോ എന്നതായിരുന്നു ഞാനുള്‍പ്പെടെ ഉള്ളവര്‍ നേരിട്ട ചോദ്യം. ഇപ്പോള്‍ ആ സംശയങ്ങള്‍ക്ക് പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കുകയാണ്.
ക്യാമ്പസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥിനികളാണ്. സമരങ്ങളിലുള്‍പ്പെടെ കൂടുതല്‍ പങ്കെടുക്കുന്നതും പെണ്‍കുട്ടികളാണ്. അവര്‍ അങ്ങനെ കൂട്ടമായി മാറി നില്‍ക്കേണ്ടവരല്ലല്ലോ. ഇപ്പോള്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും ആത്മവിശ്വാസമായി. ക്യാമ്പസിലെ വിഷയങ്ങളിലും കൂടുതലായി പെണ്‍കുട്ടികള്‍ ഇടപെടുന്നു. ഞങ്ങളുടെ ലക്ഷ്യം യാഥാര്‍ത്ഥ്യമാകുകയാണ്. പ്രതിസന്ധികളില്‍ തളരില്ലെന്ന ആത്മവിശ്വാസമാണ് വ്യക്തിപരമായി എനിക്കുണ്ടായ നേട്ടം. ഏത് ഉത്തരവാദിത്വവും വെല്ലുവിളിയായി ഏറ്റെടുക്കാനും കഴിയും.